Thursday, October 15, 2009

സമയം

സ്റാഫ് റൂം ചുമരിലെ ഒരേയൊരു ക്ളോക്ക് : മൂന്നാം ക്ളാസിലെ കണക്കുടീച്ചര്‍ക്ക് സമയ ത്തെക്കുറിച്ചുള്ള പാഠം പഠിപ്പിക്കാന്‍ ; സ്കൂള്‍ വിട്ടയുടനെ , തന്നെ ഓഫീസ് റൂമില്‍ തന്നെ തനിച്ചാക്കി ബസ്സ്റോപ്പിലേക്കോടുന്ന സഹപ്രവര്‍ത്തകരെ ചട്ടം പഠിപ്പിക്കാനായി ഹെഡ് ടീച്ചര്‍ക്ക് സ്ളോ ആക്കി വയ്ക്കാന്‍ ; വെള്ളിയാഴ്ചകളില്‍ ഉച്ചക്കുള്ള ഇടവേളയിലെ അധികഅരമണിക്കൂര്‍ മുതലാക്കി തുണിക്കടകളില്‍ ഷോപ്പിംഗിന് പോകുന്ന പെണ്ണധ്യാപകരോട് കുശുമ്പ് കാണിക്കാന്‍ സ്കൂളിലെ ഏക ആണ്‍തരിയായ സുധീഷ് മാഷ്ക്ക് ഫാസ്റാക്കി വയ്ക്കാന്‍.

ഒരു സുന്ദരസായന്തനത്തില്‍...

വൈകുന്നേരം. സ്കൂള്‍ കുറച്ചു നേരത്തെ വിട്ടതിനാല്‍ വീട്ടിലെത്തി, അടുക്കളജോലികള്‍ വേഗം തീര്‍ക്കാനായതില്‍ ഭാര്യ സന്തുഷ്ട. മകന്‍ അയാളുടെ സ്കൂളില്‍ തന്നെയാണ് പഠിക്കുന്നത്. രണ്ടു പേരും വൈകാതെ തന്നെ വീട് പൂകി. സ്കൂട്ടര്‍ ഗാരേജില്‍ വച്ചു പൂട്ടി, സിറ്റൌട്ടിലെത്തിയതേയുള്ളു, പ്ളസ് വണ്ണിന് പഠിക്കുന്ന മകളുടെ ബസ്സ് ഗേറ്റിന് മുന്നില്‍ വന്നു നിന്നു. ഗേറ്റടച്ച് മകളും കൂടി വീടിനകത്ത് കയറി. ആകെ മൊത്തം സമ്പൂര്‍ണത കൈവരിച്ച ഒരു സുന്ദരസായന്തനം പോലെ അയാള്‍ക്കു തോന്നി.

ചായ കുടി അവസാനിച്ചിരുന്നില്ല. ഗേറ്റിന്റെ കൊളുത്തില്‍ ഒരനക്കം. എല്ലാവരും ജനലിന്റെ ഭാഗത്തേക്ക് തല നീട്ടി. പകുതി തുറന്ന ജനലിന് മുന്നില്‍ ഷര്‍ട്ടിടാത്ത ഒരു മെലിഞ്ഞ ദേഹം. കരിപ്പോട്ടെ വാസുനായരാണല്ലോ? എന്താണാവോ? കോളേജ് അഡ്മിഷന്റെ സമയം കഴിഞ്ഞില്ലേ? ഓ , അതിന് ഇയാള്‍ക്ക് കോളേജില്‍ പഠിക്കാന്‍ പ്രായമുളള മക്കളില്ലല്ലോ. ഇനി റേഷന്‍ കാര്‍ഡാണോ കാര്യം? അതിനിനി ഫോട്ടോ എടുക്കാന്‍ പോവുകയല്ലേ വേണ്ടതുള്ളൂ. അതൃപ്തി പുറത്ത് കാണിക്കാതെ മുഖത്ത് ചിരി വരുത്തിക്കൊണ്ട് പുറത്തേക്ക് വന്നു.
വാസുനായര്‍ ചെറിയ ഒരു കടലാസുപൊതി നീട്ടി .

ഇതേയ് , ആ സിസ്ററ് തന്നയച്ചതാ. ബ്ളീച്ചിംഗ് പൌഡറാത്രേ.

മനസ്സിലെ ആശ്വാസം ദീര്‍ഘനിശ്വാസമായി പുറത്തു വന്നു.

മാഷ്ടെ വീട്ടിലിതൊന്നു കൊടുക്ക്വോ ന്ന് ചോയ്ച്ചപ്പോള്‍ ഞാനിങ്ങ്ട് വാങ്ങ്വേ. ഇബ്ട്ത്തെ ടീച്ചറ് ചോയ്ച്ചീര്ന്നതാത്രെ ....
അയ്യോ ദ് കൊണ്ട്വരാനായി വന്നതാണോ? അതോ ഇനി കടയിലും പോകാനുണ്ടായിരിക്കും. ല്ലേ?

ഏയ് ഇനി വീട്ടിലേക്ക്വന്ന്യാ. ദെന്താ ഒരു രണ്ടടി ത്രടം നടക്കുമ്പോഴേക്കും കാല് തേയ്യൊന്നും ഇല്ല്യലൊ മാഷേ ? ന്നാല്‍ ഇനി യാത്രല്ല്യ...

രണ്ടു പരിസ്ഥിതികഥകള്‍

ബോണ്‍സായ്പ്രേമി
ഇത്രയും ബോണ്‍സായ് വൃക്ഷത്തൈകള്‍ വളര്‍ത്തിയുണ്ടാക്കി ഈ റോഡരികില്‍ കൊണ്ടുവന്നു വച്ച് ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്ന എന്നെ ഈ പരിഷത്ത്പ്രവര്‍ത്തകന്‍ ഇങ്ങനെ തുറിച്ചു നോക്കുന്നതെന്തിനാണോ എന്തോ ?


വിഷത്തണല്‍

“പരിസ്ഥിതിപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ! കൂടകള്‍ വേണ്ട , വിഷം തളിക്കേണ്ട, വൈദ്യുതിവേലി തീര്‍ക്കേണ്ട “ മോഡേണ്‍ നഴ്സറിക്കാരുടെ പരസ്യം തുടരുന്നു: വഴിയോരത്തും സ്കൂള്‍ കോമ്പൌണ്ടുകളിലും മറ്റും വൃക്ഷത്തൈ വച്ചു തിരിയുമ്പോഴേക്കും അത് പരിസ്ഥിതി വിരുദ്ധരായ നാല്‍ക്കാലികള്‍ തിന്നുന്നതാണോ നിങ്ങളുടെ അലട്ടുന്ന പ്രശ്നം ? ഇനി വിഷമിക്കേണ്ട, നാല്‍ക്കാലികള്‍ കടിച്ചുതിന്നാന്‍ വരുമ്പോഴേക്കും വിഷം ചുരത്തി അവയെ പാഠം പഠിപ്പിക്കാന്‍ കഴിവുള്ള പ്രത്യേക ഇനം തണല്‍ വൃക്ഷത്തൈകള്‍ തയ്യാര്‍ !നാല്‍ക്കാലിക്ക് എത്താത്ത ഉയരത്തില്‍ വളര്‍ന്നുകഴിഞ്ഞാല്‍ വിഷംചുരത്ത് ഓട്ടോമാറ്റിക്ക് ആയി നില്‍ക്കുന്നു ! പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചു വരുന്ന കൃത്രിമതൈകള്‍ കേരളത്തിലെ മാന്യഉപഭോക്താക്കള്‍ക്കുവേണ്ടി പരീക്ഷണശാലയില്‍ നിന്ന് നേരിട്ട് ഫാക്റ്ററി വിലക്ക്. പേറ്റന്റിന് അപേക്ഷിച്ചുകഴിഞ്ഞു. എന്‍ ബി: തണലും കൊണ്ട് എത്ര മിനിട്ട് മരച്ചോട്ടില്‍ അപകടരഹിതമായി നില്‍ക്കാമെന്ന കാര്യം ഞങ്ങളുടെ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചു വരുന്നു”

ബാത്ത്റൂമില്‍ ....

”ഇല്ല, അവസാനതുളളിയും ഇറ്റു വീഴും വരെയും ഞാന്‍ ഒരിഞ്ചു പോലും പിന്നോട്ടില്ല. സത്യം, സത്യം, സത്യം”
രാവിലെ എട്ടുമണിക്ക് ഉറക്കമുണര്‍ന്ന് ബാത്ത് റൂമിലെത്തിയ ,എട്ടാം ക്ളാസ് പ്രായമുള്ള മകന് കാര്യം മനസ്സിലായി.അവന്‍ ക്ളോസറ്റിനോട് ചേര്‍ന്നുനിന്ന് തന്നെ മൂത്രമൊഴിക്കാന്‍ ശ്രദ്ധിച്ചു. മൂത്രം നിലത്തു വീഴ്ത്തി ബാത്ത് റൂം ഹൈജീനിക്ക് അല്ലാതെയാക്കുന്ന സ്വഭാവം തുടരുന്ന തന്നോട് അമ്മയ്ക്കുള്ള പരാതി പരിഹരിക്കാന്‍ പരസ്യങ്ങളോട് അമിതതാല്പര്യമുള്ള അഛന്‍ നടത്തിയ രചനക്ക് എ ഗ്രേഡ് തന്നെ കൊടുക്കാം

ഹെഡ്മാസ്ററുടെ തൂലിക

ഹെഡ്മാസ്ററാണെങ്കിലും നൂതനമായ ആശയങ്ങള്‍ ഇന്നും തലയില്‍ ഉദിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിത്തിന്റേത്. പരീക്ഷാറിസല്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ നോട്ടീസ്ബോര്‍ഡില്‍ ഓരോ ക്ളാസുകളിലെയും ഓരോ ഡിവിഷനുകളിലെയും വിജയികളുടെ പേരു മുഴുവന്‍ എഴുതുന്നതിനു പകരം തോറ്റവരുടെ പേര് മാത്രം എഴുതി മാതൃക കാണിച്ച ആള്‍.

വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി പ്രാദേശികപത്രപ്രവര്‍ത്തനായ അദ്ദേഹം അഷ്ടമിരോഹിണി ദിവസം
ശോഭായാത്ര നടത്തിയ ക്ഷേത്രങ്ങളെയും അല്ലാത്തവയെയും തരം തിരിച്ചു. എന്നിട്ട്
ബ്യൂറോയിലേക്ക് ഫാക്സ് അയച്ചു: ഉപജില്ലയിലെ നാലെണ്ണമൊഴികെ എല്ലാ ക്ഷേത്രങ്ങളിലും ശോഭായാത്ര നടന്നു. ശോഭായാത്ര നടക്കാത്ത ക്ഷേത്രങ്ങളുടെ പേരു വിവരം താഴെ കൊടുക്കുന്നു.കൊപ്പമംഗലം ഗരുഡക്ഷേത്രം, കൈക്കര ഹസ്തിനക്ഷേത്രം, ആനക്കുളം ഗജേന്ദ്രക്ഷേത്രം, വായിക്കാനം ആറുമൂര്‍ത്തി ക്ഷേത്രം.

മാധ്യമവിചാരത്തില്‍ ഇനി മുതല്‍ മിനിക്കഥകളും

മാധ്യമവിചാരം എന്ന ഈ പംക്തിയെ പറ്റി ഒരു വീണ്ടു വിചാരം നടത്തുകയാണ്. പത്രങ്ങളില്‍ നിന്നും മറ്റും കിട്ടുന്ന കാര്യങ്ങളില്‍ യഥാസമയം പ്രതികരിക്കാന്‍ പറ്റുന്നില്ല. വല്ലാതെ പഴകിയാല്‍ നന്നല്ല താനും. എങ്കിലും ശ്രമം തുടരാന്‍ തന്നെയാണ് ഉദ്ദേശം.ഏതായാലും

ചില ചെറിയ കഥകള്‍ കൂടി ഇവിടെ കൊടുക്കാന്‍ താല്‍പര്യപ്പെടുന്നു. എല്ലാ കഥകളും മാധ്യമസംബന്ധിയാവുമെന്നു കരുതേണ്ട. ചിലത് മാധ്യമവും കഥാപാത്രമോ പശ്ചാത്തലമോ ആയി വന്നേക്കാം

പി എന്‍ പണിക്കര്‍ ലേഖനം - ദേശാഭിമാനിയുടേത് മാധ്യമമാന്യത.

ദേശാഭിമാനി വാരിക ലക്കം 15 -ല്‍ പി എന്‍ പണിക്കരെക്കുറിച്ച് പാലക്കീഴ് നാരായണന്‍ മേല്‍കീഴ് മലക്കം മറിഞ്ഞുകൊണ്ടെന്ന മട്ടിലെഴുതിയ ഒരു ലേഖനം - അനന്വയനായ കര്‍മയോഗി- അച്ചടിച്ചു വന്നു. അതില്‍ കാര്യമായ ഒരബദ്ധമുണ്ടായിരുന്നു. (ഇത് കണ്ടുപിടിച്ചത് മാധ്യമവിചാരം നടത്തുന്ന ആളല്ല. എം.ഗോപിനാഥന്‍ പട്ടാമ്പി എന്ന ഒരു കത്തെഴുത്തുകാരനാണ് -പ്രതികരണം ലക്കം 20-ല്‍ -2009 ഒക്റ്റോബര്‍ 11.)സപ്തംബര്‍ 19 ആണ് അദ്ദേഹത്തിന്റെ ചരമദിനം എന്നാണ് വാരിക പറയുന്നത്. ആ സമയത്തേക്ക് ഒരു ലേഖനം പാലക്കീഴിനോട് ആവശ്യപ്പെട്ടതാണോ, തക്ക സമയം നോക്കി ഒരു ലേഖനം വാരികക്ക് പാലക്കീഴ് നല്‍കിയതാണോ എന്നതൊന്നും അറിയില്ല.പ്രതികരണക്കാരന്‍ പറയുന്ന പോലെ പണിക്കരുടെ ജന്മശതാബ്ദി വര്‍ഷമായ 2009 ല്‍ എപ്പോള്‍ വേണമെങ്കിലും ലേഖനം പാലക്കീഴിനെഴുതാം ദേശാഭിമാനിക്ക് പ്രസിദ്ധീകരിക്കാം. എഴുതുന്നത് ഔചിത്യപൂര്‍വമായിരിക്കണമെന്നാണ് ഗോപിനാഥന്റെ ചുവടു പിടിച്ച് നമുക്കും പറയാനുള്ളത്.നിന്ദാസ്തുതി എന്ന മട്ടിലാണ് പലപ്പോഴും ലേഖനത്തിന്റെ പോക്ക്. തല്ലിയും തലോടിയും പിഎന്‍ പണിക്കരെക്കുറിച്ച് തനിക്കറിയാവുന്നദൂഷണങ്ങളെല്ലാം പടച്ചു വച്ചിരിക്കുന്നു. പ്രതികരണത്തിന്റെ തലക്കെട്ടിതാണ്. പിഎന്‍ പണിക്കരെക്കുറിച്ച് അനവസരത്തിലൊരു അപഖ്യാതി പര്‍വ്വം.പ്രതികരണത്തിന്റെ അവസാനം ഇങ്ങനെ: പി എന്‍ പണിക്കരുടെ സാമൂഹ്യജീവിതത്തിലെ കറുത്ത വശങ്ങളെ പുറത്തുകൊണ്ടുവരാന്‍ ഈ അനുസ്മരണക്കുറിപ്പുകൊണ്ട് കഴിഞ്ഞു.തലക്കെട്ട് ഒന്നു മാറ്റാമായിരുന്നു എന്നു മാത്രം: പി. എന്‍ പണിക്കര്‍ - ചില കിടിലന്‍ കണ്ടെത്തലുകള്‍. ഏതായാലും തെറ്റ് ബോധ്യപ്പെട്ട്, മാന്യമായി തിരുത്താനും നിശിതമായ ഭാഷയില്‍ എഴുതിയ പ്രതികരണം അച്ചടിക്കാനും കാണിച്ച ദേശാഭിമാനിയുടെ മാധ്യമമര്യാദയെ മാനിക്കാതെ വയ്യ.

പൂരുട്ടാതി ? പൂരൂരുട്ടാതി? പൂരോരുട്ടാതി ?

സുഹൃത്തിന്റെ പിറന്നാളിന് ക്ഷണം കിട്ടിയപ്പോള്‍ മറക്കാതിരിക്കാന്‍ മാതൃഭൂമി കലണ്ടറില്‍ ഒന്നടയാളപ്പെടുത്താന്‍ നോക്കുമ്പോളാണ് പതിവായി പറയുകയും എഴുതിക്കാണുകയും ചെയ്യുന്ന പൂരോരുട്ടാതിക്ക് പകരം പൂരുട്ടാതി എന്നു അച്ചടിച്ചത് ശ്രദ്ധയില്‍ പെട്ടത് . ചുമരില്‍ പുതിയ കലണ്ടറിനു പിന്നിലെ 2008 ലെ കലണ്ടറും നോക്കി ,അതിലും പൂരുട്ടാതി തന്നെ. കലണ്ടര്‍ എന്നത് മാധ്യമത്തില്‍ പെട്ടാലും പെട്ടില്ലെങ്കിലും മാധ്യമവിചാരത്തില്‍ എടുത്തു പ്രയോഗിക്കാം എന്ന ദുഷ്ടലാക്കോടെ മുന്നോട്ടു നീങ്ങി. പ്രമുഖപത്രത്തിന്റെ കലണ്ടറിലെ ഭീമാബദ്ധം കണ്ടെത്തിയ ആവേശമായിരുന്നു. ഏതായാലും വാരാന്ത്യപ്പതിപ്പിലും ഗൃഹലക്ഷ്മിയിലും കൂടി ഒന്നു നോക്കിയിട്ടാവാം “വിചാരം”എന്നു തീരുമാനിച്ചു. രണ്ടിലും പൂരുട്ടാതി തന്നെ. ഇനി എന്തു ചെയ്യും.ഏതെങ്കിലും ജ്യോത്സ്യനെ കണ്ടു ചോദിക്കുക. കാളിദാസകൃതിയായ വിക്രമോര്‍വ്വശീയത്തിലെ നായകനായ പുരൂരവസ്സും പൂരുട്ടാതി- പൂരോരുട്ടാതികള്‍ക്ക് വല്ല ബന്ധവുമുണ്ടോ എന്നന്വേഷിക്കുക. ഏറ്റവും എളുപ്പം ഇത് അടുത്ത പോസ്റ് ആയി പബ്ളിഷ് ചെയ്യുക.ബ്ളോഗുകള്‍ വായിക്കുകയും അതിലേക്ക് കമന്റുകള്‍ നല്‍കുകയും ശീലിച്ചിട്ടുള്ള ഏതെങ്കിലും മഹാനുഭാവന്‍ പ്രതികരിക്കുകയാണെങ്കിലോ ?

ജയാനന്ദന്റെ എഴുത്തുമാടത്തെ ആസ്പദമാക്കി ചില ബ്ളോഗ്ചിന്തകള്‍

ഒരു ബ്ളോഗ് ഒരാളുടെ ആത്മപ്രകാശനോപാധിയാണ്. എങ്കിലും അത് തീര്‍ച്ചയായും വായനക്കാരെയും പരിഗണിക്കുന്നുണ്ട്. കവിതയോ കഥയോ അനുഭവവിവരമോ എന്തുമാവാം ബ്ളോഗില്‍. ഇപ്പോള്‍ നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ബ്ളോഗിലെ പോലെ മാധ്യമവിചാരവും അതിലാവാം. ഇതെല്ലാം ഇടകലര്‍ന്ന രീതിയിലും ഒരു ബ്ളോഗ് തയ്യാറാക്കാം. ഇതിലൊന്നും അങ്ങനെ കര്‍ശനനിയന്ത്രണങ്ങളില്ല.
എന്നാല്‍ എഴുത്തുമാടം എന്ന ബ്ളോഗിന്റെ ചില രീതികള്‍ മാധ്യമവിചാരകന് അലോസരമുണ്ടാക്കുന്നുണ്ട്. അധ്യാപകനും പത്രപ്രവര്‍ത്തകനുമായ ഒരു ബ്ളോഗറാണ് ജയാനന്ദന്‍. അദ്ദേഹത്തിന്റെ എഴുത്തുമാടം മനോഹരമായ ഒരു ബ്ളോഗാണ്. അതിന്റെ ആമുഖവാക്യം (വെളുത്ത തിരശ്ശീലയില്‍ വാക്കുകള്‍ ഇളകിയാടുന്നതും നോക്കിയിരിക്കാന്‍ എനിക്കിഷ്ടമാണ്. ...... ) ചാറ്റിടവഴിയിലെ ഓണമെന്ന പോസ്റ് , മൊബൈലു കൊണ്ട് മഴയെ ഒപ്പിയെടുക്കുന്ന മനുഷ്യനെ പറ്റിയുള്ള കവിത,ഏറ്റവും പുതിയ പോസ്റ് ആയ തസ്ളീമയുടെ പ്രണയം, എല്ലാം എല്ലാം വായനക്കാരുടെ ഹൃദയത്തോട് അടുത്താണ് നില്‍ക്കുന്നത്. ഹൃദയം ഹൃദയത്തോട് മൊഴിയുകയാണിവിടെ. അവിടം മറ്റൊരിടത്തു നിന്ന് അടര്‍ത്തിയെടുത്ത യാതൊന്നും പ്രദര്‍ശിപ്പിക്കാനുള്ളതല്ല. ബ്ളോഗിനായി രചിച്ച രചനകള്‍ മാത്രമേ അവിടെ അനുവദനീയമാകുന്നുള്ളു. ഒരു ലൈവ് പ്രോഗ്രാം മാത്രമാണത്. അവിടെ ഫയല്‍ ക്ളിപ്പിങ്ങുകളോ അതു പോലുളള സ്റോക്ക് ചെയ്ത ഐറ്റങ്ങളോ പാടില്ല.
പത്രത്തിനായി എഴുതിയ മാറ്ററുകള്‍ ഇത്തരം സുതാര്യമായ ഒരു ബ്ളോഗില്‍ വച്ചുകെട്ടുന്നത് അസുഖകരമായ മുഴച്ചുനില്‍ക്കലുകള്‍ക്ക് കാരണമാകുന്നു. അച്ചടിമഷിയുടെ കറപുരണ്ട വാര്‍ത്തയ്ക്ക് ഹൃദയങ്ങള്‍ സംവദിക്കുന്നിടത്ത് ഒന്നും ചെയ്യാനില്ല.
ഒരു പത്രപ്രവര്‍ത്തകന്, അദ്ദേഹത്തിന് ബൈലൈന്‍ ലഭിച്ച വാര്‍ത്തകളുടെ ഒരു കളക്ഷന്‍ ബ്ളോഗുലകത്തില്‍ ചേര്‍ക്കാം. അതിനായി മറ്റൊരു ബ്ളോഗ് തുടങ്ങുന്നതാണ് ഉചിതം. ജയാനന്ദന് ഇത്തരം വാര്‍ത്തകള്‍ നല്‍കാനുള്ള ഒരിടം വേറെയുണ്ട്. പ്രാദേശികം എന്ന ബ്ളോഗില്‍ പത്രത്തില്‍ അദ്ദേഹം എഴുതിയ നല്ല വാര്‍ത്തകള്‍ വായിക്കാന്‍ അവസരം ലഭിക്കാതിരുന്നവര്‍ക്ക് അതൊരനൂഗ്രഹം കൂടിയാണ്. സ്വപ്നങ്ങളുടെ തട്ടിന്‍പുറം , നിലാസാധകസ്മരണയില്‍ ഭാരതപ്പുഴയോരം, ബസ്തുകരയിലെ വസന്തം എന്നിവ പ്രാദേശികം എന്ന ബ്ളോഗിലുള്‍പ്പെടാവുന്നതിലും റേഞ്ചുള്ളവയാണ്. അവയ്ക്ക് പ്രത്യേകമായ ഒരു തട്ടിന്‍പുറം തന്നെ ആവശ്യമാണ്