Saturday, January 2, 2010

മേജര്‍ രവീ, കേട്ടത് ശരിയെങ്കില്‍ മോശമായി കെട്ടോ...

മേജര്‍ രവി പറഞ്ഞു പോലും, തന്റെ ഇന്നത്തെ വളര്‍ച്ചക്കു പിന്നില്‍ താന്‍ പഠിച്ച സ്കൂളിലെ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്ന്. അവര് പഠിപ്പിച്ച് പഠിപ്പിച്ച് തന്നെ ഈ നിലയിലാക്കി എന്നല്ല രവിഉദ്ദേശിച്ചത്. താന്‍ പഠനം നിര്‍ത്തി പട്ടാളത്തില്‍ പോകാന്‍ സാഹചര്യമുണ്ടാക്കിയതിനാണ് പഴയ അധ്യാപകര്‍ക്കുള്ള ഈ നന്ദിപ്രകടനം. രവി അങ്ങനെ പറഞ്ഞ സദസ്സില്‍ ഇതെഴുതുന്ന ആളുണ്ടായിരുന്നെ
ങ്കില്‍, (ഐഡിയ സ്റാര്‍ സിങ്ങര്‍ ജഡ്ജുമാര്‍ ചിലപ്പോള്‍ കാണിക്കാറുള്ളത് പോലെ ) ഒറ്റക്കാണെങ്കിലും എണീറ്റ് നിന്ന് കയ്യടിക്കുമായിരുന്നു. മാഷ്ന്മാരില്‍ ചിലര്‍ക്ക് ഒരു സൂക്കേടുണ്ട്. ആരെങ്കിലും ഒന്നു നന്നായാല്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ എട്ടുകാലി മമ്മൂഞ്ഞിനെ പോലെ എത്തിക്കോളും. അത് സഹിക്കാവുന്ന ഒരു ഉയര്‍ച്ച ആണെങ്കില്‍ മാത്രമാണേ.( കുട്ടിയോട് അസൂയ പൂണ്ട് സംഹാരരൂപം പൂണ്ടുതിന്നുന്നവരും ഇക്കൂട്ടരിലുണ്ട് - യശശ്ശരീരനായ കഥാകൃത്ത് ടി. വി. കൊച്ചുബാവ സ്കൂളില്‍ പഠിക്കുമ്പോള്‍ കഥയെഴുതി സമ്മാനം നേടിയ തെറ്റിന് ഒരധ്യാപികയില്‍ നിന്ന് നേരിട്ട മാനസികപീഡനം (മാനസികം എന്ന് പ്രത്യേകം പറഞ്ഞില്ലെങ്കില്‍ മലയാളി തെറ്റിദ്ധരിച്ച് ഹരം കൊള്ളും : ഹാ, ഹാ ആ ടീച്ചര്‍ ..... ആ പാവം പയ്യനെ..... ഹി, ഹി,...) അധ്യാപകരെ കണ്ണു തുറപ്പിക്കേണ്ടതാണ് സോറി , അത് ഒരു വാരികയില്‍ അച്ചടിച്ചു വന്ന കാര്യമാണ് .അതും ദേശാഭിമാനിയില്‍ .

അധ്യാപകരുടെ ഇത്തരം വിക്രിയകള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഒരു ബ്ളോഗ് അതിനു തന്നെ വേണ്ടി വരും. തങ്കപ്പെട്ട അധ്യാപകന്‍മാരും പികമാരും നമ്മുടെ സ്കൂളുകളിലുണ്ടേ,പറഞ്ഞേക്കാം.

വിഷയത്തിലേക്ക് തിരിച്ചുവരാം. തലക്കെട്ടില്‍ സൂചിപ്പിച്ച മോശപ്പെട്ട കാര്യത്തിലേക്ക് .
പട്ടാമ്പിക്കടുത്തുള്ള ഒരു ഹയര്‍ സെക്കന്ററി വിദ്യാലയത്തിലേക്ക് ഒരുല്‍ഘാടനത്തിന് മേജര്‍ രവിയെ വിളിച്ചുവത്രെ. തിയ്യതിയും മറ്റും ഉറപ്പിച്ച് കാര്‍ അയക്കാമെന്ന് പറഞ്ഞ് അധ്യാപകന്‍ തിരിച്ചു പോന്നു. അന്നുതന്നെ ഒരു കാറും മാഷ് ഏര്‍പ്പാടാക്കി. ഉദ്ഘാടനദിവസം മറ്റൊരധ്യാപകനെ രവിയുടെ വീട്ടിലേക്ക് പറഞ്ഞയക്കുമ്പോള്‍ മറ്റു ദുരുദ്ദേശങ്ങളൊന്നും ഒന്നാം മാഷിനുണ്ടായിരുന്നില്ല. കാറുമായി ചെന്ന അധ്യാപകനെ രവി കുടഞ്ഞു കളഞ്ഞു എന്നാണ് കാര്‍ ഡ്രൈവറുടെ സാക്ഷ്യം.കാറില്‍ ഏ സി ഇല്ലാതിരുന്നതായിരുന്നു പ്രകോപനഹേതു. സ്ഥലത്തെ ചുമട്ടുതൊഴിലാളികള്‍ പറഞ്ഞുവത്രെ സ്വന്തം വീട്ടില്‍ ഏ സി യില്‍ കഴിയുന്നവനാണെങ്കില്‍ പറയുന്നതിന് കാര്യമുണ്ടെന്ന്. (വീണ്ടുമൊരു ബ്രാക്കറ്റു കൂടി - രാജാവിന്റെ കഥയില്‍ അയാള്‍ നഗ്ന നാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ റോളാണ് പലപ്പോഴും ഈ തൊഴിലാളികള്‍ക്കുള്ളതെന്ന് തോന്നാറുണ്ട്.)ആ കാര്‍ പറഞ്ഞു വിട്ട് പകരം ഏ സിയുള്ള കാര്‍ കൊണ്ടു വന്ന് പ്രശ്നം പരിഹരിച്ചുവെന്നാണ് കേട്ടത്. കേട്ടത് ശരിയാണെങ്കില്‍ നേരത്തെ തരാന്‍ ഉദ്ദേശിച്ച കയ്യടി ഇതാ പിന്‍വലിച്ചു കഴിഞ്ഞു.

No comments: