Sunday, February 28, 2010

കണ്‍ഗ്രാറ്റ്സ്........ ശ്രീ. എം. ബി. രാജേഷ് എംപി,

ഫെബ്രുവരി 28 ന് പട്ടാമ്പിയില്‍ നടന്ന ഇഎംഎസ് ജന്മശതാബ്ദി ആഘോഷം - സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഉദ്ഘാടനപ്രസംഗം. അദ്ദേഹം മലയാളത്തില്‍ തന്നെയാണ് ആദ്യവാചകങ്ങള്‍ പ്രസംഗിച്ചത് . പിന്നീട് ഇംഗ്ളീഷില്‍ തുടര്‍ന്നു. നേരത്തെ അധ്യക്ഷന്‍ സൂചിപ്പിച്ചതു പോലെ ശ്രീ രാജേഷ് ആണ് തര്‍ജമ ചെയ്തത്. തത്സമയം തര്‍ജമ ചെയ്തതും , അത് പ്രസംഗകന്‍ ഉദ്ദേശിച്ച തരത്തില്‍ തന്നെ അവതരിപ്പിച്ചതും വളരെ കൃതഹസ്തതയോടെ തന്നെയായിരുന്നു. വര്‍ഷങ്ങളും കണക്കുകളും ഉദ്ധരിച്ചു കൊണ്ടുള്ള കാരാട്ടിന്റെ പ്രസംഗം വള്ളിപുള്ളി വിടാതെ തന്നെ ശ്രോതാക്കളിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പല സിനിമകളിലും തമാശയായി നാം കണ്ടിട്ടുണ്ട് , പ്രസംഗകന്‍ പറയുന്നതിന് നേര്‍വിപരീതമായി തര്‍ജമ ചെയ്യുന്ന പരിഭാഷകനെ. ഏതായാലും പ്രസംഗതര്‍ജമ തമാശക്കളിയല്ല. നിന്ന നില്‍പില്‍ പോയിന്റുകള്‍ കുറിച്ചെടുത്ത് നിമിഷനേരത്തെ തയ്യാറെടുപ്പു പോലുമില്ലാതെ ജനങ്ങള്‍ക്കു മുന്നിലവതരിപ്പിക്കുക എന്നത്
വലിയ വെല്ലുവിളിയുള്ള പ്രവര്‍ത്തനമാണ്. പ്രസംഗകന്‍ മലയാളം അറിയുന്ന ആള്‍ ആണെന്നത് കാര്യത്തിന്റെ ഗൌരവം കൂട്ടുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ പ്രസംഗകന്‍ തര്‍ജമക്കാരനെ തിരുത്തി തന്റെ ആശയം വ്യക്തമാക്കുവാന്‍ ശ്രമിച്ച ഒരു കഥ കേട്ടിട്ടുണ്ട്. ഏതായാലും നേരത്തെ തയ്യാറായി വന്ന് സ്വന്തമായി ഒരു പ്രസംഗം ചെയ്യുന്ന തരത്തില്‍ തര്‍ജമയെ ഉയര്‍ത്തിയെടുത്ത ബഹുമാനപ്പെട്ട എംപി രാജേഷിന് അഭിനന്ദനങ്ങള്‍.

സ്നേഹത്തിന് മാര്‍ക്കറ്റില്ലാക്കാലത്ത് പാവം മനോരമയുടെ വാലന്റൈന്‍ ക്യാംപെയ്ന്‍



ഹൃദയം പങ്കിടൂ... സ്നേഹാശംസകളിലൂടെ സമ്മാനം നേടു.. എന്ന് ആഹ്വാനം ചെയ്ത മനോരമ പരസ്യത്തില്‍, പറഞ്ഞറിയിക്കാന്‍ വയ്യാത്ത മധുരവികാരമായ പ്രണയത്തെ മാലോകരിലെത്തിക്കാന്‍ ഒരു പോംവഴി നിര്‍ദ്ദേശിച്ചിരുന്നു. കൂട്ടത്തില്‍ ഒരു സമ്മാനവും നേടാം . നൂറു രൂപ കൊടുത്ത് വാലന്റൈന്‍ ദിനത്തില്‍ ഒരു പരസ്യം മനോരമയില്‍ കൊടുക്കുക. 150 രൂപ വിലയുള്ള പെര്‍ഫ്യൂം സ്വന്തമാക്കുക. നല്ല ഐഡിയ - പ്രണയം അറിയിക്കുകയും ചെയ്യാം . കാശും ലാഭിക്കാം. ഒരു വെടിക്കു രണ്ടു പക്ഷി.ആദ്യം പരസ്യം ബുക്കു ചെയ്യുന്ന 250 പേര്‍ക്കേ ഈ ആനുകൂല്യം ഉള്ളൂ കെട്ടോ.
ഇത്തരം മഹത്തായ ഓഫര്‍ പോലും മലയാളികള്‍ തള്ളിക്കളഞ്ഞതായാണ് ഫെബ്രൂ 14 ന്റെ പത്രത്തിലെ അര പേജു മാത്രം വരുന്ന പരസ്യത്തിലെ വാലന്റൈന്‍ സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്നത്. 250 പോയിട്ട് 100 പോലും തികഞ്ഞില്ല മലയാളിയുടെ സ്നേഹപ്രകടനം.വെറും 73 പേരേ മനോരമ പരസ്യത്തോട് പ്രതികരിച്ചുള്ളു. പങ്കെടുത്ത എല്ലാ പേര്‍ക്കും സ്നേഹസുഗന്ധം സ്പ്രേ ചെയ്യേണ്ട ഗതികേടാണു വന്നിരിക്കുന്നത്. ഇനി ഓരോ എഡിഷനിലും കൂടുതല്‍ പേര്‍ ആശംസാപരസ്യം ചെയ്തു എന്ന് പത്രം അവകാശപ്പെടുമോ ആവോ. ഇടുക്കി, കോഴിക്കോട് , ആലുവ ,തലശ്ശേരി.എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള ആശംസകള്‍ പ്രസിദ്ധീകരിച്ചു കാണുന്നതിനാല്‍ അത്തരമൊരു വാദത്തിനും കഴമ്പില്ല.