Thursday, October 15, 2009

ഒരു സുന്ദരസായന്തനത്തില്‍...

വൈകുന്നേരം. സ്കൂള്‍ കുറച്ചു നേരത്തെ വിട്ടതിനാല്‍ വീട്ടിലെത്തി, അടുക്കളജോലികള്‍ വേഗം തീര്‍ക്കാനായതില്‍ ഭാര്യ സന്തുഷ്ട. മകന്‍ അയാളുടെ സ്കൂളില്‍ തന്നെയാണ് പഠിക്കുന്നത്. രണ്ടു പേരും വൈകാതെ തന്നെ വീട് പൂകി. സ്കൂട്ടര്‍ ഗാരേജില്‍ വച്ചു പൂട്ടി, സിറ്റൌട്ടിലെത്തിയതേയുള്ളു, പ്ളസ് വണ്ണിന് പഠിക്കുന്ന മകളുടെ ബസ്സ് ഗേറ്റിന് മുന്നില്‍ വന്നു നിന്നു. ഗേറ്റടച്ച് മകളും കൂടി വീടിനകത്ത് കയറി. ആകെ മൊത്തം സമ്പൂര്‍ണത കൈവരിച്ച ഒരു സുന്ദരസായന്തനം പോലെ അയാള്‍ക്കു തോന്നി.

ചായ കുടി അവസാനിച്ചിരുന്നില്ല. ഗേറ്റിന്റെ കൊളുത്തില്‍ ഒരനക്കം. എല്ലാവരും ജനലിന്റെ ഭാഗത്തേക്ക് തല നീട്ടി. പകുതി തുറന്ന ജനലിന് മുന്നില്‍ ഷര്‍ട്ടിടാത്ത ഒരു മെലിഞ്ഞ ദേഹം. കരിപ്പോട്ടെ വാസുനായരാണല്ലോ? എന്താണാവോ? കോളേജ് അഡ്മിഷന്റെ സമയം കഴിഞ്ഞില്ലേ? ഓ , അതിന് ഇയാള്‍ക്ക് കോളേജില്‍ പഠിക്കാന്‍ പ്രായമുളള മക്കളില്ലല്ലോ. ഇനി റേഷന്‍ കാര്‍ഡാണോ കാര്യം? അതിനിനി ഫോട്ടോ എടുക്കാന്‍ പോവുകയല്ലേ വേണ്ടതുള്ളൂ. അതൃപ്തി പുറത്ത് കാണിക്കാതെ മുഖത്ത് ചിരി വരുത്തിക്കൊണ്ട് പുറത്തേക്ക് വന്നു.
വാസുനായര്‍ ചെറിയ ഒരു കടലാസുപൊതി നീട്ടി .

ഇതേയ് , ആ സിസ്ററ് തന്നയച്ചതാ. ബ്ളീച്ചിംഗ് പൌഡറാത്രേ.

മനസ്സിലെ ആശ്വാസം ദീര്‍ഘനിശ്വാസമായി പുറത്തു വന്നു.

മാഷ്ടെ വീട്ടിലിതൊന്നു കൊടുക്ക്വോ ന്ന് ചോയ്ച്ചപ്പോള്‍ ഞാനിങ്ങ്ട് വാങ്ങ്വേ. ഇബ്ട്ത്തെ ടീച്ചറ് ചോയ്ച്ചീര്ന്നതാത്രെ ....
അയ്യോ ദ് കൊണ്ട്വരാനായി വന്നതാണോ? അതോ ഇനി കടയിലും പോകാനുണ്ടായിരിക്കും. ല്ലേ?

ഏയ് ഇനി വീട്ടിലേക്ക്വന്ന്യാ. ദെന്താ ഒരു രണ്ടടി ത്രടം നടക്കുമ്പോഴേക്കും കാല് തേയ്യൊന്നും ഇല്ല്യലൊ മാഷേ ? ന്നാല്‍ ഇനി യാത്രല്ല്യ...

No comments: