Saturday, December 27, 2008

മലബാര്‍ ഗോള്‍ഡിന്റെ ഒരു പരസ്യഹോര്‍ഡിംഗില്‍ ....

തൂവല്‍സ്പര്‍ശവും സ്നേഹസ്പര്‍ശവും -പറഞ്ഞുപഴകിയ പ്രയോഗങ്ങള്‍. ഇത്തരം സ്പര്‍ശം ഒരിടത്തുതന്നെ പല വട്ടം ആവര്‍ത്തിച്ചാലോ? മലബാര്‍ ഗോള്‍ഡിന്റെ ഒരു ഹോര്‍ഡിംഗില്‍ രണ്ടു തവണയാണ് സ്വര്‍ണസ്പര്‍ശം എന്ന് എഴുതിയിരിക്കുന്നത്.ഒരു തവണ സ്വര്‍‘ണ്ണ’സ്പര്‍ശമാ ണെങ്കില്‍ രണ്ടാമതുളളത് സ്വര്‍‘ണ’സ്പര്‍ശം ആണ്. ഈ ആവര്‍ത്തനം അത്ര നിസ്സാരമല്ല. പരസ്യത്തിന്റെ, അതു വഴി സ്ഥാപനത്തിന്റെ ഇമേജിനാണ് ഇതിന്റെ കുഴപ്പം. മംഗ‘ല്ല’്യവേളയില്‍ എന്നെഴുതിയതിലെ ‘ല്ല’ എന്ന ഇരട്ടിപ്പും അരോചകമായിട്ടുണ്ട്. ആത്മബന്ധത്തിന്റെ സ്വര്‍ണസ്പര്‍ശം എന്നെഴുതാനുപയോഗിച്ച ലിപിയും അത്ര മികച്ചതൊന്നുമല്ല. പത്രത്തിലും ടിവിയിലുമെല്ലാം നല്ല പരസ്യങ്ങള്‍ ചെയ്യാറുള്ള കമ്പനിയുടെ ഹോര്‍ഡിംഗ് ഇത്തരത്തില്‍ നിരുത്തരവാദപരമായി ചെയ്തത് ഉചിതമായില്ല.

‘തൂവെള്ളപ്പൂക്കള്‍ തന്‍ പുഞ്ചിരി പോല്‍ അമ്പിളിക്കലപരസ്യങ്ങള്‍

കാല്‍നൂറ്റാണ്ടോളമായി എല്ലാ പ്രഭാതങ്ങളിലും കേരളീയഗൃഹങ്ങളില്‍ ചിറകടിച്ചെത്തിയിരുന്ന കാവ്യശകലമാണ് ഉജാലയ്ക്കു വേണ്ടി തയ്യാറാക്കിയ ‘തൂവെള്ളപ്പൂക്കള്‍ തന്‍ പുഞ്ചിരി പോല്‍ വെള്ളയുടുപ്പിന്നുജാല തന്നെ’ എന്നു തുടങ്ങുന്ന പരസ്യം. നാല്പതു പിന്നിട്ട മലയാളിയുടെ മ നസ്സില്‍ ഗൃഹാതുരത്വമായി ഇന്നും നിലനില്‍ക്കുന്ന വരികള്‍. ഉജാലയ്ക്കു വേണ്ടി പരസ്യങ്ങള്‍ തയ്യാറാക്കിയിരുന്ന അമ്പിളിക്കല എന്ന പരസ്യഏജന്‍സിയുടെ അമരക്കാരനായ പുഴക്കാട്ടിരി കുട്ടിശ്ശങ്കരമേനോന്റെ (ഈയിടെയായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം) രചനകള്‍ കുറത്തിപ്പാട്ട,് അക്ഷരശ്ളോകം , ഓട്ടന്‍ തുള്ളല്‍, ലഘുനാടകം എന്നിങ്ങനെ പല രൂപത്തില്‍ റേഡിയോയിലെ സജീവസാന്നിദ്ധ്യമായിരുന്നു. കാലാവര്‍ത്തിയായ ആ രചനകള്‍ വല്ലപ്പോഴുമൊക്കെ റേഡിയോ പരസ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ഉജാല കമ്പനി തയ്യാറായെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ ധാരാളമുണ്ടാകും.

ചടുലസുന്ദരമാകട്ടെ ഇനി മനോരമ പരസ്യവും.

തലേന്നത്തെ വാര്‍ത്തകളുമായി പിറ്റേന്ന് രാവിലെ മാത്രം വായനക്കാരിലെത്താനേ പത്രങ്ങള്‍ക്കാവൂ. ലൈവും ഫ്ളാഷ് ന്യൂസുമൊന്നും അവയ്ക്കു പറ്റില്ലല്ലോ. വാര്‍ത്തയെത്തിക്കുന്നതിലെ ഈ മെല്ലെപ്പോക്ക് മറികടക്കാനാവാത്തതാണ്. എന്നാല്‍ പത്രത്തെക്കുറിച്ച് റേഡിയോയില്‍ കൊടുക്കുന്ന പരസ്യമെങ്കിലും അല്പം ദ്രുതകാലത്തിലാക്കിക്കൂടെ? (കാലം സുപ്രഭാതം , രാഗം കേരളീയം എന്നു തുടങ്ങുന്ന പരസ്യം) മലയാള മനോരമ പത്രം, പ്രചാരത്തിലുളള അതിന്റെ ഗതിവേഗം ആകാശവാണിയില്‍ കൊടുത്തിട്ടുളള പരസ്യത്തിലൂടെ ശ്രോതാക്കളെ അനുഭവിപ്പിക്കുന്നില്ല.വര്‍ഷങ്ങള്‍ക്കു മുമ്പ് തയ്യാറാക്കിയ ആ പരസ്യമൊന്ന് മാറ്റാന്‍ പത്രവുമായി ബന്ധമുള്ള, പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിടുക്കന്മാര്‍ക്ക് അധികസമയം വേണ്ടി വരില്ല. ചടുലസുന്ദരമാകട്ടെ ഇനി മനോരമയുടെ പരസ്യവും. ചടുലസുന്ദരമെന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്നത് ഏഷ്യന്‍ പെയിന്റ്സിന്റെ ടിവി പരസ്യങ്ങളാണ്- വര്‍ണമനോഹരമാമീ മാളിക ....., പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം ....., പെയിന്റു മാറി....എന്നിവ വായനക്കാരും മറന്നിട്ടുണ്ടാവില്ല. അത്രയ്ക്കൊന്നുമായില്ലെങ്കിലും, മാതൃഭൂമി ദിനപത്രത്തിന്റെ ക്ളാസിഫൈഡ്സ് വിഭാഗത്തിനു വേണ്ടി തയ്യാറാക്കിയ ‘എന്തൊരു റെസ്പോണ്‍സ്’ പരസ്യങ്ങളുടെ മട്ടിലെങ്കിലും ആവേണ്ടതുണ്ട് മനോരമയുടെ പരസ്യവും.

ഓണക്കാലത്ത് പട്ടാമ്പിയിലെ റോഡുകളിലൂടെ

ഇക്കഴിഞ്ഞ ഓണക്കാലത്ത് പട്ടാമ്പിയിലെ റോഡുകളിലൂടെ ഒരു കച്ചവടസ്ഥാപനത്തിന്റെ പരസ്യ പ്ളോട്ടുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ചുറ്റിക്കറങ്ങുകയുണ്ടായി. പ്രത്യേകിച്ച് ഒരൌണ്‍സുമെന്റു പോലു മില്ലാതെയാണ് വഴിയാത്രക്കാരില്‍ കൌതുകം ജനിപ്പിക്കുന്ന രൂപങ്ങളുമായി നാലു വാഹനങ്ങള്‍ നീങ്ങിയത്. പ്ളോട്ടുകളിലെ കഥാപാത്രങ്ങളുടെ ചില ശബ്ദങ്ങള്‍ മാത്രമാണ് കേള്‍പ്പിച്ചിരുന്നത്. സാധാരണ വലിപ്പത്തില്‍ എഴുതിയ ഒരു ബോര്‍ഡില്‍ നിന്നു വേണം ഇത് ഏത് സ്ഥാപനത്തിന്റെ പരസ്യത്തിന്റെ ഭാഗമായിരുന്നു എന്ന് മനസ്സിലാക്കുവാന്‍. സ്വന്തം സ്ഥാപനത്തിന്റെ പേര് കഴിയുന്നത്ര ഉറക്കെ ,കഴിയുന്നത്ര വലിപ്പത്തില്‍ , കഴിയുന്നത്ര തവണ കേള്‍വിക്കാരിലും കാഴ്ചക്കാരിലും എത്തിക്കുന്ന പതിവുപരസ്യരീതിയില്‍ നിന്ന് വ്യത്യസ്തമായ ഈ രീതിയോട് പൊതുജനത്തിന് നല്ല മതിപ്പ് തോന്നിയിട്ടുണ്ടാകുമെന്നുറപ്പാണ്.

Tuesday, December 23, 2008

മഞ്ജു കുട്ടികൃഷ്ണനെ ഉള്ളുതുറന്ന് .......

ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഡോ പി ഭാനുമതിയെക്കുറിച്ച് ദേശാഭിമാനി പത്രത്തിലെ പെണ്‍തിളക്കം എന്ന പംക്തിയിലെഴുതിയ മഞ്ജു കുട്ടികൃഷ്ണനെ ഉള്ളുതുറന്ന് അഭിനന്ദിക്കാതെ വയ്യ. മറ്റേതു മേഖലയിലെ സ്ത്രീത്തിളക്കത്തേക്കാളുമേറെ മേന്മയുളള ജീവകാരുണ്യപ്രവര്‍ത്തനത്തെ ഉയര്‍ത്തിക്കാണിക്കാന്‍ ലേഖിക തയ്യാറായല്ലോ. പക്ഷേ അശ്രദ്ധ കൊണ്ട് ലേഖിക ഒരു തെറ്റ് ചെയ്തിരിക്കുന്നു. ഡോ. ഭാനുമതി തന്റെ സ്ഥാപനത്തിന് ഒരു പേരിട്ടു. ചില ഉദ്ദേശലക്ഷ്യത്തോടെയാണ് ആ പേരിട്ടുളളതെന്ന് അവരുമായി അല്പനേരം സംസാരിക്കുന്നവര്‍ക്കു പോലും മനസ്സിലാവും. മാനസികമായി വെല്ലുവിളി നേരിടുന്നവരോട് കാണിക്കേണ്ട മാതൃസഹജമായ സ്നേഹം തന്റെ സ്ഥാപനത്തിന് ആ പേരിടുമ്പോള്‍ ഡോ. ഭാനുമതി മനസ്സില്‍ കണ്ടിരിക്കും. സ്വന്തം മക്കള്‍ മരിച്ചതിനു ശേഷം മാത്രമേ താന്‍ മരിക്കാവൂ എന്ന് പ്രാര്‍ഥിക്കേണ്ടി വന്ന സ്വന്തം അമ്മയെയും ചിലപ്പോള്‍ അവര്‍ ഓര്‍ത്തിരിക്കാം.(ബുദ്ധിമാന്ദ്യമുളള മക്കളുളള ഏതമ്മയും പ്രാര്‍ഥിക്കുംപോലെയായിരുന്നു അവരും പ്രാര്‍ഥിച്ചത്) അസോസിയേഷന്‍ ഫോര്‍ മെന്റലി ഹാന്റികാപ്ഡ് അഡള്‍ട്ട്സ് എന്നതിന്റെ ചുരുക്കമായി അങഒഅ എന്ന് എഴുതുമ്പോള്‍ അവര്‍ ഒരു അമ്മയെ കൂടി മുന്നിലേക്കി നീക്കി നിര്‍ത്തുകയാണ് ചെയ്തത്.ലേഖിക റിപ്പോര്‍ട്ടിലുടനീളം ഈ അമ്മയെ മറന്ന് അല്ലെങ്കില്‍ തിരിച്ചറിയാതെ എഎംഎച്ച്എ എന്നു മാത്രം പ്രതിപാദിച്ചു. ബോധപൂര്‍വ്വം ലേഖിക അതു ചെയ്യാനിടയില്ല.

more editions less news !

പത്രങ്ങള്‍ക്ക് എഡിഷന്‍ കൂടുന്തോറും വായനക്കാര്‍ക്കാണ് ബുദ്ധിമുട്ട്. ഒരു എഡിഷന്‍ പരിധിയിലെ അതിശയമാന വാര്‍ത്തകള്‍ പോലും അവര്‍ മറ്റു പ്രദേശത്തുകാരെ കാണിക്കാതെ പൂഴ്ത്തി വയ്ക്കും. കുറച്ചുമുമ്പ് മലപ്പുറം ജില്ലയിലെ ഒരു വിദ്യാലയത്തിലെ ഒരു മഹാസംഭവം എല്ലാ പത്രങ്ങളും കൂടി ജില്ലാ എഡിഷനുകളില്‍ അമുക്കിക്കളഞ്ഞു. വാര്‍ത്തയിതാണ് - ഒരു സ്കൂളിലെ 1455 കുട്ടികള്‍ തയ്യാറാക്കിയ 1455 കയ്യെഴുത്തു മാസികകള്‍ സ്കൂള്‍ അസംബ്ളിയില്‍ ഒരുമിച്ച് പ്രകാശനം ചെയ്യപ്പെട്ടു. മലപ്പുറം എയുപി സ്കൂളിലെ കുട്ടികളുടെ ഈ മഹത്തായ ദൌത്യത്തെക്കുറിച്ചുളള റിപ്പോര്‍ട്ട് മലയാള മനോരമയില്‍ വന്നത് ഇതെഴുതുന്ന ആള്‍ക്ക് കാണാനായത് മലപ്പുറം ജില്ലയില്‍ താമസിക്കുന്ന ഒരാള്‍ ആ സചിത്രവാര്‍ത്തയുടെ കട്ടിങ് എത്തിച്ചുതന്നതു കൊണ്ട് മാത്രമാണ്. രണ്ടു ദിവസം കഴിഞ്ഞാണെങ്കിലും വീട്ടില്‍ വരുത്തുന്ന മനോരമയില്‍ അതു വായിക്കാന്‍ കഴിയുമെന്ന് കരുതി. പക്ഷെ നടന്നില്ല. മനോരമയെ മാത്രം പഴിക്കേണ്ട. മറ്റൊരു പത്രവും അവസരത്തിനൊ ത്തുയരാന്‍ ശ്രമിച്ചതായി അറിവില്ല. ആരും ഈ വാര്‍ത്തയെ എഡിഷന്‍ അതിര്‍ത്തി കടത്താന്‍ തയ്യാറായിട്ടുണ്ടാവില്ലെന്നു കരുതാനേ ന്യായമുളളു. ഏതു തരം വാര്‍ത്തകളാണ് ഇക്കൂട്ടര്‍ മറ്റ് എഡിഷനിലേക്ക് പകര്‍ന്നു കൊടുക്കുന്നത് എന്ന് നമുക്കേവര്‍ക്കുമറിയാം. വിദ്യാഭ്യാസരംഗത്തെ ഒരു നൂതനപ്രവണതയെ ഇങ്ങനെ തമസ്കരിക്കുന്നത് ഏത് മാധ്യമസിന്‍ഡിക്കേറ്റിന്റെ തീരുമാനമായാലും കൊളളാം വിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവരോടുളള പാതകമാണെന്നേ പറയാനാവൂ.

Thursday, December 18, 2008

koppam bus stand

കൊപ്പം ബസ് സ്റാന്റിന് ഒരു കുറവേയുള്ളൂ. അതിന്റെ പ്രവേശനകവാടത്തിലുറപ്പിച്ച വലിയ ബോര്‍ഡില്‍ സ്റാന്റിലേക്ക് വിളിക്കാനുള്ള ഫോണ്‍ നമ്പറിന്റെ കുറവ് മാത്രം. സാരമില്ല, ബസ് സ്റാന്റുമായി ബന്ധപ്പെടാനുള്ള തപാല്‍ വിലാസം (പിന്‍കോഡ് സഹിതം) കൃത്യമായി കൊടുത്തിട്ടുണ്ട്. ഇതിനകം എത്ര പേര്‍ സ്റാന്റിന്റെ വിലാസത്തില്‍ കൊപ്പം പോസ്റോഫീസി ........ സോറി , പുലാശ്ശേരി പോസ്റോഫീസിലേക്ക് കത്തെഴുതിയിട്ടുണ്ട് എന്നറിയില്ല.

