Sunday, January 3, 2010

ക്രൂശിക്കാതിരിക്കുക; ഈ ന്യൂ ജനറേഷന്‍ അധ്യാപകരെ.(കേരളത്തിലെ എല്ലാ ഡെയ് ലി വേജസ് അധ്യാപകസുഹൃത്തുക്കള്‍ക്കു വേണ്ടി ഒരു മന്ത് ലി വേജ് അധ്യാപകന്റെ വിലാപം)

അധ്യാപകരെ പറ്റി (മേജര്‍ രവീ, കേട്ടത് ശരിയെങ്കില്‍ മോശമായി കെട്ടോ.. എന്ന പോസ്റില്‍) സൂചിപ്പിച്ചപ്പോള്‍ ഓര്‍ത്ത ഒരു കാര്യമാണ് ഈ പോസ്റിന്റെ വിഷയം. ചെറുപ്പക്കാരായ ആത്മാര്‍ഥതയുള്ള ഒരു കൂട്ടം അധ്യാപകരെ ചൂഷണം ചെയ്യുന്ന ഒരു രീതി ഇന്നു നമ്മുടെ വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ജോലി ചെയ്യുന്ന ദിവസങ്ങളില്‍ മാത്രം ശമ്പളമുള്ള, അവധികളെ സാമ്പത്തികനഷ്ടത്തിന്റെ ദിവസങ്ങളായി മാത്രം കണക്കാക്കേണ്ടി വരുന്ന ഹതഭാഗ്യര്‍. പല വിദ്യാലയങ്ങളിലും ഹൈസ്കൂള്‍ - ഹയര്‍ സെക്കന്ററി ക്ളാസുകള്‍ നടന്നു പോകുന്നത് ,ഡെയിലി വേജ് എന്ന അധിക്ഷേപപ്പേരില്‍ വിളിക്കപ്പെടുന്ന ഇവരുള്ളതു കൊണ്ടുകൂടിയാണ്.മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇത്തരം അനീതി ഉണ്ടോ എന്നറിയില്ല.

കുട്ടികള്‍ക്കു മുന്നില്‍ ഇവര്‍ നടത്തുന്ന കഠിനാധ്വാനത്തിന്റെ നൂറിലൊന്നു പോലും ചെയ്യാതെ ഭീമമായ സംഖ്യ മാസാമാസം കൈപ്പറ്റുന്നവരുണ്ട്.(പ്രായം കൂടിയ അധ്യാപകരെല്ലാം മടിയന്മാരാണ് എന്നല്ല കെട്ടോ) സ്കൂളിലെ ഓരോ കാര്യങ്ങളിലും അവര്‍ ചെയ്യുന്ന സേവനം വിലയിരുത്തപ്പെടേണ്ടതാണ്.

എന്റെ അറിവില്‍ പെട്ട ഒരധ്യാപകന്‍ കുട്ടികളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി തുച്ഛവരുമാനത്തില്‍ നിന്ന് 500 രൂപ നീക്കിവയ്ക്കാന്‍ തയ്യാറായി. മറ്റൊരധ്യാപകന്‍ സ്കൂളിലെ കേടുവന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗയോഗ്യമാക്കാന്‍ ജോലി സമയത്തിനു ശേഷവും സ്കൂളില്‍ പല വട്ടം തങ്ങുകയുണ്ടായി. (ജോലി സമയത്ത് മറ്റു സേവനംചെയ്യാന്‍ താല്‍പര്യമുള്ളവരാണ് ഇന്ന് കൂടുതലുള്ളത്. വീണു പരിക്കു പറ്റുകയോ അസുഖം മൂലം ക്ഷീണിതനാവുകയോ ചെയ്യുന്ന കുട്ടികളെ വീട്ടിലോ ആസ്പത്രിയിലോ എത്തിക്കാന്‍ അതീവ താല്‍പര്യം കാണിക്കാറുള്ള ഒരു അധ്യാപകനെ പറ്റി കേട്ടിട്ടുണ്ട്. ഉച്ച കഴിഞ്ഞാല്‍ മാഷ് ക്ളാസുകളില്‍ ചെന്നു ചോദിക്കും - കുട്ടികളെ നിങ്ങളിലാര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടോ, പ്രശ്നമുണ്ടോ......)

എന്തിനും ഏതിനും തയ്യാറുള്ള, അതിനൊക്കെ അവരെ യൂട്ടിലൈസ് ചെയ്യുന്ന മറ്റ് അധ്യാപകരും സ്ഥാപനമേധാവികളും അവരെ താണുവഴങ്ങണമെന്നല്ല പറയുന്നത്. അവരുടെ കാര്യങ്ങളില്‍ അല്പം മാന്യമായി ഇടപെടുക. രണ്ടു ദിവസം ഒരു ന്യൂ ജനറേഷന്‍ അധ്യാപകന്‍ (ദിവസക്കൂലിക്കാരന്‍ എന്നു പറയുന്നതിനേക്കാള്‍ എന്ത് അന്തസ്സാണീ പ്രയോഗത്തിന്) സ്കൂളില്‍ വന്നില്ലെങ്കില്‍ ഒന്നു ഫോണ്‍ വിളിച്ചു ചോദിക്കുകയെങ്കിലും ചെയ്യുക, ആര്‍ക്കെങ്കിലും അസുഖമാണെങ്കില്‍ ഒരു സാന്ത്വനവാക്ക് പറയുക. ശാരീരികബുദ്ധിമുട്ടുള്ളപ്പോള്‍ നേരത്തെ പോകാന്‍ അനുവദിക്കുക......

ഇതൊന്നും ചെയ്യാതെ വീണ്ടുമൊരാവശ്യം അടിയന്തിരമായി വരുന്നേരത്ത് മാത്രം അയാളെ സമീപിക്കുന്നത് എത്ര മോശപ്പെട്ട കാര്യമാണ്. എനിക്ക് സൌകര്യപ്പെടില്ല എന്ന് അയാള്‍ പറഞ്ഞു പോയാല്‍ കുറ്റപ്പെടുത്താനാവുമോ.

ആയതിനാല്‍ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകരടക്കമുള്ള സഹപ്രവര്‍ത്തകര്‍ ന്യൂ ജനറേഷന്‍ അധ്യാപകരോട് മാന്യമായി പെരുമാറുക, ഹര്‍ത്താല്‍ കാരണം വരാന്‍ പറ്റാതിരുന്നാല്‍ ഹാജറിന്റെ കാര്യത്തില്‍ എന്തെങ്കിലും നീക്കുപോക്കു നടത്തുക. കഴിയുന്നതും അടുത്ത വര്‍ഷവും അവരെ അതാതു സ്കൂളുകളില്‍ (അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം)തന്നെ നിയമിക്കുക. കാരണം ഇവരാണ് ഇനി നിങ്ങളുടെ വിദ്യാലയത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്.ഇവരുടെ കൂടെയാണ് മുഴുവന്‍ വിദ്യാര്‍ഥികളുടെ മനസ്സും. ഇവരുടെ സര്‍ഗാത്മകകഴിവുകളാലാണ് നിങ്ങളുടെ വിദ്യാലയം ഇനി അറിയപ്പെടാന്‍ പോകുന്നത്.( സിനിമ പിടിക്കാന്‍ പോലും കഴിവുള്ളവര്‍ ഇക്കൂട്ടരിലുണ്ട്. സീനിയേഴ്സു കൂടി മനസ്സുവച്ചാലേ നടക്കൂ എന്നു മാത്രം) ഏതെങ്കിലും വിദ്യാലയങ്ങളില്‍ നടന്ന സംഭവങ്ങളുമായി ഇവിടെ പരാമര്‍ശിച്ച കാര്യങ്ങള്‍ക്ക് സാദൃശ്യം തോന്നിയോ? വെറും യാദൃഛികത മാത്രമാണതെന്ന് ഇതിനാല്‍ ബോധ്യപ്പെടുത്തിക്കൊള്ളുന്നു.

No comments: