പല കാര്യത്തിലും മറ്റു പത്രങ്ങളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന മാധ്യമം, ചരമവാര്‍ത്താതലക്കെട്ടിന്റെ കാര്യത്തിലും മാതൃക കാണിക്കുന്നുണ്ടോ എന്ന ഒരന്വേഷണത്തിന് ഈയിടെ ശ്രമിക്കുകയുണ്ടായി. രാജന്‍ പി ദേവ്ചരമവാര്‍ത്തക്കു നല്‍കിയ തലക്കെട്ടില്‍ “അന്തരിച്ചു” എന്നുമാത്രമേ മാധ്യമം കൊടുത്തുകണ്ടുള്ളു. മറ്റു പത്രങ്ങളെ പോലെ തലക്കെട്ടില്‍ വാക്കുകൊണ്ട് വില കുറഞ്ഞ ഇന്ദ്രജാലം കാണിക്കാത്ത ഈ മാധ്യമ മിതത്വത്തില്‍ ആഹ്ളാദം പൂണ്ട് മാധ്യമം ദിനപത്രത്തെ പറ്റി ഒരു നിരീക്ഷണം ഈ ബ്ളോഗില്‍ കൊടുക്കാം എന്നു കരുതിയിരുന്നു. പിന്നീട് നടന്‍ മുരളിയുടെ ചരമവാര്‍ത്തയ്ക്ക് “മുരളി അരങ്ങൊഴിഞ്ഞു” എന്നു തലക്കെട്ട് കൊടുത്തപ്പോഴും വലിയ കുറ്റം തോന്നിയില്ല. വെള്ളിത്തിരയിലെന്ന പോലെ അരങ്ങിലും കുറെക്കാലം വാണ ഒരു നടന്റെ അന്ത്യത്തെ കുറിക്കാന്‍ അരങ്ങൊഴിഞ്ഞു എന്ന് എഴുതുന്നത് അത്ര വലിയ പാതകമല്ലല്ലോ. മറ്റു പലരും “അമരനായി മുരളി”, “പുലിജന്മം ഓര്‍മ ” എന്നിങ്ങനെ മുരളിയുടെ ചലച്ചിത്രങ്ങളുടെ പേരിനെ കൂട്ടുപിടിച്ച് കസര്‍ത്തു കാണിച്ചപ്പോള്‍ മാധ്യമം ഇത്രയല്ലേ ചെയ്തുള്ളു എന്നും ആശ്വസിച്ചു. എന്നാല്‍ മാധ്യമവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്ന് ബോധ്യമായത് പിന്നീടാണ്. ഇതെഴുതുന്ന ആളുടെ ശ്രദ്ധയില്‍ പെടാത്ത കൂടുതല്‍ വിവരങ്ങള്‍ തന്നതാകട്ടെ മാധ്യമം ആഴ്ചപ്പതിപ്പിലെ മീഡിയാ സ്കാന്‍ എന്ന പംക്തിയുമാണ്. ലോഹിതദാസിന്റെ ചരമത്തിന് മാധ്യമം കൊടുത്ത തലക്കെട്ട് “ഇനി ഓര്‍മയുടെ അമരത്ത്” എന്നത്രെ. പംക്തീകാരന്‍ ഇത്തരം തലക്കെട്ടുകളില്‍ നല്ലൊരു ഗവേഷണം തന്നെയാണ് നടത്തിയിട്ടുള്ളത്. അക്കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നത് അനുചിതമാവില്ല:
കമല സുറയ്യ (ജൂണ്‍ 1) , ലോഹിതദാസ് (ജൂണ്‍ 29) , മൂര്‍ക്കോത്ത് രാമുണ്ണി (ജൂലായ് 10) , ഡി.കെ. പട്ടമ്മാള്‍ (ജൂലായ് 17), രാജന്‍ പി ദേവ് ( ജൂലൈ 30) , ശിഹാബ് തങ്ങള്‍ ( ആഗസ്റ് 2 ) ,
കൌമുദിട്ടീച്ചര്‍ (ആഗസ്റ് 5), മുരളി(ആഗസ്റ് 7) , കെ.പി.പ്രഭാകരന്‍ (ആഗസ്റ് 12) എന്നിവരുടെ ചരമവാര്‍ത്താതലക്കെട്ടുകളാണ് അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിന്റെ ആഗസ്റ് 24 -ന്റെ ലക്കത്തില്‍ വിശകലനം ചെയ്യുന്നത്.
കവയത്രി , തിരക്കഥാകൃത്ത് , ചലച്ചിത്രനടന്മാര്‍ തുടങ്ങിയവരുടെ ചരമവാര്‍ത്തയ്ക്ക് തലക്കെട്ടെഴുതുമ്പോള്‍ കാണുന്ന “സര്‍ഗാത്മകതയുടെ വിളയാട്ടങ്ങള്‍“ മന്ത്രിയുടെയും നയതന്ത്രജ്ഞന്റെയും മറ്റും കാര്യത്തിലില്ലാത്തതെന്തുകൊണ്ടെന്നാണ് ആഴ്ചപ്പതിപ്പില്‍ സ്ഥിരമായി മീഡിയാ സ്കാന്‍ പംക്തി ചെയ്യുന്ന ശ്രീ. യാസീന്‍ അശ്റഫ് ചോദിക്കുന്നത്. മലയാളത്തിന്റെ നയതന്ത്രം പൊലിഞ്ഞു (മൂര്‍ക്കോത്ത് രാമുണ്ണി) , കര്‍ണാടകനാദം മുറിഞ്ഞു (ഡി.കെ. പട്ടമ്മാള്‍), ഗാന്ധിജിയുടെ പ്രിയ കൌമുദി മറഞ്ഞു (കൌമുദിട്ടീച്ചര്‍), രാഷ്ട്രീയപ്രഭ മാഞ്ഞു (കെ.പി.പ്രഭാകരന്‍ ) എന്നൊന്നും പത്രക്കാരുടെ പേനത്തുമ്പില്‍ വരാത്തതെന്താണെന്നും അദ്ദേഹം ചോദിക്കുന്നു . രാഷ്ട്രീയനേതാവാണെങ്കിലും ശിഹാബ് തങ്ങളുടെ ചരമവാര്‍ത്തയ്ക്ക് പുതിയ തരം തലക്കെട്ടുകളുടെ അസുലഭസൌഭാഗ്യം കിട്ടിക്കാണുന്നുമുണ്ട്. (വിളക്കണഞ്ഞു , പൂനിലാവ് മാഞ്ഞു .... ) അലങ്കാരത്തലക്കെട്ടുകള്‍ ലഭിക്കുന്നത് ആരുടെയെല്ലാം ചരമവാര്‍ത്തകള്‍ക്കാണെന്ന കാര്യത്തിലും പംക്തീകാരന് വ്യക്തമായ നിഗമനമുണ്ട് - വായനക്കാരില്‍ വലിയൊരു വിഭാഗത്തെ വൈകാരികമായി സ്വാധീനിക്കാനിടയുള്ളവരുടെ ചരമത്തിനാണ് പത്രക്കാര്‍ അലങ്കാരപ്രയോഗത്തിന് തുനിയുന്നത്. കേവലം രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചതു കൊണ്ടാകാം ശിഹാബ് തങ്ങളുടെ ചരമവാര്‍ത്താതലക്കെട്ട് കെ പി പ്രഭാകരന്റേതില്‍ നിന്ന് വ്യത്യസ്തമായത്.
No comments:
Post a Comment