അക്ഷയതൃതീയ പോയി , ഇതാ വന്നൂ അഷ്ടപഞ്ചമി. ആദ്യത്തേത് സ്വര്‍ണം വാങ്ങാനുള്ള ശുഭദിനമായിരുന്നെങ്കില്‍ രണ്ടാമത്തേത് വീട് സ്വന്തമാക്കാനുള്ളതാണ്. സ്വര്‍ണം വില്‍ക്കാനുള്ള (അഥവാ വാങ്ങാനുള്ള )നല്ല ദിവസവൂമായി വന്നവരില്‍ ഏതാണ്ട് എല്ലാ ജ്വല്ലറിക്കാരുമുണ്ടായിരുന്നു. എന്നാല്‍ അഷ്ടപഞ്ചമിയുടെ മാഹാത്മ്യം അവകാശപ്പെട്ട് വന്നത് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് മാത്രമാണ്. സപ്തംബര്‍ ഏഴ് ,എട്ട് തിയ്യതികളിലെ പത്രങ്ങളിലാണ് ഇവരുടെ പരസ്യം വന്നത് . സപ്തംബര്‍ 11 ന് ഇന്ന് അഷ്ടപഞ്ചമി എന്ന് പ്രഖ്യാപിച്ച് ഫുള്‍പേജ് പരസ്യവും കൊടുത്തു. “തമ്പ്രാന്റെ മുണ്ടിന്റെ കൂടെ അടിയന്റെ കൌപീനവും” എന്ന മട്ടില്‍ ടോപ്പ് കണ്‍സ്ട്ക്ഷന്‍സ് എന്ന സ്ഥാപനവും “ഈ സുവര്‍ണാവസരം ഇന്നു മാത്രം” എന്ന് പരസ്യം ചെയ്തു. “വീടിനാവാമെങ്കില്‍ എന്തു കൊണ്ടുവീട്ടുപകരണങ്ങള്‍ക്കുമായിക്കൂടാ പഞ്ചമിയുടെ പുണ്യം” എന്ന മട്ടില്‍ ഗൃഹവും ഗൃഹോപകരണങ്ങളും സ്വന്തമാക്കുവാന്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല സൌഭാഗ്യദിനമെന്ന പ്രഖ്യാപനവുമായി നന്തിലത്തും രംഗത്തെത്തി.(സ്വാഭാവികമായും പരസ്യത്തിലെ ഗൃഹമെന്ന വാക്ക് തീരെ ചെറുതുതന്നെയായിരുന്നു)
പഞ്ചമിയുടെ പിറ്റേന്ന് ആപ്പിള്‍ എ ഡേ ക്കാര്‍ അഷ്ടപഞ്ചമി ഓഫര്‍ രണ്ടു ദിവസത്തേക്കു കൂടി നീട്ടിയിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണിതെന്നും പരസ്യം നല്‍കി. സംശയമിതേ ഉള്ളു - അഷ്ടപഞ്ചമിയുടെ പുണ്യം ഈ ദിവസങ്ങളില്‍ വീടു ബുക്കു ചെയ്യുന്നവര്‍ക്കു കൂടി കിട്ടുമോ ? ജനം ഓഫറിനു വേണ്ടിയല്ല പഞ്ചമി പുണ്യത്തിനു വേണ്ടിയായിരുന്നു ഇതിന് മിനക്കെട്ടത് എന്നത് മറക്കരുതായിരുന്നു. അതോ റബ്ബര്‍ പോലെ വലിച്ചാല്‍ നീളുന്നതാണ് ഈ അഷ്ടപഞ്ചമി മാഹാത്മ്യം എന്നാണോ അര്‍ഥം ? മറ്റൊരു കാര്യം കൂടി - സപ്തംബര്‍ 11 എന്ന തിയതിയുടെ കൂടെ കലണ്ടര്‍കള്ളിയില്‍ പഞ്ചമി എന്നല്ല സപ്തമി എന്നാണ് കാണുന്നത്. കലണ്ടറുകാര്‍ക്ക്ആണോ തെറ്റിയത് എന്നറിയില്ല.
No comments:
Post a Comment