Thursday, May 28, 2009

വയലാര്‍ രവിയോട് ഈ പപ്പരാസിപ്പണി വേണ്ടായിരുന്നു

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രോഗിണിയായ ഭാര്യയെ സന്ദര്‍ശിച്ച ശ്രീ. വയലാര്‍ രവിയുടെ വ്യക്തിജീവിതത്തിലെ തീര്‍ത്തും സ്വകാര്യമായ നിമിഷത്തില്‍ കടന്നുകയറി പപ്പരാസികളെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ പിടിഐ ഫോട്ടോഗ്രാഫറുടെ ചാപല്യം. ഭാര്യയെ സാന്ത്വനപൂര്‍വ്വം ഉമ്മ വയ്ക്കുന്ന ക്ളോസപ്പ് ദൃശ്യം കിട്ടിയ വാര്‍ത്താ ഏജന്‍സിയില്‍ നിന്ന് കിട്ടിയ പത്രങ്ങള്‍ ആഘോഷപൂര്‍വ്വം ഒന്നാം പേജില്‍ കളറില്‍ കൊണ്ടാടുന്നു, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ’ എന്ന് ഒരു മേല്‍ക്കുറിപ്പു കൂടി ചിത്രത്തോടൊപ്പം കൊടുത്ത് ചിലര്‍ ചാരിതാര്‍ഥ്യമടയുന്നു. വയലാര്‍ രവി ആ സമയത്ത് ഒന്ന് തിരിഞ്ഞു നോക്കി ഈ ഫോട്ടോഗ്രാഫറെ കാണുകയും ഫോട്ടോയെടുക്കുന്നത് വിലക്കുകയും ചെയ്തെങ്കിലെന്ന് ഒരു മാത്ര വെറുതെ നിനച്ചുപോയി. എങ്കില്‍ ഈ ചിത്രം പത്രത്താളുകളില്‍ നിരക്കുകില്ലായിരുന്നു.

Thursday, May 21, 2009

ചലച്ചിത്രഗാനത്തിലാറാടി, ആകാശവാണി

ഒരു മാധ്യമത്തിലെ പരിപാടികളെക്കുറിച്ചുള്ള അറിയിപ്പില്‍ വിശേഷപ്പെട്ട ഇനങ്ങളുടെ ഹൈ ലൈറ്റ്സ് കൊടുക്കാറുണ്ട്. ആകാശവാണിയുടെ ഒരാഴ്ചത്തെ പരിപാടികള്‍ വിളംബരം ചെയ്യുന്ന തരംഗവിശേഷം കേട്ടാന്‍ തോന്നുക, അവരുടെ പല പരിപാടികളിലെയും വിശേഷഇനം ചലച്ചിത്രഗാനങ്ങളെന്നാണ്. ഈ യിടെ (ഏപ്രില്‍ നാല്) കേട്ട തരംഗവിശേഷത്തില്‍ പുലരിപ്പൂക്കള്‍, യുവവാണി, വനിതാവേദി എന്നീ പരിപാടികളുടെ അറിയിപ്പില്‍ അവയിലുപയോഗിക്കാന്‍ പോകുന്ന ചലച്ചിത്രഗാനങ്ങളുടെ ഭാഗങ്ങളും പ്രക്ഷേപണം ചെയ്തിരുന്നു. ആ പ്രത്യേക പരിപാടിയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വളരെയേറെ പ്രാധാന്യമുള്ളതായതു കൊണ്ടാണോ ആ ഗാനങ്ങള്‍ കേള്‍പ്പിച്ചത് എന്നറിയില്ല.( അതിന് പ്രസ്തുതപരിപാടി കേള്‍ക്കുക തന്നെ വേണമല്ലോ)
എന്നാല്‍ ആകാശവാണിയുടെ ശബ്ദശേഖരത്തിലെ സവിശേഷഇനങ്ങളെക്കുറിച്ചുള്ള അറിയിപ്പിലാകട്ടെ ഇത്തരം ഹൈലൈറ്റ്സ് ഒന്നും കൊടുക്കുകയും ചെയ്തില്ല. ഇടശ്ശേരിയുടെ ശബ്ദം ഒന്നു കേള്‍പ്പിച്ചെങ്കില്‍ എന്തായിരുന്നു കുഴപ്പം എന്നു മനസ്സിലാവുന്നില്ല.ചിലപ്പോള്‍ ചലച്ചിത്രഗാനം കേള്‍പ്പിക്കുന്നത്ര എളുപ്പമായിരിക്കില്ല ഇത

Sunday, May 10, 2009

എസ്എസ്എല്‍സി വിജയശതമാനം- മനോരമയുടെ അട്ടിമറിയോ?

എസ്എസ്എല്‍സി വിജയശതമാനം 91.9 ല്‍ നിജപ്പെടുത്താന്‍ മനോരമയുടെ സമ്മര്‍ദ്ദമോ അട്ടിമറിയോ നടന്നിട്ടുണ്ടാകുമോ? റിസള്‍ട്ട് പ്രഖ്യാപിച്ച ദിവസത്തെ പത്രത്തില്‍ കണ്ട റേഡിയോ മാംഗോയുടെ പരസ്യമാണ് ഇത്തരമൊരു വികടചിന്ത ഉണ്ടാവാന്‍ കാരണം.റേഡിയോ മാംഗോയുടെ ഫ്രീക്വന്‍സി നമ്പറിനു തുല്യമായ വിജയശതമാനമാണ് ഇത്തവണത്തെ വിജയശതമാനം ഇതെങ്ങനെ ഒത്തെടീ എന്ന് നാടന്‍പാട്ടില്‍ ചോദിച്ച പോലെ ചോദിക്കാനാണ് തോന്നിയത്. എസ്എസ്എല്‍സി പരീക്ഷയില്‍ പാട്ടും പാടി ജയിച്ച 91.9 ശതമാനം വിദ്യാര്‍ഥികള്‍ക്കും റേഡിയോ മാംഗോ 91.9 ന്റെ അഭിനന്ദനങ്ങള്‍ എന്ന് കൊടുത്തിട്ടുണ്ട് 91.9 ലെ ഒമ്പതുകള്‍ ഒമ്പതിന്റെ ആകൃതിയിലുള്ള മൈക്രോഫോണ്‍ ആയി നല്‍കിയതും അസ്സലായി.വലിയ വാചാലതയും കൊട്ടിഘോഷിക്കലുമില്ലാതെ നല്ലൊരു പരസ്യം സന്ദര്‍ഭോചിതമായി കൊടുത്ത മനോരമയ്ക്കും പരസ്യഏജന്‍സിയായ സ്റാര്‍ക്കിനും അഭിനന്ദനങ്ങള്‍ നേരത്തെ ഒരു ചെവിയുടെ ചിത്രത്തിനുള്ളില്‍ ഒരു കുഞ്ഞു മാംഗോ കൂടി ഫിറ്റ് ചെയ്ത് നല്ലൊരു പരസ്യം മാംഗോയുടേതായി പത്രത്തില്‍ വന്നതും ഓര്‍ക്കുന്നു. ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