Saturday, September 26, 2009

ഉപഭോക്താക്കള്‍ക്കുള്ള ഗിഫ്റ്റില്‍ ഒനീറോയുടെ മാന്യത

പല സ്ഥാപനങ്ങളും കസ്റമേഴ്സിന് ഗിഫ്റ്റുകള്‍ നല്‍കാറുണ്ട്. ചിലപ്പോളത് ഓണം പോലുള്ള പ്രത്യേകസീസണില്‍ ആവാം, അല്ലെങ്കില്‍ ഒരു വലിയ സംഖ്യക്ക് സാധനം വാങ്ങുമ്പോഴാകാം. എന്തായാലും ഈ ഗിഫ്റ്റില്‍ സ്ഥാപനത്തിന്റെ മുദ്ര (ചിലപ്പോള്‍ ഒരു ചെറുപരസ്യം തന്നെ) ഉണ്ടായിരിക്കും എന്നത് തികച്ചും സ്വാഭാവികവുമാണ്.

സൌജന്യം കിട്ടുമ്പോള്‍ സന്തോഷമുണ്ടാവുമെങ്കിലും കച്ചവടസ്ഥാപനത്തിന്റെ മുദ്ര വഹിക്കുന്ന സാധനങ്ങള്‍ ജനമധ്യത്തിലുപയോഗിക്കുമ്പോള്‍ ചെറിയ ഒരു മനോവിഷമം ആര്‍ക്കും ഉണ്ടാകാനുമിടയുണ്ട്. കോംപ്ളിമെന്റായി കിട്ടിയ ചില്ലു ഗ്ളാസില്‍ ജ്വല്ലറിയുടെയോ മറ്റോ പേര് വലിയ അക്ഷരത്തിലെഴുതി വച്ചിരിക്കുന്നത് പലപ്പോഴും മാനക്കേടായിത്തോന്നും. കമനീയമായ ആ ഗ്ളാസില്‍ പാനീയം കൊടുക്കുന്ന സമയത്ത് അതിഥിയുടെ ക്ഷുദ്രമനസ്സില്‍ ഇങ്ങനെ തോന്നാം - ഓ ,കാശു കൊടുത്തു വാങ്ങിയ ആഡംബരമൊന്നുമല്ല, എന്നിട്ടും എന്താ ഗമ.

രണ്ടുപുറത്തും, ടെക്സ്റൈല്‍സിന്റെ പേരു കൊടുത്തിട്ടുള്ള സൌജന്യബാഗും പിടിച്ച് റോഡിലൂടെ നടക്കുമ്പോള്‍ ചെറിയ ചമ്മല്‍ ഉണ്ടാകുന്നതും സ്വാഭാവികം- അവന്മാര് സൌജന്യം തന്നതിന്റെ ചെലവ് നമ്മളെ കൊണ്ട് ആ പരസ്യം ചുമപ്പിച്ച് മുതലാക്കുകയാ എന്ന് മനസ്സില്‍ പ്രാകുകയും ചെയ്യും.

കുന്നംകുളം ഒനീറോയില്‍ നിന്ന് നടത്തിയ ഷോപ്പിംഗില്‍ കിട്ടിയ രണ്ടു ഗിഫ്റ്റുകളെ പറ്റി ഏതായാലും ഈ പരാതി പറയാന്‍ പറ്റില്ല. കാരണം പറയാം - ഗിഫ്റ്റിന്റെ മുകളില്‍ പരസ്യം ചെയ്യുന്നതില്‍ അവര്‍ വളരെ മാന്യതയാണ് പുലര്‍ത്തിയത്. സാമാന്യം വലിപ്പമുള്ള ഒരു ട്രാവലിംഗ് ബാഗിന്റെ ഒരു വശത്തു മാത്രമേ ഒനീറോയുടെ പേരുള്ളു. പരസ്യം പേറാന്‍ ജാള്യതയുള്ളവര്‍ക്ക് വേണമെങ്കില്‍ ആ ഭാഗം പുറത്തുവരാത്ത രീതിയില്‍ ബാഗു കൊണ്ടുപോകാം.ശരീരത്തോട് ചേര്‍ന്നു വരുന്ന ഭാഗത്തേക്ക് പരസ്യം വരുന്ന ഭാഗം പിടിച്ചാല്‍ പ്രശ്നം തീരും.
ഇത് ബാഗിന്റെ കാര്യം .മറ്റാരും കാണിക്കാത്ത മഹാമനസ്കത ഒനീറോയില്‍ നിന്ന് ലഭിച്ചത് കേള്‍ക്കണോ? വളഞ്ഞ പിടിയുള്ള ചില്ലുകപ്പുകള്‍ ആറെണ്ണം പാക്കറ്റിലാക്കി തന്നതില്‍ ഒരെണ്ണത്തിലുമില്ല ഒനീറോ എന്ന പേര്‍. വാങ്ങി ഉപയോഗിക്കുന്നവര്‍ക്കറിയാം ഇത് ഒനീറോയുടെ സ്നേഹമാണെന്ന്. വിരുന്നുകാരന്റെ മുന്നില്‍ ജാള്യതയില്ലാതെ സല്‍ക്കരിക്കാനാവുന്നു എന്നത് ആ സ്നേഹത്തെ വര്‍ധിപ്പിക്കുന്നു. ഇത്തരം സമീപനം കൈക്കൊള്ളുന്ന സ്ഥാപനങ്ങളോട് ഉപഭോക്താവിന് ആത്മബന്ധം വര്‍ധിക്കുകയും ചെയ്യുന്നു.

ആകാശവാണി ഗാന്ധിമാര്‍ഗം - തലക്കെട്ടിലെ പരിഷ്കാരം വേണ്ടിയിരുന്നുവോ ?

വെള്ളിയാഴ്ചരാവിലെകളില്‍ മഹാത്മജിയുടെ സന്ദേശങ്ങളുമായി വന്നെത്തുന്ന ഗാന്ധിമാര്‍ഗം ആകാശവാണിയുടെ ഒരു മാസ്റര്‍പീസ് തന്നെയാണ്. കുറച്ചു മുമ്പു വരെ അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ഗാന്ധിമാര്‍ഗം- സര്‍വ്വനാശങ്ങള്‍ക്കിടയില്‍ ഒരു ധാര്‍മികപ്രതിരോധം’ ഇത് ഓര്‍മിപ്പിച്ചിരുന്നത് എന്തായിരുന്നെന്നോ? ബോംബു വീണ ദിവന്നത്തെ ഹിരോഷിമയെ പോലെ ഒരു പ്രദേശം. അവിടെ നാശനഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്, ഇനിയും നിലക്കാത്ത ഒരു റേഡിയോയില്‍ നിന്ന് കേള്‍ക്കുന്ന ഗാന്ധിയുടെ ശബ്ദം.
പക്ഷേ നമ്മുടെ നാട് സര്‍വനാശത്തിലെത്തിയിട്ടുണ്ടോ ? നന്മകള്‍ ഇപ്പോഴും പൂക്കുന്നില്ലേ? അതിനാല്‍ തലക്കെട്ട് ‘സര്‍വനാശങ്ങള്‍ക്കു മുമ്പൊരു ധാര്‍മികപ്രതിരോധം’ എന്നാണെങ്കില്‍ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു. പ്രതിരോധം എപ്പോഴും പ്രശ്നമുണ്ടാകുമ്പോളല്ലേ. പ്രശ്നം അഥവാ രോഗം ഉണ്ടായിക്കഴിഞ്ഞിട്ടാണെങ്കില്‍ പിന്നെ പരിഹാരം അഥവ ചികിത്സയല്ലേ വേണ്ടത് എന്നൊക്കെ ചിന്തിച്ചു കൂട്ടി.

..... ഏതായാലും ഇനി ഒന്നും ആവശ്യമില്ല. ആകാശവാണി ഇപ്പോള്‍ സര്‍വനാശത്തിന്‍മേല്‍ നിന്നൊക്കെ വിട്ടിരിക്കുന്നു. ഇപ്പോള്‍ ഗാന്ധിമാര്‍ഗം എന്നു മാത്രമേ അനൌണ്‍സ് ചെയ്യുന്നുള്ളു.

ഗല്‍ഫില്‍ പോയാല്‍ ആളുകള്‍ കവിതക്കമ്പക്കാരാകുമോ ?

ഒരു ചെറുപ്പക്കാരനായ സഹപ്രവര്‍ത്തകനുണ്ടായിരുന്നു മുമ്പ് ഇപ്പോഴുമുണ്ട് - ഗള്‍ഫിലാണെന്നു മാത്രം . ആള്‍ സ്മാര്‍ട്ട് എല്ലാ കാര്യത്തിലും മുന്‍പന്തിയിലുണ്ട് . പക്ഷേ നല്ലൊരു വായനക്കാരന്‍ എന്നൊന്നും പറയാന്‍ പറ്റാത്ത ആളാണ്. അക്ഷരവൈരി എന്നൊന്നും പറയാന്‍ പാടില്ല. അത്യാവശ്യം വായനയൊക്കെ ആവശ്യമുളള ജോലിയാണ് ചെയ്യുന്നത് എന്നതിനാല്‍ അങ്ങനെയൊന്നും പറഞ്ഞുകൂട. എങ്കിലും ഒരു കവിത വായിക്കുകയോ മറ്റോ ചെയ്യുന്നത് കണ്ടിട്ടില്ല. ഗള്‍ഫിലെത്തിയപ്പോള്‍ ആളാകെ മാറി. കവിതയൊക്കെ വായിക്കും മാത്രമല്ല ആസ്വദിക്കും ഇ മെയിലില്‍ ഒരു കവിത അയച്ചു തന്നിരിക്കുന്നു. പ്രവാസിയുടെ സങ്കടമാണ് കവിതയില്‍. വിശദമായി പറഞ്ഞാല്‍ ഓരോ കാര്യങ്ങളോട് പ്രവാസിയുടെയും അവന്റെ വീട്ടുകാരുടെയും കാഴ്ച്ചപ്പാടുകളുമാണ്. ഗല്‍ഫില്‍ പോയാല്‍ ആളുകള്‍ കവിതക്കമ്പക്കാരാകുമോ ? ഈ സുഹൃത്ത് ഇനി സ്വന്തം കവിത തന്നെ എഴുതി അയക്കുന്നില്ലെന്ന് പറയാനാവുമോ ? അയക്കട്ടെ , എന്നിട്ട് വേണം അത് ഈ മാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കാന്‍. എല്ലാ ഗള്‍ഫുകാര്‍ക്കും കൂടുതല്‍ കാലം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം നാട്ടില്‍ കഴിയാനാകട്ടെ - അവരുടെ സാമ്പത്തികവിഷയത്തില്‍ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ തന്നെ.

ആശംസകളുമായെത്തുന്ന കുരുന്നുകള്‍ക്കു മുമ്പില്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്നവരോ അധ്യാപകര്‍ ?


അധ്യാപകദിനത്തിന്റെ അന്ന് അധ്യാപകരെ ആദരിക്കേണ്ടതാണെന്ന ആഹ്വാനവുമായി മലയാള മനോരമയുടെ വക ഒരു പരസ്യം. “അധ്യാപകര്‍ക്ക് സ്നേഹപൂര്‍വ്വം” എന്ന് ബോര്‍ഡിലെഴുതിയതിനു മുന്നില്‍ നില്‍ക്കുന്ന ടീച്ചര്‍ക്ക് കുട്ടികള്‍ പൂക്കളും സമ്മാനപൊതിയും ആശംസകളുമായി എത്തിയിരിക്കുന്നതാണ് ചിത്രത്തില്‍. കയ്യും നീട്ടി സമ്മാനം വാങ്ങുന്നതിനു പകരം കയ്യു കെട്ടി നോക്കി നില്‍ക്കുകയാണ് ടീച്ചര്‍! മുഖത്ത് നാണമോ പരിഹാസമോ എന്നു വ്യക്തമല്ല. സമ്മാനം വാങ്ങാതിരുന്നിട്ടും കുട്ടികള്‍ നല്ല സന്തോഷത്തിലാണ്.

Thursday, September 24, 2009

ദേശാഭിമാനി മുഖചിത്രത്തിലെ മഞ്ഞ“മ”



വീരപരാക്രമങ്ങള്‍ എന്ന പേരില്‍ ദേശാഭിമാനി വാരിക (സപ്തംബര്‍ 20 ലക്കം) ഒരു കവര്‍ സ്റോറി തയ്യാറാക്കിയിട്ടുണ്ട്. കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരത്തില്‍ വീരപരാക്രമങ്ങള്‍ എന്ന ടൈറ്റില്‍ വീരേന്ദ്രകുമാറിന്റെ തലയും സഹിതം കൊടുത്തത് നന്നായിട്ടുണ്ട്. പരാക്രമങ്ങളിലെ മ എന്ന അക്ഷരം മഞ്ഞ നിറത്തില്‍ കൊടുത്തതും ഉചിതമായി. ആ “മ” മാതൃഭൂമി എന്ന പത്രപ്പേരിലെ “മ” പോലെ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു. നോക്കൂ.

സ്ഫോടക വസ്തു വായിലിട്ട കുട്ടിയുടെ പേരു കൊടുക്കാതെ മനോരമയുടെ മിതത്വം(?)


ഡിറ്റണേറ്റര്‍ എന്ന സ്ഫോടകവസ്തു വായിലിട്ടു കടിച്ചിട്ടും അപകടത്തില്‍ നിന്നു രക്ഷപ്പെട്ട കുട്ടി യെ സംബന്ധിച്ച വാര്‍ത്തയില്‍ കുട്ടിയുടെ പേരു കൊടുക്കാതെ മനോരമ പത്രം വ്യത്യസ്തത പു ലര്‍ത്തി. കുറവിലങ്ങാട് ലേഖകന്‍ എഴുതിക്കൊടുത്ത വാര്‍ത്തയില്‍ ഇല്ലാത്ത പേര് ,പിന്നീട് ഉള്‍പ്പെ ടുത്താതിരിക്കാന്‍ ഡെസ്കിലുള്ളവരും ജാഗ്രത കാണിച്ചു. തലക്കെട്ടിലുള്ള രണ്ടാം ക്ളാസുകാരന്‍ എന്ന വിശേഷണം മാത്രമേ വാര്‍ത്തയിലുടനീളമുള്ളു. ഇടക്കൊരു തവണ രണ്ടാം ക്ളാസ് വിദ്യാര്‍ഥി എന്ന് പരാമര്‍ശിച്ചിട്ടുണ്ട്.

ആഗസ്റ് 23 ന്റെ പത്രത്തിലാണ് ഇത്തരമൊരു വാര്‍ത്ത വന്നത്. വാര്‍ത്തയുടെ രണ്ടാം വാക്യത്തില്‍ തന്നെ കുട്ടിയുടെ പേരും, ആദ്യഖണ്ഡികയില്‍ തന്നെ വീട്ടുപേര്, രക്ഷിതാവിന്റെ പേര് എന്നിവയും കൊടുത്ത പത്രങ്ങളുമുണ്ട്. കേസന്വേഷിച്ച പൊലീസ് എസ് ഐ.യുടെയും, സയന്റിഫിക് വിദഗ്ധ ന്റെയും , എന്തിനധികം ഡോഗ് സ്ക്വാഡിലെ നായയുടെ പോലും പേരുകള്‍ ദേശാഭിമാനി കൊടുത്തിരുന്നു. മുന്‍പേജില്‍ മുകള്‍ഭാഗത്തായി ബോക്സിലാണ് വാര്‍ത്ത കൊടുത്തിട്ടുള്ളത്. 11 ാം പേ ജില്‍ കൊടുത്തിട്ടുള്ള മനോരമ വാര്‍ത്തയിലാകട്ടെ കുട്ടി വീട്ടിലെത്തിച്ച ഡിറ്റണേറ്ററുകളുടെ ഫോട്ടോ പോലുമുണ്ട്.

മറ്റെല്ലാ പത്രങ്ങള്‍ക്കും കിട്ടിയ വാര്‍ത്ത വളരെ വൈകിമാത്രം അറിഞ്ഞതിനാല്‍ വിട്ടു പോയ ഒരു വിശദാംശമാണ് ഈ കുട്ടിയുടെ പേരെന്ന് സംശയിക്കാന്‍ വയ്യ. ദേശാഭിമാനിക്ക് കൊടുക്കാന്‍ കഴിയാതിരുന്ന ഫോട്ടോ പോലും സംഘടിപ്പിച്ച മനോരമക്ക് അബദ്ധം പറ്റിയതാവാന്‍ വഴിയില്ല.

ചിലപ്പോള്‍ കുട്ടിയുടെ പേരും വീട്ടുപേരും മറ്റും കൊടുത്ത് അവരെ സമൂഹമധ്യത്തില്‍ മോശക്കാരാക്കേണ്ട എന്നു കരുതിയതായിക്കൂടെ? പീഡനക്കേസുകളിലും മറ്റും ചെയ്യാറുള്ളതു പോലെ. അപ്പോ ഴും മറ്റൊരു സംശയം നിലനില്‍ക്കുന്നു. കേസന്വേഷിച്ച പൊലീസിന്റെയും മറ്റും പേരു കൊടുക്കാനെന്തായിരുന്നു തടസ്സം? ( കേസന്വേഷണം എന്തൊക്കെയായാലും ഒരു മോശം പ്രവൃത്തിയല്ലല്ലോ. ആര്‍ ക്കറിയാം, മനോരമയുടെ മനോഗതം ? )

മാതൃഭൂമി പത്രം ഈ വാര്‍ത്തയെ എങ്ങനെ സമീപിച്ചു എന്നറിയാനായി ഒരു ശ്രമം നടത്തുകയുണ്ടായി. സ്വന്തം വീട്ടില്‍ വരുത്താത്ത പത്രമായതിനാല്‍ അന്വേഷണം കുറച്ചു ശ്രമകരമായിരുന്നു കാ രണം 23 ാം തിയ്യതിയിലെ മാതൃഭൂമി വാങ്ങിക്കൊണ്ടുവന്ന് പത്രത്തിന്റെ 20 പേജുകളിലും അരിച്ചു പെറുക്കിയിട്ടും ഡിറ്റണേറ്റര്‍ വാര്‍ത്ത കണ്ടില്ല ! കാകദൃഷ്ടി എന്ന പോക്കറ്റ് കാര്‍ട്ടൂണില്‍ “രണ്ടാംക്ളാസുകാരന്റെ ബാഗില്‍ ഡിറ്റണേറ്ററുകള്‍” എന്നൊരു ക്യാപ്ഷനും അതിന് , “അത്തം കറുത്തു...” എന്നൊരു കമന്റും കണ്ടു.( ദോഷം പറയരുതല്ലോ , കലണ്ടറില്‍ നോക്കിയപ്പോള്‍ 23 - നായിരുന്നു അത്തം നാള്‍ എന്നു കണ്ടെത്താനുമായി!) പത്രത്തിന്റെ മുന്‍പേജിന്റെ മുകളറ്റത്ത് നോക്കിയപ്പോള്‍ ആകെ പേജ് 28 ആണെന്ന് മനസ്സിലായി. ബാക്കി പേജുകള്‍ അന്വേഷിച്ച് വീണ്ടും പോയി. കിട്ടി എട്ടു പേജും. അതില്‍ റോമന്‍ ലിപിയില്‍ പേജ് നമ്പര്‍ രേഖപ്പെടുത്തിയ നാലു പേജ് വാരാന്തപ്പതിപ്പും പി ന്നൊരു നാലു പേജ് ക്ളാസിഫൈഡ് പരസ്യപേജും. ഇനി വേറെയും നാലു പേജ് ഉണ്ടോ എന്നു ക ണ്ടെത്താനായില്ല. ഇനിയും നാലു പേജുകൂടി ഉണ്ടെങ്കില്‍ പത്രത്തിലെ ആകെ പേജിനെ പറ്റിയുള്ള മു ന്‍പേജില്‍ കൊടുത്ത കണക്കു തെറ്റി - അപ്പോള്‍ ആകെ പേജുകള്‍ 28 അല്ല 32 ആകും.അതല്ല ,ആ കെ 28 പേജേ ഉള്ളുവെങ്കില്‍ ഡിറ്റണേറ്റര്‍ വാര്‍ത്ത വന്നത് ഏത് പേജില്‍ ?

മുരളിച്ചിത്രത്തിന്റെ പിന്നില്‍ തല്‍പരകക്ഷികളുടെ കള്ളക്കളിയോ?

“ ഈ ദേശാഭിമാനിയെകൊണ്ടു തോറ്റു” - ഈയിടെ ഇതെഴുതുന്ന ആള്‍ക്ക് നൌഫല്‍ എന്ന സുഹൃത്ത് അറബിനാട്ടില്‍ നിന്നയച്ചു തന്ന ഇ മെയിലിന്റെ തലക്കെട്ടാണ് മുകളില്‍ കൊടുത്തത്. ദേശാഭിമാനി നിരന്തരം അബദ്ധങ്ങള്‍ വരുത്തുന്നതിലെ കുണ്ഠിതമാണ് മെയിലില്‍ ഉദ്ധരിച്ച ബ്ളോഗ്പോസ്റിലെ പരാമര്‍ശം. ദേശാഭിമാനി ചെയ്തതായി പറയുന്ന തെറ്റിതാണത്രെ : നടന്‍ മുരളി മരിച്ച ന്യൂസ് വെബ് പോര്‍ട്ടലില്‍ കൊടുത്തപ്പോള്‍ കൂടെയുണ്ടായിരുന്ന ചിത്രം കരുണാകരപുത്രനായ മുരളിയുടേതായിരുന്നു. ഇ - മെയിലിലൂടെ ചിത്രസഹിതം കിട്ടിയ പുതിയ വിവരം ഈ ബ്ളോഗില്‍ ഒന്നു “പെരുമാറി” ദേശാഭിമാനിയെ “ഉല്‍ബുദ്ധ”മാക്കാം എന്നു വിചാരിക്കുകയായിരുന്നു. ഭാഗ്യം ! അപ്പോഴേക്കും പ്രശ്നത്തിന്റെ യഥാര്‍ഥചിത്രം മാധ്യമവിചാരം നടത്തുന്ന മറ്റൊരു പംക്തിയില്‍ നിന്ന് കിട്ടി. മുരളിച്ചിത്രം മാറിയെന്നത് ചില തല്‍പരകക്ഷികളുടെ കുപ്രചാരണമാണെന്ന് മീഡിയാ സ്കാന്‍ എന്ന പംക്തിയില്‍ യാസീന്‍ അശ്റഫ് വ്യക്തമാക്കിയത് വായിക്കാനിട വന്നില്ലെങ്കില്‍ ഈ കുപ്രചരണം വിശ്വസിച്ച് പ്രതികരണം നടത്തിപ്പോകുമായിരുന്നു. വീക്ഷണവും ഇതേ തെറ്റ് ചെയ്തു എന്ന ആ പത്രത്തിനോട് വിരോധമുള്ള ആരോ പ്രചരിപ്പിച്ചതായും അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിന്റെ ആഗസ്റ് 24 -ന്റെ ലക്കത്തില്‍ നിരീക്ഷിക്കുന്നുണ്ട്. രണ്ടു പത്രത്തിന് ഒരേ തെറ്റ് വന്നു എന്നത് വിശ്വസനീയമല്ല എന്നാണ് ലേഖകന്‍ പറയുന്നത്. അപ്പോള്‍, വെബ് പോര്‍ട്ടലില്‍ വരാത്ത അബദ്ധം ചിത്രസഹിതം മെനഞ്ഞെടുത്ത് ചിലര്‍ അപ്രിയപത്രങ്ങള്‍ക്കെതിരെ സിന്‍ഡിക്കേറ്റ് കളിക്കുന്നു എന്നല്ലേ അര്‍ഥം?

വലിച്ചാല്‍ നീളുന്ന അഷ്ടപഞ്ചമി

അക്ഷയതൃതീയ പോയി , ഇതാ വന്നൂ അഷ്ടപഞ്ചമി. ആദ്യത്തേത് സ്വര്‍ണം വാങ്ങാനുള്ള ശുഭദിനമായിരുന്നെങ്കില്‍ രണ്ടാമത്തേത് വീട് സ്വന്തമാക്കാനുള്ളതാണ്. സ്വര്‍ണം വില്‍ക്കാനുള്ള (അഥവാ വാങ്ങാനുള്ള )നല്ല ദിവസവൂമായി വന്നവരില്‍ ഏതാണ്ട് എല്ലാ ജ്വല്ലറിക്കാരുമുണ്ടായിരുന്നു. എന്നാല്‍ അഷ്ടപഞ്ചമിയുടെ മാഹാത്മ്യം അവകാശപ്പെട്ട് വന്നത് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് മാത്രമാണ്. സപ്തംബര്‍ ഏഴ് ,എട്ട് തിയ്യതികളിലെ പത്രങ്ങളിലാണ് ഇവരുടെ പരസ്യം വന്നത് . സപ്തംബര്‍ 11 ന് ഇന്ന് അഷ്ടപഞ്ചമി എന്ന് പ്രഖ്യാപിച്ച് ഫുള്‍പേജ് പരസ്യവും കൊടുത്തു. “തമ്പ്രാന്റെ മുണ്ടിന്റെ കൂടെ അടിയന്റെ കൌപീനവും” എന്ന മട്ടില്‍ ടോപ്പ് കണ്‍സ്ട്ക്ഷന്‍സ് എന്ന സ്ഥാപനവും “ഈ സുവര്‍ണാവസരം ഇന്നു മാത്രം” എന്ന് പരസ്യം ചെയ്തു. “വീടിനാവാമെങ്കില്‍ എന്തു കൊണ്ടുവീട്ടുപകരണങ്ങള്‍ക്കുമായിക്കൂടാ പഞ്ചമിയുടെ പുണ്യം” എന്ന മട്ടില്‍ ഗൃഹവും ഗൃഹോപകരണങ്ങളും സ്വന്തമാക്കുവാന്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല സൌഭാഗ്യദിനമെന്ന പ്രഖ്യാപനവുമായി നന്തിലത്തും രംഗത്തെത്തി.(സ്വാഭാവികമായും പരസ്യത്തിലെ ഗൃഹമെന്ന വാക്ക് തീരെ ചെറുതുതന്നെയായിരുന്നു)

പഞ്ചമിയുടെ പിറ്റേന്ന് ആപ്പിള്‍ എ ഡേ ക്കാര്‍ അഷ്ടപഞ്ചമി ഓഫര്‍ രണ്ടു ദിവസത്തേക്കു കൂടി നീട്ടിയിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണിതെന്നും പരസ്യം നല്‍കി. സംശയമിതേ ഉള്ളു - അഷ്ടപഞ്ചമിയുടെ പുണ്യം ഈ ദിവസങ്ങളില്‍ വീടു ബുക്കു ചെയ്യുന്നവര്‍ക്കു കൂടി കിട്ടുമോ ? ജനം ഓഫറിനു വേണ്ടിയല്ല പഞ്ചമി പുണ്യത്തിനു വേണ്ടിയായിരുന്നു ഇതിന് മിനക്കെട്ടത് എന്നത് മറക്കരുതായിരുന്നു. അതോ റബ്ബര്‍ പോലെ വലിച്ചാല്‍ നീളുന്നതാണ് ഈ അഷ്ടപഞ്ചമി മാഹാത്മ്യം എന്നാണോ അര്‍ഥം ? മറ്റൊരു കാര്യം കൂടി - സപ്തംബര്‍ 11 എന്ന തിയതിയുടെ കൂടെ കലണ്ടര്‍കള്ളിയില്‍ പഞ്ചമി എന്നല്ല സപ്തമി എന്നാണ് കാണുന്നത്. കലണ്ടറുകാര്‍ക്ക്ആണോ തെറ്റിയത് എന്നറിയില്ല.

Thursday, September 3, 2009

മാധ്യമം ദിനപത്രവും തഥൈവ

പല കാര്യത്തിലും മറ്റു പത്രങ്ങളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന മാധ്യമം, ചരമവാര്‍ത്താതലക്കെട്ടിന്റെ കാര്യത്തിലും മാതൃക കാണിക്കുന്നുണ്ടോ എന്ന ഒരന്വേഷണത്തിന് ഈയിടെ ശ്രമിക്കുകയുണ്ടായി. രാജന്‍ പി ദേവ്ചരമവാര്‍ത്തക്കു നല്‍കിയ തലക്കെട്ടില്‍ “അന്തരിച്ചു” എന്നുമാത്രമേ മാധ്യമം കൊടുത്തുകണ്ടുള്ളു. മറ്റു പത്രങ്ങളെ പോലെ തലക്കെട്ടില്‍ വാക്കുകൊണ്ട് വില കുറഞ്ഞ ഇന്ദ്രജാലം കാണിക്കാത്ത ഈ മാധ്യമ മിതത്വത്തില്‍ ആഹ്ളാദം പൂണ്ട് മാധ്യമം ദിനപത്രത്തെ പറ്റി ഒരു നിരീക്ഷണം ഈ ബ്ളോഗില്‍ കൊടുക്കാം എന്നു കരുതിയിരുന്നു. പിന്നീട് നടന്‍ മുരളിയുടെ ചരമവാര്‍ത്തയ്ക്ക് “മുരളി അരങ്ങൊഴിഞ്ഞു” എന്നു തലക്കെട്ട് കൊടുത്തപ്പോഴും വലിയ കുറ്റം തോന്നിയില്ല. വെള്ളിത്തിരയിലെന്ന പോലെ അരങ്ങിലും കുറെക്കാലം വാണ ഒരു നടന്റെ അന്ത്യത്തെ കുറിക്കാന്‍ അരങ്ങൊഴിഞ്ഞു എന്ന് എഴുതുന്നത് അത്ര വലിയ പാതകമല്ലല്ലോ. മറ്റു പലരും “അമരനായി മുരളി”, “പുലിജന്മം ഓര്‍മ ” എന്നിങ്ങനെ മുരളിയുടെ ചലച്ചിത്രങ്ങളുടെ പേരിനെ കൂട്ടുപിടിച്ച് കസര്‍ത്തു കാണിച്ചപ്പോള്‍ മാധ്യമം ഇത്രയല്ലേ ചെയ്തുള്ളു എന്നും ആശ്വസിച്ചു. എന്നാല്‍ മാധ്യമവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്ന് ബോധ്യമായത് പിന്നീടാണ്. ഇതെഴുതുന്ന ആളുടെ ശ്രദ്ധയില്‍ പെടാത്ത കൂടുതല്‍ വിവരങ്ങള്‍ തന്നതാകട്ടെ മാധ്യമം ആഴ്ചപ്പതിപ്പിലെ മീഡിയാ സ്കാന്‍ എന്ന പംക്തിയുമാണ്. ലോഹിതദാസിന്റെ ചരമത്തിന് മാധ്യമം കൊടുത്ത തലക്കെട്ട് “ഇനി ഓര്‍മയുടെ അമരത്ത്” എന്നത്രെ. പംക്തീകാരന്‍ ഇത്തരം തലക്കെട്ടുകളില്‍ നല്ലൊരു ഗവേഷണം തന്നെയാണ് നടത്തിയിട്ടുള്ളത്. അക്കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നത് അനുചിതമാവില്ല:

കമല സുറയ്യ (ജൂണ്‍ 1) , ലോഹിതദാസ് (ജൂണ്‍ 29) , മൂര്‍ക്കോത്ത് രാമുണ്ണി (ജൂലായ് 10) , ഡി.കെ. പട്ടമ്മാള്‍ (ജൂലായ് 17), രാജന്‍ പി ദേവ് ( ജൂലൈ 30) , ശിഹാബ് തങ്ങള്‍ ( ആഗസ്റ് 2 ) ,
കൌമുദിട്ടീച്ചര്‍ (ആഗസ്റ് 5), മുരളി(ആഗസ്റ് 7) , കെ.പി.പ്രഭാകരന്‍ (ആഗസ്റ് 12) എന്നിവരുടെ ചരമവാര്‍ത്താതലക്കെട്ടുകളാണ് അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിന്റെ ആഗസ്റ് 24 -ന്റെ ലക്കത്തില്‍ വിശകലനം ചെയ്യുന്നത്.
കവയത്രി , തിരക്കഥാകൃത്ത് , ചലച്ചിത്രനടന്മാര്‍ തുടങ്ങിയവരുടെ ചരമവാര്‍ത്തയ്ക്ക് തലക്കെട്ടെഴുതുമ്പോള്‍ കാണുന്ന “സര്‍ഗാത്മകതയുടെ വിളയാട്ടങ്ങള്‍“ മന്ത്രിയുടെയും നയതന്ത്രജ്ഞന്റെയും മറ്റും കാര്യത്തിലില്ലാത്തതെന്തുകൊണ്ടെന്നാണ് ആഴ്ചപ്പതിപ്പില്‍ സ്ഥിരമായി മീഡിയാ സ്കാന്‍ പംക്തി ചെയ്യുന്ന ശ്രീ. യാസീന്‍ അശ്റഫ് ചോദിക്കുന്നത്. മലയാളത്തിന്റെ നയതന്ത്രം പൊലിഞ്ഞു (മൂര്‍ക്കോത്ത് രാമുണ്ണി) , കര്‍ണാടകനാദം മുറിഞ്ഞു (ഡി.കെ. പട്ടമ്മാള്‍), ഗാന്ധിജിയുടെ പ്രിയ കൌമുദി മറഞ്ഞു (കൌമുദിട്ടീച്ചര്‍), രാഷ്ട്രീയപ്രഭ മാഞ്ഞു (കെ.പി.പ്രഭാകരന്‍ ) എന്നൊന്നും പത്രക്കാരുടെ പേനത്തുമ്പില്‍ വരാത്തതെന്താണെന്നും അദ്ദേഹം ചോദിക്കുന്നു . രാഷ്ട്രീയനേതാവാണെങ്കിലും ശിഹാബ് തങ്ങളുടെ ചരമവാര്‍ത്തയ്ക്ക് പുതിയ തരം തലക്കെട്ടുകളുടെ അസുലഭസൌഭാഗ്യം കിട്ടിക്കാണുന്നുമുണ്ട്. (വിളക്കണഞ്ഞു , പൂനിലാവ് മാഞ്ഞു .... ) അലങ്കാരത്തലക്കെട്ടുകള്‍ ലഭിക്കുന്നത് ആരുടെയെല്ലാം ചരമവാര്‍ത്തകള്‍ക്കാണെന്ന കാര്യത്തിലും പംക്തീകാരന് വ്യക്തമായ നിഗമനമുണ്ട് - വായനക്കാരില്‍ വലിയൊരു വിഭാഗത്തെ വൈകാരികമായി സ്വാധീനിക്കാനിടയുള്ളവരുടെ ചരമത്തിനാണ് പത്രക്കാര്‍ അലങ്കാരപ്രയോഗത്തിന് തുനിയുന്നത്. കേവലം രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചതു കൊണ്ടാകാം ശിഹാബ് തങ്ങളുടെ ചരമവാര്‍ത്താതലക്കെട്ട് കെ പി പ്രഭാകരന്റേതില്‍ നിന്ന് വ്യത്യസ്തമായത്.

രാജകല പി ദേവകല ? ! ? !

ഇതെഴുതുന്ന ആള്‍ ഒരു മലയാളപത്രത്തിന്റെ പത്രാധിപരാകാത്തത് നിങ്ങളുടെ നിര്‍ഭാഗ്യം ! അല്ലെങ്കില്‍ ഇങ്ങനെയൊരു പത്രത്തലക്കെട്ടു കൂടി ജൂലൈ 30 ന് വായിച്ച് നിര്‍വൃതിയടയാമായിരുന്നു. - ”രാജകല പി. ദേവകല” സംഗതി എന്തെന്ന് പിടികിട്ടിയില്ലേ ? ഇത്തരം തലക്കെട്ട് വരാനിടയുള്ള പത്രവാര്‍ത്തയെ പറ്റി സൂചിപ്പിച്ചാല്‍ കാര്യം കുറേ കൂടി വ്യക്തമാകും. ചലച്ചിത്രനടന്‍ രാജന്‍ പി ദേവിന്റെ നിര്യാണവാര്‍ത്തയുടെ തലക്കെട്ടായാണ് ഈ നൂതനതലവാചകം ഉദ്ദേശിച്ചിട്ടുള്ളത്. തലക്കെട്ടിന്റെ സന്ദര്‍ഭം പറഞ്ഞിട്ടും കാര്യം മനസ്സിലായില്ലെന്നോ ? അതു കൊള്ളാം “രാജകലക്ക് യവനിക”, “കാട്ടുകുതിര കാലയവനികയ്ക്കപ്പുറം”, “വിസ്മയിപ്പിച്ച വില്ലന്‍ അരങ്ങൊഴിഞ്ഞു”, ”അഭിനയരാജന്‍ അരങ്ങൊഴിഞ്ഞു”,...........ഈ തലക്കെട്ടുകള്‍ വായിച്ച് രാജന്‍ പി ദേവ് മരിച്ചതാണ് വാര്‍ത്തയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കിയെങ്കില്‍ പിന്നെ രാജകല പി ദേവകല എന്ന തലക്കെട്ടിന്റെ ഗുട്ടന്‍സ് മനസ്സിലാക്കി മരണം ഉറപ്പു വരുത്താനും നിങ്ങള്‍ ബാധ്യസ്ഥരാണ്. പോട്ടെ സാരമില്ല; ഏതായാലും ആ തലക്കെട്ടിന്റെ അര്‍ഥം ഇവിടെ വ്യക്തമാക്കിയേക്കാം. രാജകല പോയി ദേവകലയായി (ടിപ്പണി : പി എന്നത് പരേതന്റെ ഇനീഷ്യലും, “പോയി” എന്ന മലയാളവാക്ക് ഇംഗ്ളീഷിലെഴുതിയാല്‍ കിട്ടുന്നതിലെ ആദ്യാക്ഷരവുമാണ് ) - ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ , കലാകാരനായ രാജന്‍ പി ദേവ് നമ്മെ വിട്ടു പോയി , ദേവസദസ്സിലെ കലാകാരനായിരിക്കുകയാണ് അഥവാ മരിച്ചിരിക്കയാണ് എന്ന്. എന്തേയ് ഇപ്പോള്‍ മനസ്സിലായോ ? എല്ലാ പത്രക്കാരും വാക്കസര്‍ത്തോടെ മരണവാര്‍ത്ത ആഘോഷിക്കുമ്പോള്‍ അവരെയെല്ലാം ഒന്നു കടത്തിവെട്ടണമെന്ന് ആര്‍ക്കും തോന്നിപ്പോകില്ലേ ?

കുറ്റം ദേശാഭിമാനിയുടേതാണെങ്കില്‍ നായയെ വിട്ടു കടിപ്പിക്കുക തന്നെ വേണേയ് ....!!!!.

വിദേശവാര്‍ത്തകള്‍ തര്‍ജമ ചെയ്തു മലയാളപത്രത്തില്‍ കൊടുക്കുമ്പോള്‍ അബദ്ധം പറ്റിയ സംഭവം മുമ്പും കേട്ടിട്ടുണ്ട്. വടക്കേ ഇന്ത്യയിലെങ്ങോ വെള്ളപ്പൊക്കത്തില്‍ തീവണ്ടിപ്പാളത്തിലെ സ്ളീപ്പറുകള്‍ ഒഴുകിപ്പോയ വാര്‍ത്ത ഒരു മലയാളപത്രത്തില്‍ വന്നപ്പോള്‍ പാളത്തില്‍ ഉറങ്ങിക്കിടന്നവര്‍ ഒഴുകിപ്പോയി എന്നായി മാറിയത്രെ. ഇത്തരം അബദ്ധങ്ങള്‍ പലര്‍ക്കും പിണഞ്ഞിട്ടുണ്ടാവാം. അവ ഗുരുതരമായ തെറ്റുകള്‍ തന്നെയാണ്. ഹോട്ട് ഡോഗ് തീറ്റ മത്സരത്തെപ്പറ്റി കൊടുത്ത വാര്‍ത്തയില്‍ ദേശാഭിമാനിക്ക് ഒരു വലിയ തെറ്റു പറ്റുകയുണ്ടായി. വളരെ മോശമായി എന്നുതന്നെയാണ് അതിനെപ്പറ്റിയും പറയാനുള്ളത്.

എന്നാല്‍ ഈ തെറ്റിനെ ചോദ്യം ചെയ്യുന്ന കൂട്ടത്തില്‍ ഹീനമായ ഒരു നിലപാട് കൈക്കൊണ്ടതും ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇതെഴുതുന്ന ആള്‍ക്ക് , ഇ മെയിലില്‍ ഒരു സുഹൃത്ത് ഫോര്‍വേഡ് ചെയ്തുതന്ന പ്രതികരണമാണ് കേവലം തെറ്റു ചൂണ്ടിക്കാണിക്കലിനപ്പുറമുള്ള വിദ്വേഷം തീര്‍ക്കലിന്റെ ഉദാഹരണമായി തോന്നിയത്. കേരളഭരണത്തില്‍ ഇടപെടുന്ന അമേരിക്കയോടുള്ള വിരോധം തീര്‍ക്കാനാണ് തീറ്റ മത്സരത്തിന്റെ വാര്‍ത്ത മുന്‍പേജില്‍ കൊടുത്തതെന്ന് പ്രതികരണക്കാരന്‍ കണ്ടെത്തുന്നു. മാധ്യമസിന്‍ഡിക്കേറ്റിന്റെ ഇടപെടല്‍ എന്ന് പരിഹസിക്കുന്നു. ഉപ്പുമാവിന് സാള്‍ട്ട്മാംഗോ ട്രീ എന്ന് പണ്ടൊരു മോഹന്‍ലാല്‍ കഥാപാത്രം പറഞ്ഞതിനെ അനുസ്മരിക്കുന്നു. ഇതു കൊണ്ടൊന്നും അരിശം തീരാഞ്ഞ് ദേശാഭിമാനി പത്രം വായിലാക്കിയ നായയുടെ ചിത്രം കൂടി കൊടുക്കുന്നു. ഒരു തെറ്റിന്റെ പേരില്‍ ദേശാഭിമാനിയെ കടിച്ചു കുടയാനുള്ള ആവേശം സഹതാപമാണ് മനസ്സിലൂയര്‍ത്തുന്നത് എന്ന് പറയാതെ വയ്യ.