Sunday, July 26, 2009

അഭിഭാഷകന്റെ ചരമറിപ്പോര്‍ട്ട്-കഥ പറയലിന്റെ ആവേശത്തില്‍ മനോരമ ലേഖകന്‍

വാര്‍ത്തയെഴുതുന്നേരത്ത് കഥ പറച്ചിലിന്റെ ആവേശം തലയ്ക്കു പിടിച്ചാല്‍, പറയേണ്ടത് തക്ക സമയത്ത് പറയാന്‍ മറക്കും. തെങ്ങില്‍ വച്ച് ദാരുണമായ അന്ത്യം സംഭവിച്ച അഭിഭാഷകനെ കുറിച്ചെഴുതുമ്പോള്‍ മനോരമ ലേഖകനാണ് പത്രറിപ്പോര്‍ട്ടിങ്ങിന്റെ ബാലപാഠം പോലും മറന്നുപോയത്. പരേതന്റെ പേരിനോടൊപ്പം വീട്ടുപേരും വയസ്സും, ജോലി ചെയ്യുന്ന ആളായതിനാല്‍ സ്ഥാപനത്തിന്റെ പേരും പ്രദേശത്തിന്റെ പേരും മറ്റ് അത്യാവശ്യവിവരങ്ങളും വാര്‍ത്തയുടെ ആദ്യഭാഗത്ത് കൊടുക്കാന്‍ പോലും നില്ക്കാതെയാണ് ലേഖകന്‍ കഥയിലേക്ക് കടന്നത്. വാര്‍ത്തയുടെ രണ്ടാം വാക്യത്തില്‍ തന്നെ, പേരിന്റെ കൂടെ ബ്രാക്കറ്റില്‍ അക്കത്തില്‍ നല്‍കേണ്ടിയിരുന്ന പരേതന്റെ വയസ്സ് വാര്‍ത്തയുടെ അവസാനത്തോടടുത്തായി നാല്പത്തഞ്ചുകാരനായ ഈ അവിവാഹിതന്‍ ഏഴു വര്‍ഷമായി ചാവക്കാട് കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുകയായിരുന്നു എന്ന വാക്യത്തില്‍ അക്ഷരത്തിലാണ് കൊടുത്തിട്ടുള്ളത്. കുട്ടികള്‍ക്ക് പത്രപ്രവര്‍ത്തനത്തെക്കുറിച്ച് പരിചയപ്പെടുത്തിയ മനോരമയുടെ പഠിപ്പുരയിലെ പംക്തിയില്‍ മഹാകവി കുമാരനാശാന്റെ അപകടമരണം റിപ്പോര്‍ട്ട് ചെയ്തതിലെ തെറ്റ് ഉദാഹരണമായി കൊടുത്തിരുന്നത് ഓര്‍ക്കുന്നു. ആധുനികകാലത്തെ ഒരു ഉദാഹരണമായി ഇനി ഇതു കൂടി എടുക്കാം.
ഇതേ വാര്‍ത്ത ദേശാഭിമാനിയില്‍ - ഇളനീരിടാന്‍ കയറിയ അഭിഭാഷകന്‍ ഹൃദയാഘാതം മൂലം തെങ്ങിലിരുന്ന് മരിച്ചു. തൈക്കാട് പാലുവായ് മുണ്ടത്തറ വാസുവിന്റെ മകന്‍ വത്സ(46)നാണ് മരിച്ചത്. അവിവാഹിതനാണ്.
മാതൃഭൂമിയില്‍ ചരമപേജില്‍ തന്നെയാണ് വാര്‍ത്ത. അതിങ്ങനെയാണ് -
നാളികേരമിടാന്‍ തെങ്ങില്‍ കയറിയ അഭിഭാഷകന്‍ തെങ്ങിന്‍ മുകളിലിരുന്ന് മരിച്ചു. ചാവക്കാട് ബാറിലെ അഭിഭാഷകനും മാമബസാര്‍ മുണ്ടത്തറ വീട്ടില്‍ വാസുവിന്റെ മകനുമായ എം.വി. വത്സനാണ് (45) മരിച്ചത്.
പരേതന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരം കൂടി തുടക്കത്തില്‍ തന്നെ കൊടുത്തിട്ടുണ്ട്. പക്ഷേ ചെത്തുതൊഴിലാളി കുടുംബത്തില്‍ നിന്ന് അഭിഭാഷകനായി വളര്‍ന്നതിന്റെ വിശദാംശങ്ങള്‍ കൊടുക്കാതിരുന്നത് മര്യാദകേടായി. ലേഖകന്‍ അക്കാര്യമൊന്നും അറിഞ്ഞില്ലേ. എന്നാല്‍ ഏഴാം ക്ളാസുമുതല്‍ പ്രൈവറ്റായി പഠിച്ച് എല്‍എല്‍ബി പാസ്സായ വിവരം ചേര്‍ക്കാന്‍ ദേശാഭിമാനി ശ്രദ്ധിക്കുകയുണ്ടായി.
വാര്‍ത്ത എങ്ങനെയെങ്കിലും ആവട്ടെ. പരേതന്റെ ബന്ധുക്കളുടെ വിഷമത്തില്‍ മാധ്യമവിചാരവും പങ്കു ചേരുന്നു. സ്വപ്രയത്നത്താല്‍ അസാമാന്യവിജയം കൈവരിച്ച അദ്ദേഹത്തിന്റെ മാതൃക നമുക്ക് വഴികാട്ടിയാകട്ടെ.( അല്പം പഴയൊരു ചരമവാര്‍ത്തയിലും സാരമായൊരു പോരായ്മ കണ്ടെങ്കിലും വിഷയം മരണസംബന്ധിയായതിനാല്‍ ഇവിടെ പരാമര്‍ശിക്കാതിരിക്കുകയായിരുന്നു. പിന്നീട് ചര്‍ച്ച ചെയ്യാം.)