Sunday, March 2, 2008

1.പട്ടാമ്പി നേര്‍ച്ച ,സോറി ,ദേശീയോത്സവം

പട്ടാമ്പി നേര്‍ച്ച ,സോറി ,ദേശീയോത്സവം ഇന്നാണ്‌(മാര്‍ച്ച്‌ രണ്ട്‌)ഒരു ബ്ളോക്ക്‌ കേന്ദ്രത്തില്‍ നടക്കുന്ന ആഘോഷത്തെ ഒരു നാഷണല്‍ ഫെസ്റ്റിവല്‍ ആക്കാന്‍ കച്ചവടക്കാര്‍ക്കും മറ്റും താത്പര്യമുണ്ടാവാം. എന്നാല്‍ ഈ പെരും നുണയ്ക്ക്‌ മാധ്യമങ്ങള്‍ ചൂട്ടു പിടിക്കുന്നത്ന്തിനാണ്‌ ?പല പത്രങ്ങളും സംഘാടകരുടെ ചുവടു പിടിച്ച്‌ ദേശീയോത്സവം എന്നു തന്നെ എഴുതി. മറ്റു ചിലര്‍ ദേശീയോത്സവം എന്ന വാക്ക്‌ എവിടെയെങ്കിലും കൊള്ളിച്ച്‌ തൃപ്തിയടഞ്ഞു.ഉദാ : വള്ളുവനാട്ടിലെ ദേശീയോത്സവങ്ങളിലൊന്നായ പട്ടാമ്പി നേര്‍ച്ച....., പട്ടാമ്പി നേര്‍ച്ച ദേശീയോത്സവമായി ആഘോഷിക്കും.........എന്നിങ്ങനെ. മനോരമ പത്രത്തില്‍ ഒന്നു രണ്ടിടത്ത്‌ നേര്‍ച്ച എന്നു മാത്രമേ കണ്ടുള്ളു.മുന്‍പൊരു ദിവസവും ഈ പത്രം നേര്‍ച്ച എന്നേ ഇതിനെ പറഞ്ഞുള്ളു.തൃത്താലക്കാരോ മറ്റോ അവരുടെ നേര്‍ച്ചയെ വിശേഷിപ്പിച്ചത്‌ ദേശോത്സവം എന്നായിരുന്നുസത്യത്തില്‍ അത്രയേ ആവശ്യവുമുള്ളു.

2..നടന്‍ ഗോപിയുടെ ചരമവാര്‍ത്തക്ക്‌ മനോരമ തലക്കെട്ട്‌

നടന്‍ ഗോപിയുടെ ചരമവാര്‍ത്തക്ക്‌ മലയാളമനോരമ ൨൦൦൮ ജനുവരി ൩൦-പാലക്കാട്‌ എഡിഷന്‍) നല്‍കിയ തലക്കെട്ട്‌ ശ്രദ്ധേയമായി.ഗോപിയുടെ പ്രശസ്ത സിനിമയുടെ പേരായ "യവനിക" എന്ന വാക്ക്‌ അന്വര്‍ഥമായി തന്നെ പ്രയോഗിച്ചിട്ടുള്ള ഈ വാര്‍ത്തയില്‍, പക്ഷെ കാര്യമായ ഒരു പോരായ്മയുണ്ട്‌:'ബി.ജെ.പി.സാംസ്കാരികവിഭാഗം സംസ്ഥാനകണ്‍വീനറാണ്‌ ഗോപി 'എന്ന വാക്യം കൊണ്ട്‌ ആ മഹാനടനെ ഒരു ചെറുകള്ളിയിലൊതുക്കുകയാണ്‌ മനോരമ ചെയ്തത്‌. എന്നാല്‍ മാതൃഭൂമിയില്‍ പ്രധാന വാര്‍ത്തയിലോ ഗോപിയെപ്പറ്റിയുള്ള മറ്റഫീച്ചറുകളിലോ ഈ മഹാകണ്ടെത്തല്‍ വായിക്കാന്‍ കഴിഞ്ഞില്ല.ഏതായാലും, കലാകാരന്‍മാരൊക്കെ ഇടതുപക്ഷക്കാരാണെന്ന ധാരണ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതു തിരുത്താന്‍ കഴിഞ്ഞു എന്ന്‌ പത്രത്തിന്‌ ചാരിതാര്‍ഥ്യമടയാം. മാതൃഭൂമിയില്‍ വായിച്ച ബി.ജെ.പി പ്രസിഡണ്റ്റിണ്റ്റെ അനുശോചനസന്ദേശത്തില്‍ നിന്ന്‌ ഗോപിയുടെ ബി.ജെ.പി ബന്ധത്തിണ്റ്റെ സാധുത ബോധ്യപ്പെട്ടുവെങ്കിലും മനോരമ ചെയ്ത അബദ്ധത്തിന്‌ ന്യായീകരണമില്ല.ഒരു ചോദ്യം കൂടി ബാക്കിയുണ്ട്‌: പരേതന്‍ പു.ക.സ. യുടെ സംസ്ഥാന കണ്‍ വീനറായിരുന്നുവെങ്കില്‍ അക്കാര്യമനോരമ ഇതേ ശുഷ്കാന്തിയോടെ സൂചിപ്പിക്കുമായിരുന്നുവോ

3.പരസ്യത്തില്‍ ഒരു പെണ്‍കുട്ടി

പത്താം ക്ളാസ്സുകാര്‍ക്കായി എസ്‌ എസ്‌ എല്‍ സി പഠനസഹായി പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച പരസ്യത്തില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രത്തിന്‌ പ്രസക്തി ഇല്ലെന്നാരും പറയില്ല.ആ കുട്ടിക്ക്‌ സായിപ്പുകുട്ടിയുടെ നീലക്കണ്ണുകള്‍ വരച്ചുചേര്‍ത്തത്‌ കൂടി കണ്ടാലോ ? കേരളത്തിലെ കുട്ടിക്ക്‌ നീലക്കണ്ണ്‌ എന്തിനാണെന്നു മാത്രം ആര്‍ക്കും മനസ്സിലാവുമെന്നു തോന്നുന്നില്ല.

"പറക്കമുറ്റാത്ത സഹോദരങ്ങള്‍ക്ക്‌ താങ്ങായി പന്ത്രണ്ടുകാരി"

"പറക്കമുറ്റാത്ത സഹോദരങ്ങള്‍ക്ക്‌ താങ്ങായി പന്ത്രണ്ടുകാരി" -ഫിബ്രവരി രണ്ടിലെ ദേശാഭിമാനിയില്‍ വന്ന ഒന്നാം തരം ഹ്യൂമന്‍ ഇണ്റ്ററസ്റ്റ്‌ സ്റ്റോറി !പേരിടാത്ത നാലുമാസക്കാരിയുള്‍പ്പെടെയുള്ള മൂന്ന്‌ കൂടപ്പിറപ്പുകളെ പോറ്റിവളര്‍ത്തേണ്ടി വന്ന ആറം ക്ളാസ്സുകാരിയുടെ കഥ കണ്ടെത്തിയ ബത്തേരി ലേഖകനെ എത്രഅഭിനന്ദിച്ചാലും മതിയാവില്ല. പക്ഷെ , പത്രത്തിണ്റ്റെ എഡിറ്റര്‍ക്ക്‌ ഒരു ബൈ ലൈന്‍ കൊടുക്കാന്‍ ുഛഹൌാതോന്നിയില്ല.പത്രസമ്മേളനം വഴി ലഭിച്ച വാര്‍ത്തക്ക്‌ പോലും ലേഖകണ്റ്റെ പേര്‌ പത്രത്തില്‍ കൊടുക്കുന്നു എന്ന അതിശയോക്തിക്കൊന്നും മുതിരുന്നില്ല.(സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെണ്റ്റ്‌ മുഖേന കിട്ടിയ വാര്‍ത്ത തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട്‌ പത്രങ്ങളില്‍ വായിച്ച്‌ അത്ഭുതപ്പെട്ട ഓര്‍മ ഇപ്പോഴും മനസ്സിലുണ്ട്‌. )

പാരമ്പര്യമായി കിട്ടുന്ന ഒരാളുടെ വീട്ടുപേര്‌


ഒരാളുടെ വീട്ടുപേര്‌ അയാള്‍ക്ക്‌ പാരമ്പര്യമായി കിട്ടുന്നതാണ്‌. മുന്‍ തലമുറയുമായി അത്‌ അയാളെ എന്നന്നേക്കുമായി ബന്ധപ്പെടുത്തുന്നു.വീട്ടുപേരു ചൊല്ലി കളിയാക്കുന്നത്‌ ഒരാളുടെ പിതൃത്വം ചോദ്യം ചെയ്യുന്നതിനു തുല്യമാണ്‌. എന്തു കാരണമുണ്ടായാലും മാന്യന്‍മാര്‍ അപരനെ അയാളുടെ സാന്നിധ്യത്തിലോ അസാന്നിധ്യത്തിലോ വീട്ടുപേരു പറഞ്ഞ്‌ അധിക്ഷേപിക്കില്ല. (വംശീയാധിക്ഷേപത്തിണ്റ്റെ അത്ര വരില്ലെങ്കിലും അത്ര നിസ്സാരമല്ലിതും.)ഗ്രൂപ്പ്‌ സംബന്ധിച്ചുള്ള വാര്‍ത്തയില്‍, അപ്രതീക്ഷിതമായി ഗ്രൂപ്പ്‌ മാറി എന്നാരോപിക്കപ്പെട്ട ആള്‍ചെയ്തത്‌ കോട്ട മുറിക്കുന്നതിനു തുല്യമായ പണിയാണ്‌ എന്ന്‌ ആലങ്കാരികമായി പറയാം. ഗോപി കോട്ടമുറിക്കല്‍ എന്ന മാന്യ വ്യക്തിയെ ആണ്‌ ഈ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നതെങ്കില്‍ വീട്ടുപേരുപയോഗിച്ചുള്ള കളി അതിരുകടന്നതാണെന്നേ ആരും പറയുകയുള്ളു. മലപ്പുറം ജില്ലയിലെ നാട്ടുമ്പുറങ്ങളില്‍ വീട്ടുപേരിന്‌ 'ഉല്‍ പ്പം എന്നു പറയാറുണ്ട്‌. ഉത്ഭവം എന്ന വാക്കില്‍ നിന്നാണോ ഇതുണ്ടായതെന്ന്‌ അറിഞ്ഞുകൂട. ഏതായാലും അവിടത്തുകാര്‍ പറയുമ്പോലെ ഉല്‍ പ്പത്തില്‍ തൊട്ടുകളിക്കരുതെന്ന്‌ വിരല്‍ ചൂണ്ടാന്‍ ആരും വരാതിരിക്കുവോളം ഇത്തരം കൊഞ്ഞനം കുത്തലുകള്‍ പത്രങ്ങളില്‍ ഇനിയും വായിക്കേണ്ടി വരും. (എച്ച്‌.എം.ടി ഭൂമിയില്‍ ഗോപി കോട്ട മുറിച്ചു. വാര്‍ത്ത മനോരമ ഒന്നാം പേജ്‌, ഫിബ്രവരി മൂന്ന്‌)

സിസോ ബുക്സിണ്റ്റെ യോഗയുംധ്യാനവുംവീഡിയോ സി.ഡി.

സിസോ ബുക്സിണ്റ്റെ യോഗയും ധ്യാനവും എന്ന വീഡിയോ സി.ഡി.കണ്ടു. യോഗാചാര്യ ശ്രീകണ്ഠന്‍ നായരുടെ യോഗമുറകള്‍ ചിത്രീകരിച്ചിട്ടുള്ള സി.ഡിയുടെ അവതാരകന്‍ അശ്വമേധം ഫെയിം പ്രദീപ്‌ ആണ്‌.പൊതുവെ സാങ്കേതികത്തികവുള്ളതെന്നു പറയാവുന്നതാണു ഈ സി.ഡി. പക്ഷെ , യോഗപഠനത്തില്‍ ഇത്തരം സി.ഡികള്‍ എന്തു പ്രയോജനമാണ്‌ ചെയ്യുന്നത്‌? യോഗപാഠങ്ങള്‍ വിവരിക്കുന്ന ഒരു സചിത്രപുസ്തകത്തേക്കാള്‍ എന്തു ഗുണമാണ്‌ ഇതു കൊണ്ടുള്ളത്‌? എം.കെ ശ്രീധരന്‍ രചിച്ച്‌ , സിസോ ബുക്സ്‌ പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള പുസ്തകത്തിണ്റ്റെ കൂടെയുള്ള ഈ സി.ഡി., പുസ്തകം വായിച്ചുകിട്ടിയ, ഒരാളുടെ അറിവിനെ ഏതു രീതിയിലാണ്‌ മെച്ചപ്പെടുത്തുക എന്നറിയുന്നില്ല. സി.ഡി യില്‍ (പുസ്തകത്തിലും) യോഗമുറകള്‍ അവതരിപ്പിച്ചിട്ടുള്ള ക്രമത്തിണ്റ്റെ കാര്യത്തിലും വിയോജിപ്പുണ്ട്‌.നിന്നു കൊണ്ട്‌ ചെയ്യേണ്ട യോഗാഭ്യാസങ്ങളാണ്‌ ഏറ്റവും ആദ്യം കൊടുത്തിട്ടുള്ളത്‌.ഇത്‌ ഒരു തുടക്കക്കാരന്‌ എത്ര മാത്രം സഹായകമാവും? മറ്റു പല പഠനപദ്ധതികളിലും (ഉദാ:യോഗദീപ്ത) കിടന്നു കൊണ്ടുള്ള ഇനങ്ങള്‍ക്കാണ്‌ പ്രഥമസ്ഥാനം. വളരെ ലളിതമായ വിനോദ വിശ്രമ രീതിയില്‍ വേണം യോഗ അഭ്യസിക്കാന്‍ എന്നാണ്‌ ഈ രംഗത്ത്‌ പഠനങ്ങള്‍ നടത്തുന്നവരുടെ പക്ഷം. കിടന്നും ഇരുന്നും ചെയ്യുന്ന ഇനങ്ങള്‍ക്ക്‌ ശേഷം മാത്രം നിന്നു കൊണ്ടുള്ളവ ചെയ്യുക എന്ന സ്വാഭാവികക്രമം പാലിക്കാത്ത പക്ഷം, അത്‌ യോഗയെ ഒരു കായികാഭ്യാസത്തിണ്റ്റെ നിലയിലേക്ക്‌ തരം താഴ്തുകയാണു ചെയ്യുക. സി.ഡി.യില്‍ കാണാനിടയായ ഒരപാകത ഡബ്ബിങ്ങുമായി ബന്ധപ്പെട്ടതാണ്‌. ശ്രീകണ്ഠന്‍ നായര്‍ യോഗ ചെയ്യുന്ന സമയത്തു തന്നെ അതിണ്റ്റെ ക്രമം വിശദീകരിക്കുന്നുണ്ട്‌.(സത്യത്തില്‍ ഇതു വളരെ ശ്രമകരമായ ഒരു പ്രവൃത്തിയാണ്‌.) പിന്നീട്‌ ശബ്ദമിശ്രണം നടത്തിയപ്പോഴത്തെ അശ്രദ്ധ കാരണം ശ്രീകണ്ഠന്‍ നായരുടെ ചുണ്ടനക്കവും ശബ്ദവും രണ്ടു വഴിക്കായിരുന്നു. നിശ്ശബ്ദം യോഗ ചെയ്യുകയും പിന്നീട്‌ മാത്രം ശബ്ദം നല്‍കുകയും ചെയ്താലും ഈ ഗുണം കിട്ടുമായിരുന്നില്ലെ? ഏതായാലും , ഇതിണ്റ്റെ പിന്നിലുള്ള പരിശ്രമത്തെ അഭിനന്ദിക്കാതെ വയ്യ. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലും മോശം പ്രകടനം കാഴ്ച വച്ച ഗായകരോടു ജഡ്ജസ്‌ പറയുന്നതും ഇതു തന്നെയാണ്‌: ദ അറ്റം പ്റ്റ്‌ വാസ്‌ ഗ്രേറ്റ്‌.

അക്ഷരശുദ്ധിയില്ലാതെ അഴീക്കോടിണ്റ്റെ ലേഖനം !

അക്ഷരശുദ്ധിയില്ലാതെ അഴീക്കോടിണ്റ്റെ ലേഖനം ! പ്രഭാഷകനൂം എഴുത്തുകാരനും ആയ സുകുമാര്‍ അഴീക്കോടിണ്റ്റെ പേരുവച്ചെഴുതിയ ഒരു ലേഖനം അക്ഷരത്തെറ്റുകളും വികടപ്രയോഗങ്ങളും കൊണ്ട്‌ സംഋദ്ധമായി കാണപ്പെട്ടത്‌ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റിണ്റ്റെ ഒരു പരസ്യത്തിണ്റ്റെ കൂടെയാണ്‌. 'പരിഹാരമോ ആഢംബരമോ ഇല്ലാത്ത ഒരു യുവാവ്‌', 'കണ്ണഞ്ചിപ്പിക്കുന്ന കൂറ്റന്‍ പ്രഭാഷണങ്ങള്‍' ......അങ്ങനെയങ്ങനെ എന്തെല്ലാം അബദ്ധങ്ങള്‍ ? പരസ്യപ്രചാരണത്തില്‍ തീരെ താത്പര്യമില്ലാത്ത പ്രസ്ഥാനമാണ്‌ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ്‌ എന്നു സൂചിപ്പിക്കുന്ന വാക്യങ്ങളും കൂട്ടത്തില്‍ കാണുകയുണ്ടായി.