Saturday, September 26, 2009

ഉപഭോക്താക്കള്‍ക്കുള്ള ഗിഫ്റ്റില്‍ ഒനീറോയുടെ മാന്യത

പല സ്ഥാപനങ്ങളും കസ്റമേഴ്സിന് ഗിഫ്റ്റുകള്‍ നല്‍കാറുണ്ട്. ചിലപ്പോളത് ഓണം പോലുള്ള പ്രത്യേകസീസണില്‍ ആവാം, അല്ലെങ്കില്‍ ഒരു വലിയ സംഖ്യക്ക് സാധനം വാങ്ങുമ്പോഴാകാം. എന്തായാലും ഈ ഗിഫ്റ്റില്‍ സ്ഥാപനത്തിന്റെ മുദ്ര (ചിലപ്പോള്‍ ഒരു ചെറുപരസ്യം തന്നെ) ഉണ്ടായിരിക്കും എന്നത് തികച്ചും സ്വാഭാവികവുമാണ്.

സൌജന്യം കിട്ടുമ്പോള്‍ സന്തോഷമുണ്ടാവുമെങ്കിലും കച്ചവടസ്ഥാപനത്തിന്റെ മുദ്ര വഹിക്കുന്ന സാധനങ്ങള്‍ ജനമധ്യത്തിലുപയോഗിക്കുമ്പോള്‍ ചെറിയ ഒരു മനോവിഷമം ആര്‍ക്കും ഉണ്ടാകാനുമിടയുണ്ട്. കോംപ്ളിമെന്റായി കിട്ടിയ ചില്ലു ഗ്ളാസില്‍ ജ്വല്ലറിയുടെയോ മറ്റോ പേര് വലിയ അക്ഷരത്തിലെഴുതി വച്ചിരിക്കുന്നത് പലപ്പോഴും മാനക്കേടായിത്തോന്നും. കമനീയമായ ആ ഗ്ളാസില്‍ പാനീയം കൊടുക്കുന്ന സമയത്ത് അതിഥിയുടെ ക്ഷുദ്രമനസ്സില്‍ ഇങ്ങനെ തോന്നാം - ഓ ,കാശു കൊടുത്തു വാങ്ങിയ ആഡംബരമൊന്നുമല്ല, എന്നിട്ടും എന്താ ഗമ.

രണ്ടുപുറത്തും, ടെക്സ്റൈല്‍സിന്റെ പേരു കൊടുത്തിട്ടുള്ള സൌജന്യബാഗും പിടിച്ച് റോഡിലൂടെ നടക്കുമ്പോള്‍ ചെറിയ ചമ്മല്‍ ഉണ്ടാകുന്നതും സ്വാഭാവികം- അവന്മാര് സൌജന്യം തന്നതിന്റെ ചെലവ് നമ്മളെ കൊണ്ട് ആ പരസ്യം ചുമപ്പിച്ച് മുതലാക്കുകയാ എന്ന് മനസ്സില്‍ പ്രാകുകയും ചെയ്യും.

കുന്നംകുളം ഒനീറോയില്‍ നിന്ന് നടത്തിയ ഷോപ്പിംഗില്‍ കിട്ടിയ രണ്ടു ഗിഫ്റ്റുകളെ പറ്റി ഏതായാലും ഈ പരാതി പറയാന്‍ പറ്റില്ല. കാരണം പറയാം - ഗിഫ്റ്റിന്റെ മുകളില്‍ പരസ്യം ചെയ്യുന്നതില്‍ അവര്‍ വളരെ മാന്യതയാണ് പുലര്‍ത്തിയത്. സാമാന്യം വലിപ്പമുള്ള ഒരു ട്രാവലിംഗ് ബാഗിന്റെ ഒരു വശത്തു മാത്രമേ ഒനീറോയുടെ പേരുള്ളു. പരസ്യം പേറാന്‍ ജാള്യതയുള്ളവര്‍ക്ക് വേണമെങ്കില്‍ ആ ഭാഗം പുറത്തുവരാത്ത രീതിയില്‍ ബാഗു കൊണ്ടുപോകാം.ശരീരത്തോട് ചേര്‍ന്നു വരുന്ന ഭാഗത്തേക്ക് പരസ്യം വരുന്ന ഭാഗം പിടിച്ചാല്‍ പ്രശ്നം തീരും.
ഇത് ബാഗിന്റെ കാര്യം .മറ്റാരും കാണിക്കാത്ത മഹാമനസ്കത ഒനീറോയില്‍ നിന്ന് ലഭിച്ചത് കേള്‍ക്കണോ? വളഞ്ഞ പിടിയുള്ള ചില്ലുകപ്പുകള്‍ ആറെണ്ണം പാക്കറ്റിലാക്കി തന്നതില്‍ ഒരെണ്ണത്തിലുമില്ല ഒനീറോ എന്ന പേര്‍. വാങ്ങി ഉപയോഗിക്കുന്നവര്‍ക്കറിയാം ഇത് ഒനീറോയുടെ സ്നേഹമാണെന്ന്. വിരുന്നുകാരന്റെ മുന്നില്‍ ജാള്യതയില്ലാതെ സല്‍ക്കരിക്കാനാവുന്നു എന്നത് ആ സ്നേഹത്തെ വര്‍ധിപ്പിക്കുന്നു. ഇത്തരം സമീപനം കൈക്കൊള്ളുന്ന സ്ഥാപനങ്ങളോട് ഉപഭോക്താവിന് ആത്മബന്ധം വര്‍ധിക്കുകയും ചെയ്യുന്നു.

No comments: