Sunday, March 22, 2009

ദേശാഭിമാനി വാരാന്ത്യലേഖനത്തിന് പൂരകമായി മനോരമ ഫീച്ചര്‍

ഇന്നത്തെ (രണ്ടായിരത്തിഒമ്പത് മാര്‍ച്ച് ഇരുപത്തിരണ്ട്)ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ എം.ജി.ബാബു എഴുതിയ ലേഖനം ഗൃഹാതുരസ്മരണകളുണര്‍ത്തുന്നതായി.നമ്മുടെ വീടുകളുടെ പൂമുഖച്ചുവരുകളില്‍ സ്ഥാനം പിടിച്ചിരുന്ന ചില്ലിട്ട ഫോട്ടോകളില്‍ തുടങ്ങി ആധുനികഫോട്ടോഗ്രാഫിയെയും ആധുനികമനുഷ്യജീവിതത്തെയും സ്പര്‍ശിച്ച ലേഖനം നല്ല ഒരനുഭവമായി മാറി. കറുപ്പും വെളുപ്പും നിറഞ്ഞ ഭൂതമേ, വിട എന്ന ലേഖനത്തില്‍ പരാമര്‍ശിച്ച ഒരു കാര്യത്തിന് മനോരമ ഞായറാഴ്ചയില്‍ ഗാലറിവീട് എന്ന ഫീച്ചറില്‍ എന്‍ ജയചന്ദ്രന്‍ പ്രസിദ്ധ ചിത്രകാരനായ ബോസ് കൃഷ്ണമാചാരിയുടെ വീട്ടിലെ കൌതുകങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കളുടെ വലിയ ഒരു ചിത്രം ഫ്രെയിം ചെയ്തു സൂക്ഷിച്ചതിനെ പറ്റിയും പരാമര്‍ശിച്ചു കണ്ടു. ബാബൂ കാണാന്‍ കൊതിച്ച പൂമുഖച്ചുവരിലെ കുടുംബചിത്രത്തെ മറ്റൊരു വീട്ടിലെ അകച്ചുമരില്‍ ജയചന്ദ്രന്‍ കാണിച്ചു കൊടുത്തതിലെ കൌതുകം മാത്രമാണ് ഈ പോസ്റിനു പിന്നില്‍

Thursday, March 12, 2009

പത്രക്കാര്‍ ജഡ്ജിമാരാവണോ

ഈയിടെ ഒരു ഡോക്ടര്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം പത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു - ഡോക്ടര്‍ കാമുകിയെ പെട്രോളൊഴിച്ചു തീവച്ചു.(അന്ന് യുവതി മരിച്ചിരുന്നില്ല)ഒരു സ്ത്രീയെ മറ്റൊരാളുടെ കാമുകി എന്ന് വിശേഷിപ്പിക്കാന്‍ ഈ പത്രക്കാര്‍ ഡോക്ടറുടെയും യുവതിയുടെയും സന്തതസഹചാരികളായിരുന്നുവോ. ഒരു യുവതി മറ്റൊരാളുടെ കാമുകിയാണ് എന്ന സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടത് പത്രക്കാരാണോ. കാമുകിയെന്നതിനെക്കാളേറെ അവര്‍ക്കിണങ്ങുന്ന വിലാസം മറ്റൊരാളുടെ ഭാര്യ എന്നതാണ്. ഭര്‍തൃമതിയെ പെട്രോളൊഴിച്ചു കൊല്ലാന്‍ ശ്രമിച്ചു, എന്നോ വീട്ടമ്മയെ പെട്രോളൊഴിച്ചു കത്തിച്ചു എന്നോ മറ്റോ കൊടുക്കുന്നതായിരുന്നു സാമാന്യമര്യാദ. ഭര്‍ത്താവിന്റെയും അവരുടെ വീട്ടുകാരുടെയും അവസ്ഥ അവര്‍ പരിഗണിക്കേണ്ടതായിരുന്നു.ഇവര്‍ കമിതാക്കളായിരുന്നു എന്നറിയപ്പെടുന്നു എന്നോ മറ്റോ വാര്‍ത്തയുടെ അവസാനത്തില്‍ പറഞ്ഞാലും ജനത്തിന് കാര്യം മനസ്സിലാവുമായിരുന്നല്ലോ.

ആയുര്‍വേദാശുപത്രി വാര്‍ത്ത മൂന്നാവര്‍ത്തിച്ചത്

ആയുര്‍വേദാശുപത്രി വാര്‍ത്ത മൂന്നാവര്‍ത്തിച്ചത്

ആദ്യം വലിയ അക്ഷരത്തില്‍ തലക്കെട്ട്- ആയുര്‍വേദ ആശുപത്രി കെട്ടിടം തുറന്നുഅടുത്ത വരിയില്‍ വാര്‍ത്ത തുടങ്ങും മുമ്പ് ചെറുകിടതലക്കെട്ടായി (ഇതിന് പത്രക്കാര്‍ സാങ്കേതികമായി എന്തു പേരാണിട്ടിരിക്കുന്നതെന്നറിയില്ല) കൊപ്പം ആയുര്‍വേദആശുപത്രികെട്ടിടമാണ് തുറന്നതെന്ന് വിരസമായ ആവര്‍ത്തനം. ഇനി വാര്‍ത്തയിലാണെങ്കില്‍ പിന്നെയും പറയുന്നു, കൊപ്പം ആയുര്‍വേദആശുപത്രി കെട്ടിടം സി പി മുഹമ്മദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു എന്ന.(ഭാഗ്യം പിന്നെയും തുറന്നു എന്നു പറഞ്ഞില്ലല്ലോ.) വാര്‍ത്തയാവുമ്പോള്‍ ആവര്‍ത്തനമെല്ലാം വേണ്ടി വരും.പക്ഷെ, ഇവിടെ എന്തിനായിരുന്നു ആ രണ്ടാം തലക്കെട്ട് എന്നേ അറിയാത്തതുള്ളു.( വാര്‍ത്ത മലയാള മനോരമ,രണ്ടായിരത്തിഒമ്പത് മാര്‍ച്ച് അഞ്ച് , പേജ് രണ്ട് , പാലക്കാട് എഡിഷന്‍)

ചരമപരസ്യത്തിലെ ഓമയ്ക്കായ്

ഒന്നാം ശ്രാദ്ധദിനത്തില്‍ കൊടുത്ത പത്രപരസ്യത്തില്‍ ഒരു ഓര്‍മത്തെറ്റു പോലെ ഓമക്കായ്. പരേതന്റെ ഫോട്ടോക്കു താഴെ അച്ചടിച്ച ഡിവൈഎഫ്ഐ രാക്കിളീസ് , ഫ്രന്‍സ് അമ്മാടം എന്നിവയിലെ രാക്കിളീസും ഫ്രന്‍സും അമ്മാടവും മറ്റും പോലെ ഓമക്കായ് എന്നതും സ്ഥലനാമസംബന്ധിയോ ക്ളബ്ബിന്റെ പേരുമായി ബന്ധപ്പെട്ടതോ ആയോ എന്തെങ്കിലും ഒന്നായിരിക്കണെ എന്നാണ് പ്രാര്‍ഥന. പരിചിതരല്ലാത്തവര്‍ക്ക് ആദ്യകേള്‍വിയില്‍ കൌതുകം തോന്നിപ്പോയി എന്നു വച്ച് അവ ഫലിതമാണെന്ന് ശഠിക്കാനാവുമോ.അതല്ല ഓര്‍മക്കായ് എന്നതിനു പകരമാണ് പരിസ്ഥിതി സൌഹൃദമായി ഈ ഭീമാബദ്ധം അച്ചടിച്ചു വിട്ടതെങ്കില്‍ അതിന്റെ കാരണക്കാരന് മാധ്യമവിചാരത്തിന്റെ വക നമോവാകം.(ദേശാഭിമാനി, രണ്ടായിരത്തിഒമ്പത് മാര്‍ച്ച് എട്ട് , പേജ് നാല് , തൃശൂര്‍ എഡിഷന്‍)

Wednesday, March 11, 2009

കെ.വി ഡാനിയേല്‍ അവാര്‍ഡുകമ്മിറ്റിയോടൊന്ന് ചോദിച്ചോട്ടെ

കെ.വി ഡാനിയേല്‍ അവാര്‍ഡുകമ്മിറ്റിയോടൊന്ന് ചോദിച്ചോട്ടെ
ഏതെങ്കിലും രംഗത്തെ സമഗ്രസംഭാവനക്കുള്ള അവാര്‍ഡ് എന്ന് കേള്‍ക്കുമ്പോഴേ , അത് ലഭിച്ച ആളുടെ ചിത്രമായി മനസില്‍ വരിക ഒരു വന്ദ്യവയോധികന്റെയോ വയോധികയുടെയോ ആയിരിക്കുമല്ലോ. ചിലരെങ്കിലും മനസ്സില്‍ ഇങ്ങനെയൊരു കുശുമ്പ് വിചാരിക്കുകയും ചെയ്യും -ഒരവാര്‍ഡിനുമുള്ള കോപ്പുണ്ടായിട്ടല്ല, വയസ്സാംകാലത്ത് എന്തെങ്കിലും പേരു പറഞ്ഞ് ഒന്ന് ആദരിക്കാമെന്ന് കമ്മറ്റി കരുതിയതാവും. ഏതായാലും സമഗ്രമായ ഒരു സംഭാവനയൊക്കെ ഏതെങ്കിലും രംഗത്ത് നല്‍കാന്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനം വേണ്ടതായിട്ടുണ്ട്. എന്നാല്‍ ഈ അവാര്‍ഡ് നേടിയ മനോരമ ന്യൂസിലെ ഷാനി പ്രഭാകരന്റെ ഫോട്ടോയ്ക്ക് സമഗ്രമായി നോക്കുമ്പോള്‍ ഒരു മുപ്പതു വയസ്സിന്റെ മതിപ്പേ ഉള്ളൂ.(വാര്‍ത്ത ദേശാഭിമാനി, രണ്ടായിരത്തിഒമ്പത് മാര്‍ച്ച് എട്ട് ,പേജ് നാല് ,തൃശൂര്‍ എഡിഷന്‍)