Saturday, December 19, 2009

റാഗിംഗ്

(റാഗിംഗ് എക്കാലത്തേയും ഒരു പ്രശ്നമാണ് . വേട്ടക്കാരുടെ ഇടയില്‍ പെട്ട ഇരയുടെ കദനകഥകളാണ് എല്ലായ്പോഴും ചര്‍ച്ച ചെയ്യപ്പെടാറ്. എന്നാല്‍ റാഗിംഗിന് വിധേയനായ വിദ്യാര്‍ഥിയുടെ മിടുക്കു മൂലം റാഗിംഗ് വീരന്മാര്‍ വെട്ടിലായ ഒരു കഥയാണിവിടെ. ഇന്ന് എറണാകുളത്ത് അഭിഭാഷകനായി ജോലി ചെയ്യുന്ന ഒരു മാന്യവ്യക്തിയുടെ രചനയാണിത്. ഈ കൃതിയുടെ കര്‍ത്താവിന്റെ പേരു കണ്ടെത്താനാകുമോ ?ഇല്ലെങ്കില്‍ കഥ പൂര്‍ത്തിയാകുന്ന പോസ്റ് കാണും വരെ കാത്തിരിക്കുക. )

ഒരു യുവാവിന്റെ ജീവന് ഉത്തരം പറയേണ്ടി വരുമോ എന്ന ആശങ്കയില്‍ പതിനഞ്ചോളം മലയാളി വിദ്യാര്‍ഥികള്‍ അന്യനാട്ടിലെ ഒരു ലോഡ്ജില്‍ വീര്‍പ്പുമുട്ടിയിരുന്ന ഒരു ചിങ്ങപ്പുലരിയെക്കുറിച്ചാണ് ഈ കുറിപ്പ്.

കര്‍ണാടകയിലെ മൈസൂരില്‍ നിയമം പഠിക്കാനെത്തിയവരായിരുന്നു ആ വിദ്യാര്‍ഥികളെല്ലാം. ഒരു വര്‍ഷത്തെ അഭ്യാസം പൂര്‍ത്തിയാക്കി, സീനിയര്‍ പട്ടം കരസ്ഥമാക്കിയെങ്കിലും ഒന്നു വിരട്ടാന്‍ ഒരു ജൂനിയറെ പോലും കിട്ടാത്ത വിഷമം എല്ലാവര്‍ക്കുമുണ്ടായിരുന്നു. തങ്ങള്‍ക്ക് കിട്ടിയതിന്റെ ഒരംശമെങ്കിലും പിന്‍മുറക്കാര്‍ക്ക് നല്‍കണമെന്നതാണല്ലോ റാഗിങ്ങിന്റെ ഫിലോസഫി. അങ്ങിനെ കണ്ണിലെണ്ണയൊഴിച്ചിരിക്കുമ്പോഴാണ്.ഒട്ടൊക്കെ (കു)പ്രസിദ്ധമായ ഞങ്ങളുടെ ലോഡ്ജിലേക്ക് ഒരു മലയാളി കടന്നുവരുന്നത്. കോട്ടയത്തു നിന്നും രക്ഷിതാക്കളോടൊപ്പം വയനാട്ടില്‍ ചേക്കേറിയ ഒരു പ്രീഡിഗ്രിക്കാരന്‍ പയ്യന്‍.
ആദ്യമായി കോളേജിലെത്തുന്ന ജൂനിയറെ ഞങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്തു. അവന് നല്ല ഒരു മുറി തന്നെ തരപ്പെടുത്തിക്കൊടുക്കാനും കൂടെ വന്ന ബന്ധുക്കളെ അതു വഴി കയ്യിലെടുക്കാനും ഞങ്ങളെല്ലാം വളരെയേറെ ശ്രദ്ധിച്ചു. എന്തായാലും അവനെ അവിടെയാക്കി തിരിച്ചുപോകുമ്പോള്‍ വീട്ടുകാരിലൊരാള്‍ ഞങ്ങളോട് പറഞ്ഞു. ഇവന്‍ ആദ്യമായാണ് ഞങ്ങളെ പിരിഞ്ഞു നില്‍ക്കുന്നത്. നിങ്ങളൊക്കെ ഉണ്ടല്ലോ എന്നതാണ് പിന്നെയൊരു സമാധാനം. പയ്യന്റെ മുഖത്തു നിന്ന് രക്ഷകര്‍ത്താക്കളുടെ സമാധാനഹേതു അവന്റെ സമാധാനം ഒട്ടൊക്കെ കെടുത്തിയെന്ന് വ്യക്തമായിരുന്നു. ഞങ്ങളെയെല്ലാം മാറിമാറി നോക്കി ചെന്നായ്ക്കളുടെ മുന്നിലകപ്പെട്ട ആട്ടിന്‍കുട്ടിയെപ്പോലെ അവന്‍ ഒതുങ്ങിമാറി നിന്നു. പക്ഷേ അവനെ അന്നു രാത്രി തന്നെ വിരട്ടണമെന്ന കാര്യത്തില്‍ ഞങ്ങള്‍ ക്കാര്‍ക്കും അഭിപ്രായവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.

കര്‍ക്കടകത്തിലെ അവസാനദിവസമായിരുന്നു. എങ്ങനെയാണ് പദ്ധതി നടപ്പിലാക്കേണ്ടതെന്ന് ഞങ്ങള്‍ പലവട്ടം ചര്‍ച്ച ചെയ്തു.ഒന്നു വിരട്ടിയാല്‍ മതിയെന്ന ചിന്താഗതിക്കാരായ മിതവാദികള്‍ മുതല്‍ ശരിക്കും പിടിക്കണം എന്ന വാശിക്കാരായ തീവ്രവാദികള്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നതു കൊണ്ട് ചര്‍ച്ചകള്‍ സാമാന്യം നീണ്ടു പോയെന്നു മാത്രം. ഒടുവില്‍ വിരട്ടിയാല്‍ മതി,പിടിക്കേണ്ട എന്നു തന്നെ തീരുമാനിച്ചു.


....... ബാക്കി ഭാഗം മറ്റൊരു പോസ്റില്‍ വായിക്കുക.

No comments: