മറ്റു പത്രങ്ങള്‍ ഒന്നോ രണ്ടോ കോളത്തില്‍ ഒതുക്കി തലക്കെട്ട് കൊടുത്ത ഒരു വാര്‍ത്ത മനോരമയില്‍ വന്നപ്പോള്‍ നാലു കോളത്തിലും രണ്ടു നിരയിലുമായി വലിയൊരു തലക്കെട്ട് .ഫിലിപ്പീന്‍സ് മുന്‍പ്രസിഡന്റ് കോറസോണ്‍ അക്വിനോയുടെ ചരമവാര്‍ത്തയ്ക്കാണ് ഈ സൌഭാഗ്യമുണ്ടായത്. വാര്‍ത്തയുടെ അമിതപ്രാധാന്യം കൊണ്ടാണ് ഈ സമൃദ്ധമായ തലക്കെട്ട് എന്ന് കരുതിയോ. എന്നാല്‍ അല്ലേ അല്ല. കോറസോണിന് ഒരു ചുരുക്കപ്പേരുണ്ടത്രെ - കോറി. ഈ കോറി എന്ന വാക്കിലങ്ങു കയറിപ്പിടിച്ചു, ലേഖകന്‍(അല്ലെങ്കില്‍ സബ് എഡിറ്റര്‍). പിന്നെ കോറിയെ എങ്ങനെയെങ്കിലും ഉപയോഗപ്പെടുത്തൂവാനുള്ള ആലോചനയായി. കോറി എന്നത് കോറുക എന്ന ക്രിയയുടെ പാസ്റ് ടെന്‍സാണ്. അങ്ങനെ ഈ അതിശയന്‍ തലക്കെട്ട് ഉടലെടുത്തു. -ഫിലിപ്പീന്‍സില്‍ ജനാധിപത്യത്തിന്റെ രജതരേഖകള്‍ കോറിയിട്ട് കോറി ചരിത്രത്തിലേക്ക് മടങ്ങി.
മാതൃഭൂമിയില്‍ തലക്കെട്ട് ഒറ്റക്കോളമേയുള്ളു. കോറോസോണ്‍ അക്വിനോ അന്തരിച്ചു എന്നു മാത്രം. മനോരമ കാണാതിരുന്ന, പരേതയുടെ മറ്റൊരു വിശേഷണം - ആധുനികകാലത്തെ ജോവന് ഓഫ് ആര്‍ക്ക് - മാതൃഭൂമി വാര്‍ത്തയില്‍ കാണുകയും ചെയ്തു. കോറിയെന്ന ഓമനപ്പേര് വാര്‍ത്തയില്‍ പരാമര്‍ശിച്ചിക്കാതിരുന്നിട്ടില്ല. കോറസോണ്‍ അക്വിനോ അന്തരിച്ചു.
ദേശാഭിമാനി വാര്‍ത്തയിലും തലക്കെട്ടില്‍ കോറസോണ്‍ അക്വിനോ അന്തരിച്ചു എന്നേയുള്ളൂ. വലിയ അക്ഷരത്തിലായതിനാല്‍ രണ്ടു കോളത്തിലും രണ്ടു നിരയിലുമായിട്ടുണ്ട് എന്നു മാത്രം. അവര്‍ക്ക് കോറിയെന്ന ഓമനപ്പേരുള്ള കാര്യം ദേശാഭിമാനിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് തോന്നുന്നു. പക്ഷേ, മനോരമയിലില്ലാത്ത ഒരു പ്രധാനവിവരം ഉള്‍പ്പെടുത്താന്‍ മറന്നിട്ടില്ല - ഏഷ്യയിലെ പ്രഥമ വനിതാ പ്രസിഡണ്ടാണിവര്‍.
വളരെ മുമ്പ് മനോരമയില്‍ വന്ന ഒരു തലക്കെട്ട് കൌതുകമുണര്‍ത്തിയിരുന്നു. കോഴിമുട്ട വിവാദ ത്തില്‍ പെട്ട കറി എന്ന വ്യക്തി(ആണോ പെണ്ണോ എന്നൊന്നും ഓര്‍ക്കുന്നില്ല)യെ കുറിച്ചുള്ള വാര്‍ത്തയുടെ തലക്കെട്ട് മുട്ടയില്‍ വീണ കറി എന്നായിരുന്നു. കറിയിലാണ് സാധാരണ ഗതിയില്‍ മുട്ട വീഴാന്‍ സാധ്യത എന്നിരിക്കെ മുട്ടയില്‍ വീണ കറി എന്നത് രസികന്‍ സംഭവമായിരുന്നു. എന്നാല്‍ കോറി പ്രയോഗമുണ്ടാക്കിയ പോറല്‍ അത്ര രസമുള്ളതല്ല എന്നു പറയാതെ വയ്യ.
1 comment:
സബ് എഡിറ്റര്‍മാര്‍ ഇറച്ചി വെട്ടുകാരാകുമ്പോള് ഇതിലുമപ്പുറം സംഭവിക്കും.
നിരീക്ഷണം നന്നായി........
Post a Comment