Thursday, October 15, 2009

ജയാനന്ദന്റെ എഴുത്തുമാടത്തെ ആസ്പദമാക്കി ചില ബ്ളോഗ്ചിന്തകള്‍

ഒരു ബ്ളോഗ് ഒരാളുടെ ആത്മപ്രകാശനോപാധിയാണ്. എങ്കിലും അത് തീര്‍ച്ചയായും വായനക്കാരെയും പരിഗണിക്കുന്നുണ്ട്. കവിതയോ കഥയോ അനുഭവവിവരമോ എന്തുമാവാം ബ്ളോഗില്‍. ഇപ്പോള്‍ നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ബ്ളോഗിലെ പോലെ മാധ്യമവിചാരവും അതിലാവാം. ഇതെല്ലാം ഇടകലര്‍ന്ന രീതിയിലും ഒരു ബ്ളോഗ് തയ്യാറാക്കാം. ഇതിലൊന്നും അങ്ങനെ കര്‍ശനനിയന്ത്രണങ്ങളില്ല.
എന്നാല്‍ എഴുത്തുമാടം എന്ന ബ്ളോഗിന്റെ ചില രീതികള്‍ മാധ്യമവിചാരകന് അലോസരമുണ്ടാക്കുന്നുണ്ട്. അധ്യാപകനും പത്രപ്രവര്‍ത്തകനുമായ ഒരു ബ്ളോഗറാണ് ജയാനന്ദന്‍. അദ്ദേഹത്തിന്റെ എഴുത്തുമാടം മനോഹരമായ ഒരു ബ്ളോഗാണ്. അതിന്റെ ആമുഖവാക്യം (വെളുത്ത തിരശ്ശീലയില്‍ വാക്കുകള്‍ ഇളകിയാടുന്നതും നോക്കിയിരിക്കാന്‍ എനിക്കിഷ്ടമാണ്. ...... ) ചാറ്റിടവഴിയിലെ ഓണമെന്ന പോസ്റ് , മൊബൈലു കൊണ്ട് മഴയെ ഒപ്പിയെടുക്കുന്ന മനുഷ്യനെ പറ്റിയുള്ള കവിത,ഏറ്റവും പുതിയ പോസ്റ് ആയ തസ്ളീമയുടെ പ്രണയം, എല്ലാം എല്ലാം വായനക്കാരുടെ ഹൃദയത്തോട് അടുത്താണ് നില്‍ക്കുന്നത്. ഹൃദയം ഹൃദയത്തോട് മൊഴിയുകയാണിവിടെ. അവിടം മറ്റൊരിടത്തു നിന്ന് അടര്‍ത്തിയെടുത്ത യാതൊന്നും പ്രദര്‍ശിപ്പിക്കാനുള്ളതല്ല. ബ്ളോഗിനായി രചിച്ച രചനകള്‍ മാത്രമേ അവിടെ അനുവദനീയമാകുന്നുള്ളു. ഒരു ലൈവ് പ്രോഗ്രാം മാത്രമാണത്. അവിടെ ഫയല്‍ ക്ളിപ്പിങ്ങുകളോ അതു പോലുളള സ്റോക്ക് ചെയ്ത ഐറ്റങ്ങളോ പാടില്ല.
പത്രത്തിനായി എഴുതിയ മാറ്ററുകള്‍ ഇത്തരം സുതാര്യമായ ഒരു ബ്ളോഗില്‍ വച്ചുകെട്ടുന്നത് അസുഖകരമായ മുഴച്ചുനില്‍ക്കലുകള്‍ക്ക് കാരണമാകുന്നു. അച്ചടിമഷിയുടെ കറപുരണ്ട വാര്‍ത്തയ്ക്ക് ഹൃദയങ്ങള്‍ സംവദിക്കുന്നിടത്ത് ഒന്നും ചെയ്യാനില്ല.
ഒരു പത്രപ്രവര്‍ത്തകന്, അദ്ദേഹത്തിന് ബൈലൈന്‍ ലഭിച്ച വാര്‍ത്തകളുടെ ഒരു കളക്ഷന്‍ ബ്ളോഗുലകത്തില്‍ ചേര്‍ക്കാം. അതിനായി മറ്റൊരു ബ്ളോഗ് തുടങ്ങുന്നതാണ് ഉചിതം. ജയാനന്ദന് ഇത്തരം വാര്‍ത്തകള്‍ നല്‍കാനുള്ള ഒരിടം വേറെയുണ്ട്. പ്രാദേശികം എന്ന ബ്ളോഗില്‍ പത്രത്തില്‍ അദ്ദേഹം എഴുതിയ നല്ല വാര്‍ത്തകള്‍ വായിക്കാന്‍ അവസരം ലഭിക്കാതിരുന്നവര്‍ക്ക് അതൊരനൂഗ്രഹം കൂടിയാണ്. സ്വപ്നങ്ങളുടെ തട്ടിന്‍പുറം , നിലാസാധകസ്മരണയില്‍ ഭാരതപ്പുഴയോരം, ബസ്തുകരയിലെ വസന്തം എന്നിവ പ്രാദേശികം എന്ന ബ്ളോഗിലുള്‍പ്പെടാവുന്നതിലും റേഞ്ചുള്ളവയാണ്. അവയ്ക്ക് പ്രത്യേകമായ ഒരു തട്ടിന്‍പുറം തന്നെ ആവശ്യമാണ്

No comments: