Tuesday, August 25, 2009

ശാസ്തൃശര്‍മന്‍ ‍- ശാസ്ത്രശര്‍മന്‍ ‍- ശാസ്ത്രുശര്‍മന്‍

സ്വന്തം പേര് തെറ്റായി പറയുന്നത് കേള്‍ക്കാനും തെറ്റായി എഴുതുന്നത് വായിക്കാനുമാണ് ഈ കവിയ്ക്ക് എന്നും വിധി. പത്രങ്ങളായ പത്രങ്ങളെല്ലാം ശാസ്തൃശര്‍മന്‍ എന്ന പേര് നേരാം വണ്ണം കൊടുക്കാറേയില്ല. അവരത് ശാസ്ത്രശര്‍മന്‍ എന്നേ എഴുതൂ. അധ്യാപകന്‍ കൂടിയായ ഇദ്ദേഹത്തിന് ഈ അക്ഷരത്തെറ്റ് ഒരിക്കലും തിരുത്താനുമാവുന്നില്ല. ഈയിടെ ശര്‍മന്‍ മാഷെ വേദിയിലിരുത്തി കുറെ പേര്‍ ഈ തെറ്റായ പേര് വിളിച്ച് അദ്ദേഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.അദ്ദേഹത്തിന്റെ പുസ്തകപ്രകാശനവും ചിത്രപ്രദര്‍ശനവും നടന്ന കൂട്ടത്തിലായിരുന്നു ഇത്.ചിലര്‍ സൌകര്യപൂര്‍വം (ഇത് ചിലപ്പോള്‍ സ്നേഹപൂര്‍വ്വവുമാവാം)ശര്‍മന്‍ എന്ന് മാത്രം വിളിച്ചു രക്ഷപ്പെട്ടു. പുസ്തകപ്രകാശനത്തിന്റെ വാര്‍ത്ത കൊടുത്ത ഒരു പത്രം ഏതായാലും തെറ്റൊന്ന് തിരുത്താന്‍ തന്നെ തീരുമാനിച്ചു.പക്ഷെ എന്തു ചെയ്യാം അതു ശാസ്ത്രുശര്‍മന്‍ എന്ന മറ്റൊരബദ്ധമാവുകയും ചെയ്തു.

കവി പി പി രാമചന്ദ്രന്‍, ഒടുക്കം മാഷ് പണി വേണ്ടെന്നു വച്ചീടുമോ ?

കവിതയും അധ്യാപനവും ഒരിക്കലും ഒത്തുപോവില്ലത്രെ. കവിത ചുരുക്കിപ്പറച്ചിലിന്റേതാണെങ്കില്‍, മാഷ്ടെ പണി പരത്തിപ്പറച്ചിലിന്റേതാണ് എന്നതത്രെ ഇതിന്റെ പ്രധാനകാരണം. പഠിപ്പിച്ചു കഴിഞ്ഞ് മനസ്സിലായോ മനസ്സിലായോ എന്ന് മാഷ് വീണ്ടും വീണ്ടും ചോദിക്കുന്നത് തന്റെ മുന്നിലുള്ള വിദ്യാര്‍ഥിയിലുള്ള അവിശ്വാസം കൊണ്ടത്രെ. (സ്വന്തം കഴിവിലുള്ള അവിശ്വാസവും കാരണമായേക്കാമെന്നു തോന്നുന്നുന്നു) മാഷ്ന്മാരായ കവികള്‍ അവരുടെ രചനയിലുടനീളം അടിക്കുറിപ്പുകളും വിശദീകരണങ്ങളും കൊടുക്കുന്നു. അഥവാ പണ്ടൊരു കവിമാഷ് അങ്ങനെ ചെയ്തുപോയിട്ടുണ്ട്. കേരളത്തില്‍ മാത്രമെ കവി സമം അധ്യാപകന്‍ എന്ന സ്ഥിതിയുള്ളു. ദേശീയ കവിസമ്മേളനത്തിലും മറ്റും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കവികളില്‍ പലരും പോലീസ് ഓഫീസര്‍മാരും മറ്റുമാണ്. അവരില്‍ പാത്രക്കച്ചവടക്കാര്‍ പോലുമുണ്ട്. എന്നാല്‍ മഷിയിട്ടു നോക്കിയാല്‍ പോലും ഒരു മാഷെ കാണാന്‍ കിട്ടുകയില്ല.

കവി പി പി രാമചന്ദ്രനാണ് ഈ കണ്ടെത്തലുകള്‍ നടത്തിയത്. അധ്യാപകനായ മറ്റൊരു കവിയു
ടെ പുസ്തകപ്രകാശനവേദിയിലാണ് ഇത് സംഭവിച്ചത്. ഈ കണ്ടെത്തലിന്റെ അവസാനത്തില്‍ അദ്ദേഹം മാഷ് പണി വേണ്ടെന്ന് വയ്ക്കാന്‍ കൂടി തീരുമാനിച്ചാല്‍ ഈ കവി-അധ്യാപക അസംബന്ധത്തിനെതിരായുള്ള ഒരു കാല്‍വെപ്പാകില്ലേ ?

സര്‍ക്കാറെന്തും കരുതട്ടെ, ഡെങ്കിപ്പനിസംശയമരണം ദേശാഭിമാനി രണ്ടു വട്ടം വാര്‍ത്തയാക്കും

പാര്‍ടി പത്രമാണെന്നു കരുതി, ദേശാഭിമാനിക്ക് സര്‍ക്കാറിന് അപ്രിയമായ സത്യങ്ങള്‍ തമസ്കരിക്കണമെന്ന വിചാരമൊന്നുമില്ല. സാധാരണ മരണത്തെ പട്ടിണി മരണമാക്കാനും സാധാരണ പനിയെ സര്‍ക്കാരിന്റെ കൊള്ളരുതായ്മ കൊണ്ടുണ്ടായ പകര്‍ച്ചപ്പനിയാണെന്നു വരുത്താനും ഭരണവിരുദ്ധപത്രങ്ങള്‍ തരം കിട്ടുമ്പോഴൊക്കെ ശ്രമിക്കുന്ന സമയത്ത് കാര്യങ്ങളെ ഇത്തിരി മയപ്പെടുത്തി വാര്‍ത്ത കൊടുക്കുവാന്‍ ദേശാഭിമാനി ശ്രമിക്കുമെന്ന് കരുതിയോ? എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. ദേശാഭിമാനിയില്‍ ആര്‍ക്കോ ഉണ്ടായ ഒരു സംശയത്തെപ്പോലും മുഖവിലക്കെടുത്ത് ഒരു ഡെങ്കിപ്പനി മരണവാര്‍ത്ത വന്നു. ഒരു തവണയല്ല ,രണ്ടു തവണ. രോഗിയെ ചികിത്സിച്ച സ്വകാര്യആശുപത്രിക്കാര്‍ എഴുതിക്കൊടുത്ത സര്‍ട്ടിഫിക്കറ്റില്‍ ഡെങ്കിപ്പനിയെന്നു സംശയമെന്നു കണ്ടതേയുള്ളു. കൂടുതലൊന്നും ആലോചിക്കാനോ അന്വേഷിക്കാനോ നില്‍ക്കാതെ ലേഖകന്‍ വാര്‍ത്ത കൊടുത്തു. വാര്‍ത്തയുടെ പ്രാധാന്യം മനസ്സിലാക്കിയ സബ് എഡിറ്ററാകട്ടെ ആ വാര്‍ത്ത വള്ളി പുള്ളി വിടാതെ ചരമപേജിലും പൊതുവാര്‍ത്താപേജിലും കൊടുത്തു. ( 2009 ആഗസ്റ്റ് മൂന്ന് -തൃശൂര്‍ എഡിഷന്‍)ചരമപേജില്‍ വാര്‍ത്തയോടൊപ്പമുണ്ടായിരുന്ന ഫോട്ടോ അഞ്ചാം പേജില്‍ വീണ്ടും കൊടുത്തില്ല എന്ന ഒരു അപാകത മാത്രമേ സബ്എഡിറ്ററുടെ ഭാഗത്തു നിന്നുണ്ടായുള്ളു.

