Saturday, January 2, 2010

റാഗിംഗ് കഥ തുടരുന്നു.

(കഥയുടെ ആദ്യഭാഗം മറ്റൊരു പോസ്റില്‍ കൊടുത്തത് വായിക്കുമല്ലോ)

രാത്രി ഒമ്പതു മണിയോടെ ഞങ്ങള്‍ ലോഡ്ജിന്റെ രണ്ടാം നിലയില്‍ ഒരു മുറിയില്‍ ഒത്തുകൂടി.പരിസരങ്ങളിലെ മുറികളിലുള്ളവരൊക്കെ ഉറങ്ങാന്‍ വേണ്ടി കുറേ നേരം കാത്തിരുന്നു.പത്തു മണിയോടെ ഇരയെ കൂട്ടിക്കൊണ്ടു വരാന്‍ ഒരാള്‍ പോയി.
ഉറക്കച്ചടവോടെ കണ്ണും തിരുമ്മി ഞങ്ങളുടെ മുന്നിലെത്തിയപ്പോള്‍ തന്നെ അവനു കാര്യം മനസ്സിലായി. എല്ലാവരുടെ മുഖത്തും ഭയങ്കരഗൌരവം. പകല്‍ കണ്ട ഒരു സൌഹൃദഭാവവും ആ കണ്ണുകളിലില്ല. (ആദ്യറാഗിംഗിനിടയില്‍ ഗൌരവം ചോര്‍ന്നു പോകാതിരിക്കാന്‍ ഓരോരുത്തര്‍ അനുഭവിച്ച പാട് ആരറിയാന്‍. )

എന്താടാ പേര്
ആദ്യത്തെ ചോദ്യം കുറിക്കു കൊണ്ടു. അവന്‍ ഞെട്ടുന്നത് ഞങ്ങള്‍ ശരിക്കും കണ്ടു. (സീനിയേഴ്സായി എന്ന് ഞങ്ങള്‍ക്ക് സ്വയം തോന്നിയത് അപ്പോഴാണ്. ) പിന്നെ തുരുതുരാ ചോദ്യങ്ങള്‍.കേരളത്തിലെ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് വഴക്കു മൂര്‍ഛിച്ച സമയമായിരുന്നു അത്. അവന്‍ കെ എസ് യു (ഐ)യുടെ പ്രതിനിധിയായി കോളേജ് യൂണിയന്‍ പ്രീഡിഗ്രി റെപ്രസന്റേറീവായിരുന്നു. സ്വാഭാവവികമായും ചോദ്യങ്ങള്‍ രാഷ്ട്രീയത്തിലേക്ക് നീങ്ങി.
നിന്റെ ഗ്രൂപ്പേതാടാ
ഐ ഗ്രൂപ്പ്.
തിരുത്തലോ തിരുമ്മലോ അടുത്ത ചോദ്യം
അങ്ങനെയൊരു ചോദ്യം അവന്‍ പ്രതീക്ഷിച്ചതല്ല. അവന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളു. അപ്പോള്‍ അടുത്ത ചോദ്യം
.മുദ്രാവാക്യം വിളിക്കാറുണ്ടോ
ഉവ്വ്
എന്നാല്‍ എ കെ ആന്റണിക്ക് രണ്ടു ജയ് വിളിക്ക്.

കെ കരുണാകരന്റെ ആ കുഞ്ഞനുയായിക്ക് ആന്റണിക്ക് ജയ് വിളിക്കുന്നത് ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. അവന്‍ മിണ്ടാതെ തലയും താഴ്ത്തി നിന്നു. അപ്പോഴാണ് അടുത്ത ആജ്ഞ

ആന്റണിക്ക് ജയ് വിളിച്ചില്ലേല്‍ വേണ്ട. കരുണാകരനെതിരെ രണ്ടു മുദ്രാവാക്യം വിളിക്ക്. കേള്‍ക്കട്ടെ. അവന്‍ അപ്പോഴും മിണ്ടാതെ നിന്നു.
ഇതു വരെ മിതവാദികളായിരുന്നു സംഭവം ലീഡ് ചെയ്തിരുന്നത്. പയ്യന്റെ നിസ്സഹകരണം തീരെ പിടിക്കാതിരുന്ന തീവ്രവാദികള്‍ രംഗം കയ്യേറി.

എന്താടാ മിണ്ടാത്തേ .വായില്‍ പഴമാണോ.
ഭാഷയിലെ വ്യത്യാസം അവന്‍ ശ്രദ്ധിച്ചു. അതോടെ മൌനവ്രതം നിര്‍ത്തി കരച്ചില്‍ തുടങ്ങി.( മിതവാദികളില്‍ ചിലര്‍ക്ക് പേടിയായി)
നെഞ്ചത്തു കൈ വയ്ക്കാതെ സ്മാര്‍ട്ട് ആയി നിന്ന് കരയെടാ. ആരോ നിര്‍ദ്ദേശിച്ചു.

അപ്പോഴാണ് ഞങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ട് അവന്‍ ആ സത്യം പുറത്തു വിട്ടത്.അവന്റെ ഹൃദയം വലതുഭാഗത്താണെന്നും മനോവിഷമം വന്നാല്‍ നെഞ്ചുവേദന വരുമെന്നുമൊക്കെ. ടെന്‍ഷനടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുകൂടി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കൂടി അവന്‍ തേങ്ങലുകള്‍ക്കിടയില്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ വിറച്ചു പോയി. ഞങ്ങളുടെ നിശബ്ദതയില്‍ അവന്റെ കരച്ചിലിന് ശക്തി കൂടി. അവനെ എങ്ങനെയെങ്കിലും മുറിയില്‍ കൊണ്ടു വിടാനായി ഞങ്ങളുടെ ശ്രമം.

No comments: