വിദേശവാര്‍ത്തകള്‍ തര്‍ജമ ചെയ്തു മലയാളപത്രത്തില്‍ കൊടുക്കുമ്പോള്‍ അബദ്ധം പറ്റിയ സംഭവം മുമ്പും കേട്ടിട്ടുണ്ട്. വടക്കേ ഇന്ത്യയിലെങ്ങോ വെള്ളപ്പൊക്കത്തില്‍ തീവണ്ടിപ്പാളത്തിലെ സ്ളീപ്പറുകള്‍ ഒഴുകിപ്പോയ വാര്‍ത്ത ഒരു മലയാളപത്രത്തില്‍ വന്നപ്പോള്‍ പാളത്തില്‍ ഉറങ്ങിക്കിടന്നവര്‍ ഒഴുകിപ്പോയി എന്നായി മാറിയത്രെ. ഇത്തരം അബദ്ധങ്ങള്‍ പലര്‍ക്കും പിണഞ്ഞിട്ടുണ്ടാവാം. അവ ഗുരുതരമായ തെറ്റുകള്‍ തന്നെയാണ്. ഹോട്ട് ഡോഗ് തീറ്റ മത്സരത്തെപ്പറ്റി കൊടുത്ത വാര്‍ത്തയില്‍ ദേശാഭിമാനിക്ക് ഒരു വലിയ തെറ്റു പറ്റുകയുണ്ടായി. വളരെ മോശമായി എന്നുതന്നെയാണ് അതിനെപ്പറ്റിയും പറയാനുള്ളത്.
എന്നാല്‍ ഈ തെറ്റിനെ ചോദ്യം ചെയ്യുന്ന കൂട്ടത്തില്‍ ഹീനമായ ഒരു നിലപാട് കൈക്കൊണ്ടതും ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇതെഴുതുന്ന ആള്‍ക്ക് , ഇ മെയിലില്‍ ഒരു സുഹൃത്ത് ഫോര്‍വേഡ് ചെയ്തുതന്ന പ്രതികരണമാണ് കേവലം തെറ്റു ചൂണ്ടിക്കാണിക്കലിനപ്പുറമുള്ള വിദ്വേഷം തീര്‍ക്കലിന്റെ ഉദാഹരണമായി തോന്നിയത്. കേരളഭരണത്തില്‍ ഇടപെടുന്ന അമേരിക്കയോടുള്ള വിരോധം തീര്‍ക്കാനാണ് തീറ്റ മത്സരത്തിന്റെ വാര്‍ത്ത മുന്‍പേജില്‍ കൊടുത്തതെന്ന് പ്രതികരണക്കാരന്‍ കണ്ടെത്തുന്നു. മാധ്യമസിന്‍ഡിക്കേറ്റിന്റെ ഇടപെടല്‍ എന്ന് പരിഹസിക്കുന്നു. ഉപ്പുമാവിന് സാള്‍ട്ട്മാംഗോ ട്രീ എന്ന് പണ്ടൊരു മോഹന്‍ലാല്‍ കഥാപാത്രം പറഞ്ഞതിനെ അനുസ്മരിക്കുന്നു. ഇതു കൊണ്ടൊന്നും അരിശം തീരാഞ്ഞ് ദേശാഭിമാനി പത്രം വായിലാക്കിയ നായയുടെ ചിത്രം കൂടി കൊടുക്കുന്നു. ഒരു തെറ്റിന്റെ പേരില്‍ ദേശാഭിമാനിയെ കടിച്ചു കുടയാനുള്ള ആവേശം സഹതാപമാണ് മനസ്സിലൂയര്‍ത്തുന്നത് എന്ന് പറയാതെ വയ്യ.
No comments:
Post a Comment