Saturday, August 8, 2009

മുരളിക്കാര്യത്തിലേക്ക് എന്തിന് പാവം മഹാത്മജിയെ വലിച്ചിഴയ്ക്കണം


കരുണാകരപുത്രന്‍ മുരളി വല്ലതും പറയുമ്പോള്‍ അതിനോട് ഏതെങ്കിലും കാര്‍ട്ടൂണിസ്റ് പ്രതികരിക്കുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ ഇതിനിടയിലേക്ക് മഹാത്മാഗാന്ധിയെ വലിച്ചിഴക്കുന്നതെന്തിനാണ്. മനോരമയില്‍ കുഞ്ചുക്കറുപ്പെന്ന പോക്കറ്റ് കാര്‍ട്ടൂണിലാണ് ഇനിയുള്ള കാലം അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കുമെന്ന മുരളിയുടെ പ്രസ്താവനയോട് കാര്‍ട്ടൂണിസ്റ് ഇങ്ങനെ പ്രതികരിച്ചത് : മുരളി കരംചന്ദ് ഗാന്ധി.
നമ്മുടെ മഹാത്മാവ് അദ്ദേഹത്തിന്റെ ജീവിതകാലത്തെപ്പോഴെങ്കിലും അച്ചടക്കമുള്ള പ്രവര്‍ത്തകനായിരിക്കാമെന്നു ആര്‍ക്കെങ്കിലും വാക്കുകൊടുക്കൂകയുണ്ടായോ ? അറിഞ്ഞുകൂട. മുരളിയുമായി യാതൊരു തരത്തിലും ചേര്‍ത്തു പറയാന്‍ പാടില്ലാത്ത ആ പാവനമായ പേര് കാര്‍ട്ടൂണിസ്റ് ഈ നാറ്റക്കേസിലേക്ക് എന്തിനു വലിച്ചിഴച്ചു എന്ന് എങ്ങനെ ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല.

Sunday, August 2, 2009

വാക്കിലെ കൌതുകം മൂലം മനോരമത്തലക്കെട്ടിന് നാലുകോളത്തിന്റെ നീളം

മറ്റു പത്രങ്ങള്‍ ഒന്നോ രണ്ടോ കോളത്തില്‍ ഒതുക്കി തലക്കെട്ട് കൊടുത്ത ഒരു വാര്‍ത്ത മനോരമയില്‍ വന്നപ്പോള്‍ നാലു കോളത്തിലും രണ്ടു നിരയിലുമായി വലിയൊരു തലക്കെട്ട് .ഫിലിപ്പീന്‍സ് മുന്‍പ്രസിഡന്റ് കോറസോണ്‍ അക്വിനോയുടെ ചരമവാര്‍ത്തയ്ക്കാണ് ഈ സൌഭാഗ്യമുണ്ടായത്. വാര്‍ത്തയുടെ അമിതപ്രാധാന്യം കൊണ്ടാണ് ഈ സമൃദ്ധമായ തലക്കെട്ട് എന്ന് കരുതിയോ. എന്നാല്‍ അല്ലേ അല്ല. കോറസോണിന് ഒരു ചുരുക്കപ്പേരുണ്ടത്രെ - കോറി. ഈ കോറി എന്ന വാക്കിലങ്ങു കയറിപ്പിടിച്ചു, ലേഖകന്‍(അല്ലെങ്കില്‍ സബ് എഡിറ്റര്‍). പിന്നെ കോറിയെ എങ്ങനെയെങ്കിലും ഉപയോഗപ്പെടുത്തൂവാനുള്ള ആലോചനയായി. കോറി എന്നത് കോറുക എന്ന ക്രിയയുടെ പാസ്റ് ടെന്‍സാണ്. അങ്ങനെ ഈ അതിശയന്‍ തലക്കെട്ട് ഉടലെടുത്തു. -ഫിലിപ്പീന്‍സില്‍ ജനാധിപത്യത്തിന്റെ രജതരേഖകള്‍ കോറിയിട്ട് കോറി ചരിത്രത്തിലേക്ക് മടങ്ങി.

മാതൃഭൂമിയില്‍ തലക്കെട്ട് ഒറ്റക്കോളമേയുള്ളു. കോറോസോണ്‍ അക്വിനോ അന്തരിച്ചു എന്നു മാത്രം. മനോരമ കാണാതിരുന്ന, പരേതയുടെ മറ്റൊരു വിശേഷണം - ആധുനികകാലത്തെ ജോവന്‍ ഓഫ് ആര്‍ക്ക് - മാതൃഭൂമി വാര്‍ത്തയില്‍ കാണുകയും ചെയ്തു. കോറിയെന്ന ഓമനപ്പേര് വാര്‍ത്തയില്‍ പരാമര്‍ശിച്ചിക്കാതിരുന്നിട്ടില്ല. കോറസോണ്‍ അക്വിനോ അന്തരിച്ചു.

ദേശാഭിമാനി വാര്‍ത്തയിലും തലക്കെട്ടില്‍ കോറസോണ്‍ അക്വിനോ അന്തരിച്ചു എന്നേയുള്ളൂ. വലിയ അക്ഷരത്തിലായതിനാല്‍ രണ്ടു കോളത്തിലും രണ്ടു നിരയിലുമായിട്ടുണ്ട് എന്നു മാത്രം. അവര്‍ക്ക് കോറിയെന്ന ഓമനപ്പേരുള്ള കാര്യം ദേശാഭിമാനിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് തോന്നുന്നു. പക്ഷേ, മനോരമയിലില്ലാത്ത ഒരു പ്രധാനവിവരം ഉള്‍പ്പെടുത്താന്‍ മറന്നിട്ടില്ല - ഏഷ്യയിലെ പ്രഥമ വനിതാ പ്രസിഡണ്ടാണിവര്‍.
വളരെ മുമ്പ് മനോരമയില്‍ വന്ന ഒരു തലക്കെട്ട് കൌതുകമുണര്‍ത്തിയിരുന്നു. കോഴിമുട്ട വിവാദ ത്തില്‍ പെട്ട കറി എന്ന വ്യക്തി(ആണോ പെണ്ണോ എന്നൊന്നും ഓര്‍ക്കുന്നില്ല)യെ കുറിച്ചുള്ള വാര്‍ത്തയുടെ തലക്കെട്ട് മുട്ടയില്‍ വീണ കറി എന്നായിരുന്നു. കറിയിലാണ് സാധാരണ ഗതിയില്‍ മുട്ട വീഴാന്‍ സാധ്യത എന്നിരിക്കെ മുട്ടയില്‍ വീണ കറി എന്നത് രസികന്‍ സംഭവമായിരുന്നു. എന്നാല്‍ കോറി പ്രയോഗമുണ്ടാക്കിയ പോറല്‍ അത്ര രസമുള്ളതല്ല എന്നു പറയാതെ വയ്യ.

റിമി ടോമി കേണു, എം ജി ശ്രീകുമാര്‍ വീണു, കണ്ടെസ്റന്റിന് മാര്‍ക്കും കൂടി...

ഏഷ്യാനെറ്റിലെ സ്റാര്‍ സിംഗര്‍ പരിപാടിയില്‍ എന്തൊക്കെ കാണേണ്ടി വരും. ഒരു മത്സരാര്‍ഥിയുടെ പെര്‍ഫോമന്‍സിന് നാലു മാര്‍ക്കു മാത്രം കൊടുത്ത ശ്രീകുമാറിനോട് റിമി കേഴുന്നു. ഉടന്‍ ശ്രീകുമാര്‍ വഴങ്ങുന്നു. മാര്‍ക്ക് നാലില്‍ നിന്ന് അഞ്ചാവുന്നു. തീര്‍ന്നില്ല ,എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മാര്‍ക്ക് ആറും ഏഴുമാവുന്നു. ജനത്തെ രസിപ്പിക്കാന്‍ എന്തെല്ലാം നാടകം കളിക്കണം. ആദ്യം തന്നെ ഏഴു മാര്‍ക്കു കൊടുത്തിരുന്നെങ്കില്‍ ഇത്തരം കൌതുകക്കാഴ്ചകള്‍ നഷ്ടപ്പെടുമായിരുന്നില്ലേ