Thursday, September 3, 2009

രാജകല പി ദേവകല ? ! ? !

ഇതെഴുതുന്ന ആള്‍ ഒരു മലയാളപത്രത്തിന്റെ പത്രാധിപരാകാത്തത് നിങ്ങളുടെ നിര്‍ഭാഗ്യം ! അല്ലെങ്കില്‍ ഇങ്ങനെയൊരു പത്രത്തലക്കെട്ടു കൂടി ജൂലൈ 30 ന് വായിച്ച് നിര്‍വൃതിയടയാമായിരുന്നു. - ”രാജകല പി. ദേവകല” സംഗതി എന്തെന്ന് പിടികിട്ടിയില്ലേ ? ഇത്തരം തലക്കെട്ട് വരാനിടയുള്ള പത്രവാര്‍ത്തയെ പറ്റി സൂചിപ്പിച്ചാല്‍ കാര്യം കുറേ കൂടി വ്യക്തമാകും. ചലച്ചിത്രനടന്‍ രാജന്‍ പി ദേവിന്റെ നിര്യാണവാര്‍ത്തയുടെ തലക്കെട്ടായാണ് ഈ നൂതനതലവാചകം ഉദ്ദേശിച്ചിട്ടുള്ളത്. തലക്കെട്ടിന്റെ സന്ദര്‍ഭം പറഞ്ഞിട്ടും കാര്യം മനസ്സിലായില്ലെന്നോ ? അതു കൊള്ളാം “രാജകലക്ക് യവനിക”, “കാട്ടുകുതിര കാലയവനികയ്ക്കപ്പുറം”, “വിസ്മയിപ്പിച്ച വില്ലന്‍ അരങ്ങൊഴിഞ്ഞു”, ”അഭിനയരാജന്‍ അരങ്ങൊഴിഞ്ഞു”,...........ഈ തലക്കെട്ടുകള്‍ വായിച്ച് രാജന്‍ പി ദേവ് മരിച്ചതാണ് വാര്‍ത്തയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കിയെങ്കില്‍ പിന്നെ രാജകല പി ദേവകല എന്ന തലക്കെട്ടിന്റെ ഗുട്ടന്‍സ് മനസ്സിലാക്കി മരണം ഉറപ്പു വരുത്താനും നിങ്ങള്‍ ബാധ്യസ്ഥരാണ്. പോട്ടെ സാരമില്ല; ഏതായാലും ആ തലക്കെട്ടിന്റെ അര്‍ഥം ഇവിടെ വ്യക്തമാക്കിയേക്കാം. രാജകല പോയി ദേവകലയായി (ടിപ്പണി : പി എന്നത് പരേതന്റെ ഇനീഷ്യലും, “പോയി” എന്ന മലയാളവാക്ക് ഇംഗ്ളീഷിലെഴുതിയാല്‍ കിട്ടുന്നതിലെ ആദ്യാക്ഷരവുമാണ് ) - ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ , കലാകാരനായ രാജന്‍ പി ദേവ് നമ്മെ വിട്ടു പോയി , ദേവസദസ്സിലെ കലാകാരനായിരിക്കുകയാണ് അഥവാ മരിച്ചിരിക്കയാണ് എന്ന്. എന്തേയ് ഇപ്പോള്‍ മനസ്സിലായോ ? എല്ലാ പത്രക്കാരും വാക്കസര്‍ത്തോടെ മരണവാര്‍ത്ത ആഘോഷിക്കുമ്പോള്‍ അവരെയെല്ലാം ഒന്നു കടത്തിവെട്ടണമെന്ന് ആര്‍ക്കും തോന്നിപ്പോകില്ലേ ?

No comments: