Thursday, March 24, 2011

പഴഞ്ചന്‍ കാര്യങ്ങള്‍ പുനപ്രക്ഷേപണം ചെയ്ത് ആകാശവാണിയുടെ സൈബര്‍ ജാലകം.

കമ്പ്യൂട്ടറിനെയും മൊബൈല്‍ ഫോണിനെയും പറ്റി അറിയേണ്ടതെല്ലാം ശ്രോതാക്കളിലെത്തിക്കാന്‍ ആകാശവാണി തുടങ്ങിയ പരിപാടിയുടെ പേരാണ് സൈബര്‍ ജാലകം. കമ്പ്യൂട്ടറുമായി ആകാശവാണി അടുത്തിടപഴകാന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ലായിരിക്കാം. എന്നാല്‍ ഒരു ശരാശരി കേരളീയന്റെ സ്ഥിതി അതല്ല. കമ്പ്യൂട്ടറുമൊത്തുള്ള ജീവിതയാത്രയില്‍ അവന്‍ ബഹുദൂരം മുന്നിലാണ്. ഈ രംഗത്തെ ഏറ്റവും പുതിയ ട്രെന്റുകളെ കുറിച്ചാണ് അവന് അറിയേണ്ടത്. പി.എസ്.സി. പരീക്ഷയിലോ പ്രൈമറി ക്ളാസിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഐ.ടി. ക്വിസ്സിലോ ചോദിക്കാനിടയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമൊരുക്കിക്കൊടുക്കലാണ് ആകാശവാണിയുടെ ലക്ഷ്യമെങ്കില്‍ അതിനെ അംഗീകരിക്കുകയേ നമുക്ക് പോംവഴിയുള്ളു.
ഇനി വേണമെങ്കില്‍ ആകാശവാണിക്ക് പറയാം , ഞങ്ങള്‍ സാധാരണക്കാരായ പ്രേക്ഷകരെയാണ് അഭിസംബോധന ചെയ്യുന്നതെന്ന്. അവര്‍ക്കും ഇത്തരം കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം കൊണ്ട് ഒന്നും നേടാനില്ലെന്നതാണ് സത്യം.

എന്തൊക്കെയായാലും ഇത്രയും പഴഞ്ചന്‍ വിഷയങ്ങള്‍ പുനപ്രക്ഷേപണം ചെയ്ത് ശ്രോതാക്കളെ ഭൂതകാലത്തില്‍ തളച്ചിടരുതെന്ന് എന്നൊരഭ്യര്‍ഥനയുണ്ട്. സെര്‍ച്ചിന്‍ എഞ്ചിന്‍ എന്ന മഹാകാര്യത്തെ പറ്റി രണ്ടു തവണ ഈ പംക്തിയില്‍ നിന്ന് കേള്‍ക്കാനുള്ള നിര്‍ഭാഗ്യം ഉണ്ടായി. ഇന്ന് (മാര്‍ച്ച് ഇരുപത്തിയഞ്ച്) രാവിലെയായിരുന്നു രണ്ടാം പ്രക്ഷേപണം- ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍, മോസില്ല ഫയര്‍ഫോക്സ് എന്നിത്യാദി എഞ്ചിനുകളെപ്പറ്റി നമ്മെ വീണ്ടും വീണ്ടും ഉദ്ബുദ്ധരാക്കാനുള്ള ശ്രമത്തിലാണ് ആകാശവാണി.

No comments: