Tuesday, August 25, 2009

സര്‍ക്കാറെന്തും കരുതട്ടെ, ഡെങ്കിപ്പനിസംശയമരണം ദേശാഭിമാനി രണ്ടു വട്ടം വാര്‍ത്തയാക്കും

പാര്‍ടി പത്രമാണെന്നു കരുതി, ദേശാഭിമാനിക്ക് സര്‍ക്കാറിന് അപ്രിയമായ സത്യങ്ങള്‍ തമസ്കരിക്കണമെന്ന വിചാരമൊന്നുമില്ല. സാധാരണ മരണത്തെ പട്ടിണി മരണമാക്കാനും സാധാരണ പനിയെ സര്‍ക്കാരിന്റെ കൊള്ളരുതായ്മ കൊണ്ടുണ്ടായ പകര്‍ച്ചപ്പനിയാണെന്നു വരുത്താനും ഭരണവിരുദ്ധപത്രങ്ങള്‍ തരം കിട്ടുമ്പോഴൊക്കെ ശ്രമിക്കുന്ന സമയത്ത് കാര്യങ്ങളെ ഇത്തിരി മയപ്പെടുത്തി വാര്‍ത്ത കൊടുക്കുവാന്‍ ദേശാഭിമാനി ശ്രമിക്കുമെന്ന് കരുതിയോ? എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. ദേശാഭിമാനിയില്‍ ആര്‍ക്കോ ഉണ്ടായ ഒരു സംശയത്തെപ്പോലും മുഖവിലക്കെടുത്ത് ഒരു ഡെങ്കിപ്പനി മരണവാര്‍ത്ത വന്നു. ഒരു തവണയല്ല ,രണ്ടു തവണ. രോഗിയെ ചികിത്സിച്ച സ്വകാര്യആശുപത്രിക്കാര്‍ എഴുതിക്കൊടുത്ത സര്‍ട്ടിഫിക്കറ്റില്‍ ഡെങ്കിപ്പനിയെന്നു സംശയമെന്നു കണ്ടതേയുള്ളു. കൂടുതലൊന്നും ആലോചിക്കാനോ അന്വേഷിക്കാനോ നില്‍ക്കാതെ ലേഖകന്‍ വാര്‍ത്ത കൊടുത്തു. വാര്‍ത്തയുടെ പ്രാധാന്യം മനസ്സിലാക്കിയ സബ് എഡിറ്ററാകട്ടെ ആ വാര്‍ത്ത വള്ളി പുള്ളി വിടാതെ ചരമപേജിലും പൊതുവാര്‍ത്താപേജിലും കൊടുത്തു. ( 2009 ആഗസ്റ്റ് മൂന്ന് -തൃശൂര്‍ എഡിഷന്‍)ചരമപേജില്‍ വാര്‍ത്തയോടൊപ്പമുണ്ടായിരുന്ന ഫോട്ടോ അഞ്ചാം പേജില്‍ വീണ്ടും കൊടുത്തില്ല എന്ന ഒരു അപാകത മാത്രമേ സബ്എഡിറ്ററുടെ ഭാഗത്തു നിന്നുണ്ടായുള്ളു.

No comments: