Wednesday, August 29, 2012

മാനം കാത്ത് മനോരമയും ടൈംസ് ഓഫ് ഇന്ത്യയും

ഓണക്കാലത്ത് പത്രസ്ഥലം പരമാവധി പരസ്യം കൊണ്ട് നിറയ്ക്കാനാണ് മിക്ക പത്രങ്ങളും മത്സരിക്കുക. പറ്റുമെങ്കില്‍ ദിവസവും രണ്ടു പത്രം വീതം ഇറക്കും.(പാവം ഏജന്റുമാര്‍ കുറച്ചു കാലം വാശി പിടിച്ചു നോക്കി , ഞങ്ങള്‍ രണ്ടു പത്രം ഇടില്ല എന്നൊക്കെ.)പത്രത്തിന്റെ മുന്‍പേജില്‍ ഏറ്റവും മുകളില്‍ വരെ പരസ്യം എടുത്തു വീശിക്കളയും ചിലര്‍. നമ്മുടെ മനോരമയും മറ്റും ഇത്തരം പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാണിക്കുന്നവരാണ്.
    
    എന്നാല്‍ , ഈ ഓണക്കാലത്ത്, ഈ തിരുവോണദിവസം ഒരു മഹാദ്ഭുതം കാണിച്ചു, മനോരമ. പരസ്യമോ അതിലൂടെ കിട്ടുന്ന പണമോ ഒന്നുമല്ല തങ്ങള്‍ക്ക് പ്രധാനമെന്ന് അവര്‍ തെളിയിച്ചു. നല്ലൊരു പരസ്യം കൂടുതല്‍ തുകക്ക് കൊടുക്കാവുന്ന , സാമാന്യം നല്ല വലിപ്പമുള്ള ഒരു സ്ഥലം വായനക്കാര്‍ക്ക്  ഓണാശംസകള്‍ നേരാനായി ചിലവഴിച്ചു- നല്ല കമനീയമായ വിധത്തില്‍ തന്നെ.
   
    എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ മനോരമയെ കടത്തിവെട്ടി.പത്രത്തിന്റെ  കേരള എഡിഷന്‍ തിരുവോണദിവസം വായനക്കാര്‍ക്കായി സമര്‍പ്പിച്ചത് അതിന്റെ വിലയേറിയ രണ്ടു മുഴുവന്‍ പേജുകളാണ്.(പേജ് 10, 11) ടൈംസ് പൂക്കളം എന്ന തലക്കെട്ടില്‍ കൊടുത്ത ഇരു പേജുകളില്‍ മനോഹരമായ ഒരു പൂക്കളം നിര്‍മിക്കാനുള്ള രൂപരേഖയാണ് നല്‍കിയത്. ഇത്,വായനക്കാര്‍ക്കുള്ള  ഏതെങ്കിലും മത്സരത്തിന്റെ ഭാഗമായല്ല എന്നത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. പൂക്കളം ഉണ്ടാക്കിയ ശേഷം ഒരു ഫോട്ടോ എടുത്തു വയ്ക്കാന്‍ പത്രം നിര്‍ദേശിക്കുന്നുണ്ടെങ്കിലും സ്പോണ്‍സറുടെ സഹകരണത്തോടെയുള്ള ഒരു മത്സരത്തിനുള്ള  പുറപ്പാടും ഇതിന്റെ പിന്നിലില്ലെന്ന് വ്യക്തമാണ്.
    ത്യാഗത്തിന്റെ കഥകള്‍ ഓര്‍മപ്പെടുത്തുന്ന ഓണക്കാലത്ത് , ലാഭം ഒഴിവാക്കിക്കൊണ്ടുള്ള ഇത്തരം മാതൃകകള്‍ കാണിച്ച പത്രങ്ങള്‍ക്ക് ആത്മാര്‍ഥമായ അഭിനന്ദനം.

Wednesday, August 22, 2012

നര്‍മം + വക്രദൃഷ്ടി = സി. ഹരികുമാര്‍

മാതൃഭൂമി വാരാന്ത്യപ്പതിപ്പിന്റെ അവസാനപേജിലെ നര്‍മത്തിന് പൂര്‍ണ്ണവിരാമമായി. ആക്ഷേപഹാസ്യത്തിലൂടെ  രാഷ്ട്രീയ- സാമൂഹ്യ വിമര്‍ശനം നടത്തിപ്പോന്ന സി. ഹരികുമാറിന്റെ തൂലിക നിശ്ചലമായി. ധീരനായ ഒരു പത്രപ്രവര്‍ത്തകനെയാണ് നമുക്ക് നഷ്ടമായത്.
    സഞ്ജയന്റെയും സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെയും പരമ്പരയില്‍ പെട്ട അദ്ദേഹം സ്വന്തം രാഷ്ട്രീയപക്ഷം നോക്കാതെയും പത്രമുതലാളിയുടെ താല്‍പര്യം കണക്കിലെടുക്കാതെയുമാണ് വിമര്‍ശനം നടത്തിയത്.
    മാതൃഭൂമി പ്രസിദ്ധീകരണമായിരുന്ന നര്‍മഭൂമിയിലെ വക്രദൃഷ്ടി എന്ന അദ്ദേഹത്തിന്റെ പംക്തി ശ്രദ്ധേയമായിരുന്നു.രാഷ്ട്രീയ- സാമൂഹ്യരംഗത്തെ പ്രഗല്‍ഭവ്യക്തികളുടെ കാരിക്കേച്ചറുകളാണ് അന്ന് ഹരികുമാര്‍ അക്ഷരങ്ങളിലൂടെ കോറിയിട്ടത്. മാതൃഭൂമി പത്രത്തില്‍ കാകദൃഷ്ടി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരക്കുന്ന ഗോപീകൃഷ്ണന്റെ ചിത്രങ്ങള്‍ പംക്തിക്ക് കൂടുതല്‍ മിഴിവേകി. പിന്നീട് വാരാന്ത്യപ്പതിപ്പില്‍ ആരംഭിച്ച നര്‍മം എന്ന പംക്തിയില്‍ രാഷ്ട്രീയസംഭവവികാസങ്ങളെയാണ് വിലയിരുത്തിയത്. മരിക്കുന്നതിന്റെ തലേ ആഴ്ച വരെ ഹാസ്യത്തില്‍ മുക്കിയ  ആ കൂരമ്പുകള്‍ രാഷ്ട്രീയ വി.ഐ.പി.മാര്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട്  പ്രത്യക്ഷപ്പെട്ടു.

    അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. ഇന്ത്യയിലെ സകലമാന രാഷ്ട്രീയപാര്‍ട്ടികളെയും അവയുടെ നേതാക്കളെയും അദ്ദേഹം പത്രത്താളില്‍ കുത്തിമലര്‍ത്തി.വിമര്‍ശനം തുടങ്ങിയാല്‍ എല്ലാ പാര്‍ട്ടിക്കാരും ഹരികുമാറിന്റെ എതിര്‍പക്ഷത്താണ്.രാഷ്ട്രീയകേരളത്തെ വിറപ്പിച്ചു പോരുന്ന പി.സി.ജോര്‍ജിന് നേരെ വിരല്‍ ചൂണ്ടാനും അദ്ദേഹം മടിച്ചില്ല.ജോര്‍ജിനെ പറ്റി അദ്ദേഹം എഴുതി:
    ~“ഒരു കാര്യത്തില്‍ പി സി ജോര്‍ജിന് നിര്‍ബന്ധമുണ്ട്. ഓരോ ജാതിക്കാര്‍ക്കും ഓരോന്ന് പറഞ്ഞുവച്ചിട്ടുണ്ട്. അതേ ചെയ്യാവൂ.നായന്മാര്‍ എന്നും കാളയും കലപ്പയുമായി നടന്നുകൊളളണം. മടുക്കുമ്പോള്‍ അല്‍പസ്വല്‍പം പടനീക്കവുമാവാം. ഈഴവന്മാര്‍ കള്ളുചെത്തണം. ക്രിസ്ത്യാനികള്‍ കുലത്തൊഴിലായ റബ്ബര്‍ കൃഷി ചെയ്യണം. ധീവരന്‍ പൊതുവെ മീന്‍ പിടിച്ച് ജീവിക്കണം. ഒരു കാരണവശാലും കാടു കയ്യേറിയതിനെ പറ്റി , അനധികൃതമായി എസ്റേറ്റ് കയ്യേറിയതിനെ പറ്റി ഒരക്ഷരം മിണ്ടരരുത്.”
    സി.ഹരികുമാറിന് ഭരണപ്രതിപക്ഷഭേദമില്ല. ഇരുകൂട്ടരെയും ഒരേ ലേഖനത്തില്‍ തന്നെ കുത്തിനോവിച്ചതിനും ഉദാഹരണമുണ്ട്:

    “ഒരു മുഖ്യമന്ത്രിയും ആവശ്യത്തിന് മന്ത്രിമാരുമുണ്ട്.സ്റേറ്റ് കാറാണെങ്കില്‍ ധാരാളം.രാവിലെ ഇത്തരമൊരെണ്ണത്തില്‍ കയറി തെക്കുവടക്കു നടക്കുന്നതാണോ ഭരണം? ആ , ആര്‍ക്കറിയാം.ഇതൊക്കെ ചോദിക്കേണ്ടത് മുഖ്യപ്രതിപക്ഷമായ സിപിഎം ആണ്.അവര്‍ ടി പി ചന്ദ്രശേഖരനിലും ഷുക്കൂറിലും കുടുങ്ങിക്കിടക്കുന്നു. ഹര്‍ത്താലും പ്രതിഷേധപ്രകടനവുമായി ഫുള്‍ടൈം തെരുവിലാണ്.ഭക്ഷണത്തിനും ചെലവിനും പഞ്ഞമില്ലാത്തതിനാല്‍ കുറേ പേര്‍ കൂടെയുണ്ട്.”

     “.....പാവം ഉമ്മന്‍ ചാണ്ടിക്ക് ഈ മന്ത്രിസഭ ഉന്തിത്തള്ളി എങ്ങനെയും 5 വര്‍ഷം തികയ്ക്കണമെന്നേയുള്ളു. അതിന് മന്ത്രിമാരായ അബ്ദുറബ്ബും കെ ബാബൂവും സഹായിക്കാനുമുണ്ട്.മിടുക്കന്മാരായ മന്ത്രിമാരാണിവരെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു കഴിഞ്ഞു. അതിനിടയിലാണ് സുധീരന്റെ പോര്...”

    ഹരികുമാറിന് പിണറായി- വി എസ് പക്ഷമെന്നൊന്നുമില്ല.രണ്ടു പേരെയും ഒരു പോലെ തോണ്ടിക്കളയും. പന്ന്യന്‍ രവീന്ദ്രന്‍ പോലും ഇക്കാര്യത്തില്‍ തോറ്റു പോകുകയേയുള്ളു. പൊളിറ്റ് ബ്യൂറോയെ പറ്റി ഹരികുമാര്‍ എഴുതിയതില്‍ രണ്ടു  പേരെയും വെറുതെ വിട്ടിട്ടില്ല.

    “ഇന്നിപ്പോള്‍ പൊളിറ്റ് ബ്യൂറോ അംഗമാകാന്‍ ഈ വക നിര്‍ബന്ധമൊന്നുമില്ല. ജെ എന്‍ യു വില്‍ നിന്ന് നേരെ പി ബി യിലേക്ക്. കപ്പടാ മീശയില്ലാത്തവര്‍ക്കും കമ്യൂണിസ്റാവാം.കക്ഷത്തില്‍ കുമ്പളങ്ങ ഫിറ്റ് ചെയ്യണമെന്നില്ല. മാന്യമായ വേഷം ധരിക്കാം. സാര്‍വദേശീയ - ദേശീയ - പ്രാദേശിക കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നില്ല. കേരളത്തില്‍ പിണറായി എന്നും വി എസ് എന്നും രണ്ട് നേതാക്കള്‍ ഉണ്ടെന്നറിഞ്ഞാല്‍ ധാരാളമായി.പി ബി യോഗമെന്നാല്‍ ഇവര്‍ തമ്മിലുള്ള വഴക്കു തീര്‍ക്കുന്ന വേദിയെന്നു മാത്രമാണ് അര്‍ഥം.”
    ലേഖനാന്ത്യത്തിലെ പിന്‍കുറിപ്പും കമന്റും രസകരങ്ങളാണ്. ഇതാ ചില ഉദാഹരണങ്ങള്‍:
എം എം മണിക്ക് സിപിഎം സംസ്ഥാനകമ്മിറ്റിയില്‍ വന്‍ പിന്തുണ. (കമന്റ് : ന്യൂ ജനറേഷന്‍ സിനിമയില്‍ ഒരു കൈ  നോക്കുന്നോ ?)
    സി പി എം - സി പിഐ  സംഘങ്ങള്‍ വെവ്വേറെ നെല്ലിയാമ്പതിയിലേക്ക്.(കമന്റ് : എങ്കിലും മുന്നണി കെട്ടുറപ്പില്‍ തന്നെ.)
    പണത്തിനും പദവിക്കും പിന്നാലെ പോകുന്ന പത്രക്കാരുടെ എണ്ണം ഏറിവരുന്ന ഇക്കാലത്ത് മാധ്യമരംഗത്തെ ഈ വ്യത്യസ്തവ്യക്തിത്വത്തിന്റെ വിയോഗം വേദനാജനകം തന്നെയാണ്.